Section

malabari-logo-mobile

ഇമ്മിണി ബലിയ വാലന്റൈയിന്‍സ് ഡേ.!

HIGHLIGHTS : ഒപ്പം നില്‍ക്കുന്ന ഷാഹിനത്തായുടെ ബാപ്പയാണ് പ്രേമത്തെക്കുറിച്ചെഴുതിയതിന്റെ പേരില്‍ കേരളത്തിലാദ്യം ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായത്. മാത്രമല്ല 1942 ...

വി.കെ ജോബിഷ് , ഷാഹിന ബഷീര്‍

ഒപ്പം നില്‍ക്കുന്ന ഷാഹിനത്തായുടെ ബാപ്പയാണ് പ്രേമത്തെക്കുറിച്ചെഴുതിയതിന്റെ പേരില്‍ കേരളത്തിലാദ്യം ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായത്. മാത്രമല്ല 1942 ലെഴുതിയ ആ ‘ലേഖനം’ ആറു വര്‍ഷത്തേക്ക് നിരോധിക്കുകയും ചെയ്തു.!
ങ്ങേ… സത്യമോ… എങ്കില്‍ ആരത്.?

രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെത്തപ്പെട്ട ഷാഹിനത്തായുടെ ബാപ്പ വേദഗ്രന്ഥങ്ങളും മതഗ്രന്ഥങ്ങളുമൊക്കെ ആവര്‍ത്തിച്ചു മടുത്ത തടവുകാര്‍ക്ക് കഥകള്‍ പറഞ്ഞു കൊടുത്തു. അതില്‍ ഒരു പ്രണയകഥയുമുണ്ടായിരുന്നു. പിന്നീടദ്ദേഹം ജയിലില്‍ നിന്നു പുറത്തുവന്നത് ആ കഥയുടെ കയ്യെഴുത്തു പ്രതിയുമായിട്ടായിരുന്നു. ആ കയ്യെഴുത്തുപ്രതി ‘പ്രതി’യാക്കിയതിന്റെ ചരിത്രം കൂടിയാണ് ആ ബാപ്പയുടെ ജീവിതകഥ. അതെ; സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീറാണത്. മലയാളത്തിന്റെ കഥന കൗതുകം.!
ഓര്‍മ്മയില്ലേ… ബഷീറെഴുതിയ, അല്ല കേശവന്‍ നായരെഴുതിയ ആ പ്രേമലേഖനം. ഇങ്ങനെയാണ് തുടങ്ങുന്നത്

sameeksha-malabarinews

‘പ്രിയപ്പെട്ട സാറാമ്മേ,
ജീവിതം യൗവ്വനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു.?

ഞാനാണെങ്കില്‍ എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രണയത്തില്‍ കഴിയുകയാണ്. സാറാമ്മയോ ?

ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് സാറാമ്മയുടെ കേശവന്‍ നായര്‍ ‘

എന്നാല്‍ സാറാമ്മയ്ക്കു സമര്‍പ്പിച്ച ഈ പ്രേമലേഖനം അന്നത്തെ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍.സി.പി സദാചാര സംരക്ഷണത്തിന്റെ പേരില്‍ നിരോധിച്ചുകളഞ്ഞു. മതസ്പര്‍ദ്ധയുണ്ടാക്കുന്നത്രെ.!
നായര്‍ സമുദായത്തെ അപമാനിച്ചത്രെ.! ക്രിസ്ത്യാനിപ്പെണ്ണും നായര്‍ യുവാവും പ്രേമിക്കുകയോ.?
ഭൂമിമലയാളത്തില്‍ അതുവരെ കേട്ടുകേള്‍വിയില്ലാത്തത്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതല്ല കേട്ടോ. ഭാവനയില്‍.!
ഭാവനയില്‍ മാത്രം.
ഭാവന ഇത്രമേല്‍ മാരകവും ഭീഷണവുമാണോ എന്നോര്‍ത്ത് ചിലരെങ്കിലും ഇപ്പോള്‍ ഞെട്ടിത്തരിച്ചേക്കാം. പക്ഷെ പ്രണയദിനത്തിന്റെ സമീപകാല ആക്രമണങ്ങളെ നേരിട്ടവര്‍ക്ക് ഇതൊരത്ഭുതമല്ല. കാരണം സര്‍ സി.പി എന്ന കാവല്‍ ഭൂതം ചരിത്രത്തില്‍ എല്ലാക്കാലത്തും നിലനില്‍ക്കുന്നെന്ന് മറ്റൊരു ചരിത്രം.! സംശയമുള്ളവര്‍ രണ്ടു വര്‍ഷം മുമ്പുള്ള മറൈന്‍ ഡ്രൈവ് ചിത്രവും സംഘപരിവാര്‍ നേതാക്കന്‍മാരുടെ ആക്രമണാഹ്വാനവും ഓര്‍ത്താല്‍ മതി.

