Section

malabari-logo-mobile

മണിപ്പൂരില്‍ വേണ്ടത് സുപ്രധാന രാഷ്ട്രീയ തീരുമാനമെന്ന് വിജയ്താ സിംഗ്

HIGHLIGHTS : Vijayta Singh says Manipur needs an important political decision

കലാപത്തിന്റെ നെരിപ്പോട് അടങ്ങാത്ത മണിപ്പൂരിലേതു സുരക്ഷാ പ്രശ്നമല്ലെന്നും രാഷ്ട്രീയ പ്രശ്നമാണെന്നും ‘ദി ഹിന്ദു’ ഡെപ്യൂട്ടി എഡിറ്റര്‍ വിജയ്താ സിംഗ്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ബീറ്റ് കവര്‍ ചെയ്യുന്ന വിജയ്ത മാധ്യമ സെമിനാറിനുശേഷം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

sameeksha-malabarinews

മണിപ്പൂരില്‍ കുക്കി-സോമി, മെയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നതയുടെ ആഴം ദിവസംതോറും കൂടുകയാണ്. പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെട്ടു. പ്രശ്നങ്ങള്‍ സ്വയമേവ കെട്ടടങ്ങും എന്ന് കേന്ദ്രം കരുതുന്നുവെങ്കില്‍ അത് തെറ്റാണ്. സുപ്രധാനമായ രാഷ്ട്രീയ ഇടപെടലാണ് ഇന്ന് മണിപ്പൂര്‍ തേടുന്നത്. മണിപ്പൂര്‍ ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനമാണെന്ന കാര്യം ഓര്‍ക്കണം,’ മാസങ്ങളായി മണിപ്പൂര്‍ വിഷയം സമഗ്രമായി കവര്‍ ചെയ്യുന്ന വിജയ്ത പറഞ്ഞു.

സംസ്ഥാന പോലീസ് മെയ്തി അനുകൂലമാണെന്ന് കുക്കി-സോമി വിഭാഗം കരുതുമ്പോള്‍ കേന്ദ്ര സുരക്ഷാ സേനകളും പട്ടാളവും കുക്കി-സോമി അനുകൂലമാണെന്നാണ് മെയ്തി വിഭാഗം കരുതുന്നത്. തങ്ങള്‍ക്ക് പ്രത്യേക ഭരണസംവിധാനം വേണമെന്ന് കുക്കികളായ ബി.ജെ.പി എം.എല്‍.എമാര്‍ തന്നെ ആവശ്യപ്പെടുന്നു. തങ്ങള്‍ സംസ്ഥാനത്ത് എല്ലാ രംഗങ്ങളിലും അവഗണിക്കപ്പെട്ടതായി അവര്‍ കരുതുന്നു, വിജയ്ത കൂട്ടിച്ചേര്‍ത്തു.

രണ്ടു കുക്കി-സോമി സ്ത്രീകള്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതിന്റെയും രണ്ടു മെയ്തി വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ പുറത്തുവിട്ടില്ലായിരുന്നുവെങ്കില്‍ ഈ വിഷയങ്ങള്‍ അറിയാതെ പോകുമായിരുന്നു. അതേസമയം ഇതേ സാമൂഹിക മാധ്യമങ്ങള്‍ അനാവശ്യ പ്രചാരണം നടത്തി ഭീതി വിതയ്ക്കുന്ന സ്ഥിതിയുമുണ്ട്.

