ഉയരെ…ഒരു മറുവായന

ആസിഫ് അലിയുടെ നായക കഥാപാത്രം വന്നു പോവുമ്പോഴൊക്കെ

സിമി

കുട്ടന്‍ ചെവിയില്‍ ചോദിച്ചു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. ‘ഇവനെന്താ അമ്മേ ഇങ്ങനെ?’

15 വയസ്സിനുളളില്‍ അവന്‍ കണ്ടറിഞ്ഞ നായകകഥാപാത്രങ്ങളെല്ലാം നന്മ മരങ്ങളായിരുന്നല്ലോ….

ഇങ്ങനെയുമുണ്ട് മോനേ പ്രേമം.. സ്വന്തമാക്കാന്‍ മാത്രം…. വിട്ടു കൊടുക്കലിന്റെ സുഖം അറിയാത്ത, എതിര്‍പ്പുകള്‍ അംഗീകരിക്കാന്‍ കഴിയാത്ത, സ്വന്തം നെഞ്ചത്ത് മുഖമമര്‍ത്തി കരയാന്‍ മാത്രമേ അവള്‍ കണ്ണുനീര്‍ പൊഴിക്കാവൂ, തനിക്കു വേണ്ടി മാത്രമേ അവള്‍ ചിരിക്കാവൂ എന്ന് വാശിപിടിക്കുന്ന, ഭയപ്പെടുത്തുന്ന പ്രേമം…

ആനുകാലിക ശ്രദ്ധ പിടിച്ചു പറ്റേണ്ടുന്ന, കരുത്തുറ്റ ആശയങ്ങളുമായി നമുക്കു മുന്നില്‍ പല തവണ വന്ന ബോബി സജ്ഞയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ മനു അശോകന്‍ എന്ന പുതുമുഖ സംവിധായകന്‍ അണിയിച്ചൊരുക്കിയ ഉയരെ മാറിക്കൊണ്ടിരിക്കുന്ന സിനിമാ സങ്കല്പങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടു തന്നെയാണ്. പ്രത്യേകിച്ചും ഓരോരുത്തരുടെയും ചിന്തകള്‍ തന്നിലേക്ക് മാത്രം ഉള്‍വലിഞ്ഞു കൊണ്ടിരിക്കുന്ന ഈ ചത്തകാലഘട്ടത്തില്‍. പെണ്ണായി പിറന്നവള്‍ക്കും ചിന്തകളും മോഹങ്ങളുമുണ്ടെന്ന്, അംഗീകരിയ്ക്കാന്‍ വിസമ്മതിക്കുന്ന ആണ്‍മേല്‍ക്കോയ്മകള്‍ക്കു മേല്‍ സംവിധായകന്‍ പല്ലവി രവീന്ദ്രന്മാര്‍ക്ക്
ചിറകുകള്‍ നല്‍കുകയാണ് …..ഉയരെ ഉയരെ പറന്നുയരാന്‍….

സ്ത്രീ സൗന്ദര്യ സങ്കല്പത്തെ ബാഹ്യസൗന്ദര്യത്തില്‍ തളച്ചിടാതെ , ഈ 2019 ലെങ്കിലും സൗന്ദര്യ സങ്കല്പങ്ങള്‍ക്കു മാറ്റം വരേണ്ടതുണ്ടെന്ന് ‘ഉയരെ ‘ പറഞ്ഞു വെക്കുന്നു.

ടോയ്‌ലറ്റിനു മുന്നില്‍ BLA എന്ന് എഴുതി വെച്ചതിലെ ലോജിക്ക് ചോദിക്കുന്ന വിശാലിന് പല്ലവി നല്‍കുന്ന മറുപടിയിലുണ്ട് പൊതുസമൂഹത്തിന്റെ സ്ത്രീസങ്കല്പം. തിയ്യറ്ററില്‍ ചിരി പടര്‍ത്തിയ ഈ രംഗത്തിലും ആഴത്തില്‍ പറയാതെ പലതും പറഞ്ഞു പോവുന്നുണ്ട്. നിര്‍ത്താതെ BLA BLA BLA BLA BLA എന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന ഈ വിഭാഗത്തെയാണ് പലപ്പോഴും BLA എന്ന ഒറ്റ വാക്കില്‍ പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു വര്‍ഗ്ഗമാക്കി പുരുഷമേധാവിത്വം നിശബ്ദമാക്കുന്നത്.