പുതിയ പൗരത്വബില്‍ ഭാവിയിലെ ഈ ദിവസത്തെ എങ്ങനെയാവും ആവിഷ്‌കരിക്കുക. അറിയില്ല. എന്തായാലും പുതിയ പൗരത്വത്തെ എതിരിടാന്‍ നാം ബഷീറിലേക്കു കൂടി മടങ്ങേണ്ടതുണ്ട്. കാരണം എല്ലാ മതങ്ങളെയും ഒന്നായിക്കണ്ട ഒരാളായിരുന്നല്ലോ ബഷീര്‍. ബഷീറിന്റെ പ്രപഞ്ച ദര്‍ശനം തന്നെ ‘ഇമ്മിണി ബല്യ ഒന്ന് ‘ എന്നാണല്ലോ. രണ്ടാക്കിത്തീര്‍ക്കുന്ന എല്ലാറ്റിനും ബഷീര്‍ എതിരായിരുന്നു.അതുകൊണ്ടാണ് കവി വിഷ്ണുനാരായണന്‍ നമ്പൂതിരി ബഷീറിനെക്കുറിച്ച് ഇങ്ങനെ എഴുതിയത്.

‘ഒന്നൊടൊന്നു ചേരുമ്പോള്‍
രണ്ടാകുമെന്നേ ഞായം,
ഹിന്ദുവും മുസല്‍മാനും ആചരിപ്പതീ ദ്വൈതം./
ഉണ്‍മയുണ്മയില്‍ ചേര്‍ന്നാല്‍
ഇമ്മിണി വലുതായി
ട്ടൊന്നുളവാകും; താങ്ക-
ളോരുമീയദ്വൈതത്താല്‍’
ബഷീര്‍ ഒരു അദ്വൈതവാദിയായിരുന്നു എന്ന് കവി ഒന്നുകൂടി വിടര്‍ത്തി. ഭൂമിയിലെ എല്ലാറ്റിലും സ്‌നേഹപ്പൊരുള്‍ തേടിയ എഴുത്തിലെ സുല്‍ത്താനെപ്പിന്നെ മറ്റെന്തു വിളിക്കണം.!
ബഷീര്‍ തന്നെ ഒരിക്കല്‍ ഇങ്ങനെ എഴുതിയിരുന്നു.
‘ദൈവം തമ്പുരാന്റെ ഭൂഗോളത്തിലെ പ്രതിനിധികളാകുന്നു സ്ത്രീകളും പുരുഷന്‍മാരും അടങ്ങിയ മാനുഷകുലം. സാഹോദര്യം, സ്‌നേഹം, ഔദാര്യം, അനുകമ്പ,സഹാനുഭൂതി, അലിവ്, കാരുണ്യം എന്നിവകളുടെ സൗരഭ്യം ഈ ഭൂഗോളം നിറഞ്ഞു കവിഞ്ഞ് പ്രപഞ്ചങ്ങളിലെങ്ങും വ്യാപിക്കട്ടെ.’
ഈ ലോകബോധമുണ്ടാക്കാനാണ് ബഷീര്‍ എഴുതിയത്. മനുഷ്യനെ നിര്‍മ്മിക്കാനുള്ള സ്തുതിഗീതമായിരുന്നു ബഷീര്‍ സാഹിത്യം മുഴുവനും.

പക്ഷെ നിങ്ങള്‍ എത്ര സ്‌നേഹത്തോടെ പെരുമാറിയാലും രോഷത്തോടെ പൊട്ടിത്തെറിക്കുന്ന ഒരു ഭരണകൂടം, അതിനെ നിലനിര്‍ത്തുന്ന സദാചാര പോലീസുകാര്‍ നമുക്കിടയിലിപ്പോഴുമുണ്ട്. അവര്‍ രാജ്യം മുഴുവനുമുണ്ട്.അതുകൊണ്ടാണ് വാലന്റയിന്‍സ് ദിനത്തിന് സമാന്തരമായി രാജ്യത്ത് കരിദിനവും ആചരിക്കുന്നത്.
എല്ലാ തിന്‍മയും നന്മയായി രൂപാന്തരപ്പെടുന്ന ഒരു മാന്ത്രികതയുണ്ട് ഏത് പ്രണയത്തിലും. എല്ലാത്തരം തടവുകളുടെയും ചങ്ങലകള്‍ തകര്‍ക്കാന്‍ പ്രണയത്തിനാവും. അതുകൊണ്ടാവും എല്ലാക്കാലത്തും പ്രണയം ആരുടെയെങ്കിലുമൊക്കെ നിരീക്ഷണത്തിലായിരിക്കുന്നത്.
അങ്ങനെ നോക്കിയാല്‍ പ്രേമലേഖനത്തിന്റെ നിരോധനം ഇപ്പോഴും തുടരുന്നുണ്ട്.!

