വള്ളിക്കുന്ന്: അരിയല്ലൂര്‍ ബീച്ചില്‍ കഞ്ചാവ് വില്‍പനക്കിടെ രക്ഷപ്പെടുന്നതിനായി കടലില്‍ ചാടിയ യുവാവിനെ മുക്കാല്‍ മണിക്കൂര്‍ നീണ്ട സാഹസിക നീക്കത്തിനൊടുവില്‍ എക്സൈസുകാര്‍ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. അരിയല്ലൂര്‍ ബീച്ചില്‍ വൈശ്യന്റെ പുരയ്ക്കല്‍ നൗഷാദ് ആണ് പിടിയിലായത്.
എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗം് നല്‍കിയ വിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 9 മണിയോടെ പരപ്പനങ്ങാടി എക്‌സൈസ് പ്രതിയുടെ വീടിന്റെ പരിസരത്തെത്തി നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനിടെ വീടിന് സമീപത്തെ കടല്‍തീരത്ത് വെച്ച് നൗഷാദ് കഞ്ചാവ് കൈമാറുന്നതിനിടെ പിടിയിലാകുകയായിരുന്നു . എക്‌സൈസുകാര്‍ കഞ്ചാവ് പരിശോധിക്കുന്നതിനിടെ നൗഷാദ് കടല്‍ഭിത്തി ചാടിക്കടന്ന് കടലിലേക്ക് ചാടി നീന്തുകയായിരുന്നു. പിറകെ എക്‌സൈസുകാരും കടലിലേക്കിറങ്ങിയെങ്ങിലും വലിയ തിരമാലകള്‍ ഉള്ളതിനാല്‍ ഇയാളെ പിടികൂടാനായില്ല. തുടര്‍ന്ന ഇയാള്‍ ചെട്ടിപ്പടി ഭാഗത്തേക്ക് നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന എക്‌സൈസുകാര്‍ പുതിയ പാലത്തിന് സമീപം വെച്ച് നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.
പ്രതിക്കും, പ്രിവന്റീവ് ഓഫീസര്‍ ബിജു, സിവില്‍ എക്സൈസ് ഓഫീസര്‍ നിതിന്‍ ചോമാരി എന്നിവര്‍ക്കും കടല്‍ഭിത്തിക്കിടയില്‍ വീണും തിരയില്‍ പെട്ടും പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവരെ രാത്രി തന്നെ തിരുരങ്ങാടി താലുക്ക് ആശുപത്രിയില്‍ ചികിത്സക്ക് വിധേയരാക്കി. പ്രതിയില്‍ നിന്നും 110 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.