കുറിക്കു കൊള്ളുന്ന ഡയലോഗുകള്‍ കൊണ്ട് കാണികളെ ആവേശം കൊള്ളിക്കാനുളള അവസരങ്ങളിലെല്ലാം സംവിധായകന്‍ മൗനം പാലിക്കുകയാണ്. തന്റെ ദയാവായ്പില്‍ അവള്‍ക്കായി ജീവിതം വെച്ചു നീട്ടുന്ന നായകനോട് ഒരു തലയാട്ടലില്‍ തന്റെ പ്രതിഷേധം അറിയിക്കുന്ന പല്ലവി….
നായകന്റെ അച്ഛന്‍ മകനെ വെറുതെ വിടാനായി കരഞ്ഞപേക്ഷിക്കുമ്പോള്‍ ഒരക്ഷരം ഉരിയാടാതെ ആ മനുഷ്യനു മുമ്പില്‍ പാതിവെന്ത തന്റെ മുഖവുമായി ചെന്നിരിക്കുന്ന പല്ലവി… ഇതെല്ലാം മേല്‍ പറഞ്ഞ മൗനം പ്രേക്ഷകനുമായി സംവദിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ്…

ഉയരെയുടെ ‘താഴ്ചകള്‍’

ഒരു പെണ്‍കരുത്തിന്റെ, നിശ്ചയദാര്‍ഢ്യത്തിന്റെ കഥ പ്രമേയത്തിന്റെ കരുത്ത് ചോര്‍ന്നു പോവാതെ അവതരിപ്പിക്കാമായിരുന്നിട്ടും ഇടവേളയ്ക്കു ശേഷം തിരക്കഥയുടെ കരുത്തു ചോര്‍ന്നു പോവുന്നതായി തോന്നി.
വിശാലന്മാരുടെ ദയാവായ്പില്‍ മാത്രം ഉയര്‍ത്തെഴുന്നേല്‍ക്കപ്പെടേണ്ടവരാണോ പല്ലവിമാര്‍?

ആസിഡു വീണു മുഖം പൊളളിയ ഒരു പെണ്‍കുട്ടി സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളെ ഉപരിപ്ലവമായി പറഞ്ഞു പോകുകയാണ് സംവിധായകന്‍. പ്ലെയിനില്‍ വെച്ച് മറയ്ക്കാത്ത ആ മുഖം കാണുമ്പോള്‍ ഒരു കുഞ്ഞ് പേടിച്ചു കരയുന്നതൊഴിച്ചാല്‍ ബാക്കി എല്ലാവരും അവളെ ചേര്‍ത്തു പിടിക്കുകയാണ്. ഇങ്ങനെയല്ലാതെ ആസിഡാക്രമണത്തിന്റെ അതിഭീകരത അനുഭവിക്കുന്നവര്‍ ഒത്തിരി പേരുണ്ടെന്ന് നമ്മളില്‍ പലര്‍ക്കും വായിച്ചും നേരനുഭവവും ഉണ്ടാവും. അത്തരം യാഥാര്‍ത്ഥ്യങ്ങളിലേക്കൊന്നും ക്യാമറക്കണ്ണുകള്‍ ആഴ്ന്നിറങ്ങിയിട്ടില്ലെന്ന് പറയാതെ വയ്യ. ഫ്‌ലൈറ്റില്‍ വെച്ച് ഞാന്‍ നിങ്ങളെ ഒന്ന് ഹഗ്ഗ് ചെയ്‌തോട്ടെ എന്ന് പല്ലവിയോട് ഒരാള്‍ ചോദിക്കുന്നതുപോലുള്ള സന്ദര്‍ഭങ്ങളൊക്കെ ചിലപ്പോള്‍ സിനിമയിലെ പല്ലവിമാര്‍ക്ക് മാത്രം ലഭിക്കുന്ന സൗഭാഗ്യങ്ങളായിരിക്കും…