കിഴക്കന്‍ ലഡാക്കിന്റെ ചൈന അതിര്‍ത്തിയില്‍ 1000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇന്ത്യയ്ക്ക് നഷ്ടമായതായി ഇത് സംബന്ധിച്ചു പല ബ്രേക്കിങ് വാര്‍ത്തകളും പുറത്തുവിട്ട വിജയ്താ സിംഗ് വ്യക്തമാക്കി. ‘2020 ഏപ്രില്‍ വരെ ഇന്ത്യന്‍ സേന പട്രോളിങ് നടത്തിയ പ്രദേശം ആണിത്. അതേ സമയം ചൈനയും ഈ മേഖലയില്‍ പട്രോളിങ് നടത്തുന്നില്ല. ഈ മേഖല ഒരു ബഫര്‍ സോണ്‍ ആക്കി മാറ്റിയിരിക്കുകയാണ്. കൃത്യമായ അതിര്‍ത്തികള്‍ ഇല്ലാത്ത, നാളിതുവരെ ഇന്ത്യ അവകാശം ഉന്നയിച്ചിരുന്ന മേഖലയില്‍ നമുക്ക് പട്രോളിങ് നടത്താന്‍ കഴിയുന്നില്ല എന്നുവെച്ചാല്‍ ആ ഭൂമി നഷ്ടപ്പെട്ടു എന്ന് തന്നെ ഞാന്‍ പറയും. ‘ദി ഹിന്ദു’ പുറത്തുവിട്ട ഈ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന പേപ്പറാണ് ഉന്നതതല പോലീസ് കോണ്‍ഫറന്‍സില്‍ ലഡാക് എസ്.പി അവതരിപ്പിച്ചത്,’ അവര്‍ ചൂണ്ടിക്കാട്ടി. വടക്കന്‍ ലഡാക്കിലും പല പട്രോളിങ് പോയിന്റുകളിലും പഴയ പോലെ പട്രോളിങ് നടത്താന്‍ കഴിയുന്നില്ല.

പൊതുവില്‍ ബോറ് എന്നു കരുതുന്ന സര്‍ക്കാര്‍ ഉത്തരവുകളും വിജ്ഞാപനവും മറ്റും മനസ്സിരുത്തി പഠിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയാറാകണമെന്ന് വിജയ്ത അഭ്യര്‍ത്ഥിച്ചു. പല സുപ്രധാന വിവരങ്ങളും ഒളിഞ്ഞിരിക്കുന്ന ഇടമാണ് നിസ്സാരമായി കാണുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍. ഇവ വിശദമായി പഠിക്കാന്‍ മെനക്കെടണം. ഇതിനായി മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കണം, അവര്‍ നിര്‍ദേശിച്ചു.

രാജ്യത്തിന്റെ സുരക്ഷ കൈകാര്യം ചെയ്യുന്ന സുപ്രധാനമായ ബീറ്റ് ഇന്ന് നിരവധി വനിതാ റിപ്പോര്‍ട്ടര്‍മാര്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ട്. ‘എന്തുകൊണ്ട്’ എന്ന ചോദ്യം മാധ്യമപ്രവര്‍ത്തകരും മാധ്യമ വിദ്യാര്‍ത്ഥികളും എല്ലായ്പോഴും ചോദിച്ചുകൊണ്ടേയിരിക്കണം.

ഡാറ്റ എന്നത് ഗൗരവത്തില്‍ പൊതുസമൂഹം കണ്ടുതുടങ്ങിട്ടില്ല. ‘എന്റെ ഫോണ്‍ പരിശോധിച്ചോളൂ, എനിയ്ക്ക് ഒളിക്കാന്‍ ഒന്നുമില്ല’ എന്ന നിലപാടിനുപകരം എന്തിനാണ് വേറെ ഒരാള്‍ക്ക് നമ്മുടെ ഡാറ്റയില്‍ താല്‍പ്പര്യം എന്ന് ചിന്തിക്കേണ്ടതുണ്ട്, ‘ രണ്ടു വര്‍ഷം മുന്‍പ് പെഗാസസ് എന്ന ചാര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയ മാധ്യമപ്രവര്‍ത്തകരുടെ പട്ടികയില്‍ പേരുണ്ടായിരുന്ന വിജയ്താ സിംഗ് പറഞ്ഞു.

2015 മുതല്‍ ദി ഹിന്ദുവില്‍ ജോലി ചെയ്യുന്ന വിജയ്ത മുന്‍പ് ഇന്ത്യന്‍ എക്സ്പ്രസിലും ഹിന്ദുസ്ഥാന്‍ ടൈംസിലും മാധ്യമപ്രവര്‍ത്തക ആയിരുന്നു

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!