മൊയ്തുക്കയുടെ ദുഃഖങ്ങള്‍ മരങ്ങളായ് തളിര്‍ത്തതെപ്പോള്‍

ഹംസ കടവത്ത്
പരപ്പനങ്ങാടി: മരത്തെ സ്‌നേഹിച്ചു ജീവിച്ച മൊയ്തുക്ക യാത്രയായി.
ജീവിതോപാധിയായി മരം വെട്ട് തൊഴിലാക്കിയ കടേങ്ങല്‍ മൊയ്തു മുറിച്ചു മാറ്റിയ മരത്തേക്കാളേറെ കിളിര്‍ത്ത് വളര്‍ത്തിയ മരങ്ങളാണ് നാട്ടിലുള്ളത്. നാലു പതിറ്റാണ്ടുകാലമായി കുടുംബത്തിന്റെ ജീവിതോപാധിയായി തെരഞ്ഞെടുത്ത തൊഴിലാണ് മരം മുറി. എന്നാല്‍ ഒരു മരം മുറിച്ചു മാറ്റിയാല്‍ അതെ സ്ഥലത്ത് അതെ ഇനത്തില്‍പ്പെട്ട ഒന്നിലേറെ ചെടികള്‍ കുഴിച്ചിട്ടാലെ മൊയ്തുവിന്റെ പണി പൂര്‍ത്തിയാകൂ, ഇങ്ങിനെ ആയിരകണക്കിന് മൊയ്തു നട്ട മരങ്ങള്‍ ഇപ്പോള്‍ നാടിന് തണലേകുന്നുണ്ട്.

മരം വീണ് അപകടങ്ങള്‍ സംഭവിക്കുന്നിടത്ത് ഏത് പാതിരാവിലും ഓടി എത്തുന്ന ഈ കായികാധ്വാനി താന്‍ മുറിച്ചുമാറ്റിയ മരത്തിന്റെ കണക്കെടുത്ത് പിറ്റെ ദിവസമെത്തി ഇതെ സ്ഥലങ്ങളില്‍ ചെടി നട്ടു ദൗത്യം പൂര്‍ത്തിയാക്കും. മരംമുറിക്കുന്നതിനിടെ ഒരിക്കല്‍ അനുജന്‍ മുഹമദലി അപകടത്തില്‍പ്പെട്ട് മരത്തിന്റെ മുകളില്‍ നിന്നും താഴെക്ക് ആയുധവുമായി പതിച്ച വേളയില്‍ ഒരേ സമയം ആയുധം തട്ടിമാറ്റിയും സഹോദരനെ കൈകുമ്പിളില്‍ താങ്ങിയെടുത്തും സാഹസിക രക്ഷാദൗത്യം ചെയ്തതും നാടു മറക്കാതെ ഓര്‍ക്കുന്നുണ്ട്.

ഓരോ മരം വെട്ടുകാരനും മുറിക്കുന്ന മരത്തിന് പകരം മറ്റൊരു മരം നട്ടുപിടിപ്പിക്കണമെന്നതായിരുന്നു മൊയ്തുവുവിന്റെ ആഗ്രഹം.

Share news
 • 91
 •  
 •  
 •  
 •  
 •  
 • 91
 •  
 •  
 •  
 •  
 •