‘പ്രേമലേഖന’ത്തെക്കുറിച്ച് ഒരൊറ്റക്കാര്യം കൂടി. രണ്ട് മതത്തില്‍പ്പെട്ട കേശവന്‍ നായരും സാറാമ്മയും കൂടി പ്രണയിച്ച് വിലക്കുകളെല്ലാം ലംഘിച്ച് ഒടുവില്‍ മറ്റൊരിടത്തേക്ക് തീവണ്ടിയില്‍ കയറിപ്പോകുകയാണല്ലോ. അവര്‍ തൊട്ടു തൊട്ടിരിക്കുമ്പോള്‍ ആഹ്ലാദകരമായ ഒരുഗ്രന്‍ ചൂളം വിളിയോടെ വണ്ടി പായുന്നു.ശേഷം,
‘വണ്ടി സ്റ്റേഷനില്‍ നിന്നു കേശവന്‍ നായര്‍ ചായയ്ക്ക് ആര്‍ഡര്‍ ചെയ്തു. രണ്ടു പേര്‍ക്കും കാപ്പി മതിയെന്ന് സാറാമ്മ പറഞ്ഞു. രണ്ടുപേര്‍ക്കും ചായ മതിയെന്ന് കേശവന്‍ നായര്‍ പറഞ്ഞു. രണ്ടു പേര്‍ക്കും ദേഷ്യം വന്നു. ഒടുവില്‍ കേശവന്‍ നായര്‍ ഒരു ചായയും സാറാമ്മ ഒരു കാപ്പിയും കുടിച്ചു ‘

വായനക്കാര്‍ ശ്രദ്ധിച്ചോ. ഇതിനുശേഷം ബഷീര്‍ ഒരു വാക്യമെഴുതിയിട്ടുണ്ട്.
പ്രേമലേഖനത്തിന്റെ പൊരുള്‍ അതുകൂടിയാണ്. ആ വാക്യമിങ്ങനെയാണ്
‘സൂര്യനും വളരെ ഭംഗിയായി സന്തോഷത്തോടെ ഉദിച്ചു’ എന്ന്. നോക്കൂ ആണിനും പെണ്ണിനും അവരുടെ ഇഷ്ടങ്ങള്‍ക്ക് ,ആഗ്രഹങ്ങള്‍ക്ക് തുല്യനില കൈവരുമ്പോള്‍ ഒരു വലിയ വെളിച്ചത്തിന്റെ സാന്നിധ്യത്തോടു ചേര്‍ത്തു നിര്‍ത്തുകയാണ് ബഷീര്‍. ലിംഗസമത്വത്തെക്കുറിച്ചുള്ള വെളിച്ചം നിങ്ങളുടെ ഉള്ളിലുദിക്കുമ്പോള്‍ ഈ ലോകം മുഴുവന്‍ വെളിച്ചം പരക്കുന്നു എന്ന്. രണ്ടായിരത്തി ഇരുപതിലും നമ്മുടെ നാട്ടിലെ ഭൂരിപക്ഷം പേരിലും അകത്തു കടക്കാത്ത വെളിച്ചത്തെക്കുറിച്ചുതന്നെ. വെളിച്ചത്തിന് എന്തൊരു വെളിച്ചമെന്ന് ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നിലും.!
ഈ ദിനം പ്രണയദിനമാണ്.
ഭൂമിയില്‍ മൊട്ടിട്ട എല്ലാ പ്രണയവും, പെണ്ണ് അവളുടെ ജീവിതം ആണിനു വേണ്ടി മാത്രം, അവന്റെ ഇഷ്ടങ്ങള്‍ക്കു വേണ്ടി മാത്രം ഒഴിഞ്ഞു കൊടുക്കുന്ന ഇടമാക്കി മാറ്റാതിരിക്കട്ടെ എന്നാശംസിക്കുന്നു.
ഇനി അവനുവേണ്ടി മാത്രമായി ജീവിതം മാറുന്നു എന്നു തോന്നുന്നെങ്കില്‍ രണ്ടുപേരുംകൂടി, ബഷീര്‍ കഴിഞ്ഞ നൂറ്റാണ്ടിലെഴുതിയ ആ പ്രേമലേഖനം എടുത്തു വായിക്കൂ. തീര്‍ച്ചയായും വായിച്ചു / ജീവിച്ചു തുടങ്ങിയ സ്ഥലത്തു നിന്ന് അത് നിങ്ങളെ ഏറെദൂരം മുന്നോട്ടു നടത്തും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!