യഥാര്‍ത്ഥത്തില്‍ പല്ലവിക്കു സാധ്യമായതു പോലെ സുഖകരമാണോ ആസിഡാക്രമണത്തില്‍ സ്വത്വം നഷ്ടപ്പെട്ട ഒരു സാധാരണ പെണ്‍കുട്ടിയുടെ തുടര്‍ജീവിതം. അതി സുന്ദരിയായ ഒരു നടിയെ വെച്ച് സിനിമാ സങ്കല്പങ്ങള്‍ക്ക് അനുയോജ്യമാവും വിധമാണ് പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രത്തെ തിരക്കഥാകൃത്തും സംവിധായകനും മേയ്ക്കപ്പ്മാനും സൃഷ്ടിച്ചെടുത്തിരിക്കുന്നത്.
കുട്ടിക്കാലത്ത് എന്റെ നാട്ടില്‍ കണ്ട പര്‍ദ്ദയ്ക്കുളളിലെ ഒരു മുഖമാണ് പല്ലവിയെ കണ്ടതിനു ശേഷം എന്റെ ഓര്‍മ്മകളില്‍. താടിയെല്ലുകളൊക്കെ സ്ഥാനം തെറ്റി പല്ലുകള്‍ പുറത്തേക്ക് കണ്ട് ഒരു ഭാഗത്തു നിന്ന് മാംസമാകെ വെന്തുരുകി ഒലിച്ച് , കാണാന്‍ അതിഭീകരമായ ഒരു രൂപം പര്‍ദ്ദക്കുളളില്‍ നടന്നു നീങ്ങുന്നത് ഭയത്തോടു കൂടി മാത്രം നോക്കി നിന്നിരുന്നു. അവരെ കാണുമ്പോള്‍ ആ കാലങ്ങളില്‍ സ്ത്രീകളും കുട്ടികളും വലിയ വായില്‍ ഭയന്ന് വിറച്ച് കരയുമായിരുന്നുവെന്നും അവര്‍ തന്റെ മുഖത്തിന്റെ ഭീകരത മുതലെടുത്ത് ഭയപ്പെടുത്തി ഭിക്ഷ എടുത്തിരുന്നു എന്നും മറ്റും പറഞ്ഞു കേട്ടിരുന്നു.

താന്‍ സ്‌നേഹിക്കുന്നവനെ പേടിച്ച് പേടിച്ച് ജീവിക്കേണ്ടി വരുന്ന പല്ലവിയോടാണ് ആസിഡു വീണു പൊളളിയ പല്ലവിയേക്കാള്‍ എനിക്കു സഹതാപം തോന്നിയത്. സ്‌നേഹത്തിന് ഭയം എന്ന പുതിയ നിര്‍വചനം കൂടി കണ്ടെത്തേണ്ടിയിരിക്കുന്നു. ഇത്രത്തോളം അവളെ വീര്‍പ്പു മുട്ടിക്കുന്ന (എന്ത് ക്വാളിറ്റിയാണ് നീ അയാളില്‍ കണ്ടെതെന്ന് അച്ഛന്‍ പോലും ചോദിക്കുന്ന) ഒരാളെ എല്ലാ കുറവുകളോടും കൂടി സഹിക്കുന്നതിന് അവള്‍ പറഞ്ഞ കാരണം വളരെ ബാലിശമായിപ്പോയി.

പാര്‍വതി തെരുവോത്ത് എന്ന നടിയുടെ വളര്‍ച്ച ശരിക്കു പറഞ്ഞാല്‍ ഏതൊരാള്‍ക്കും അനുകരണീയമാണ്. ചെറുതെങ്കിലും കാമ്പുളള ഒരു വേഷത്തിലൂടെ സിനിമാ ലോകത്തേക്ക് പിച്ചവെച്ച്, കൈയില്‍ കിട്ടുന്ന അവസരങ്ങളിലെല്ലാം തല വെച്ചു കൊടുക്കാതെ, ബുദ്ധിപൂര്‍വ്വം സൂക്ഷ്മമായി കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത്, തിരഞ്ഞെടുത്തവയെ തന്നിലേക്ക് ആവാഹിച്ച് അവള്‍ ‘ഉയര’ ങ്ങള്‍ താണ്ടിക്കൊണ്ടേ ഇരിക്കുകയാണ്….

Related Articles