Section

malabari-logo-mobile

ആലുവയില്‍ കുപ്രസിദ്ധ ഗുണ്ടയുടെ വീട്ടില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും പണവും പിടികൂടി

HIGHLIGHTS : Guns, ammunition and cash seized from notorious gangster's house in Aluva

ആലുവ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെയും വിവിധ ജില്ലാ പോലീസ് സേനകളുടെയും സംയുക്ത റെയ്ഡ്. പോലീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുപ്രസിദ്ധ ഗുണ്ടയായ അനസ് പെരുമ്പാവൂരിന്റെെ കൂട്ടാളികളുടെയും ബന്ധുക്കളുടെയും വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ വിവിധ ജില്ലാ പോലീസ് സേനകളും ഭീകരവിരുദ്ധ സേനയും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ ആലുവ മാഞ്ഞാലി മാവിന്‍ ചുവട് ഭാഗത്ത് വലിയവീട്ടില്‍ താടി റിയാസ് എന്ന് വിളിക്കുന്ന റിയാസിന്റെ വീട്ടില്‍ നിന്നും രണ്ട് റിവോള്‍വറുകളും രണ്ട് പിസ്റ്റലുകളും പിടികൂടി. വീട്ടില്‍ നടന്ന സെര്‍ച്ചില്‍ ഈ തോക്കുകളില്‍ നിറയ്ക്കാവുന്ന 25 തിരകളും രണ്ട് മൂര്‍ച്ചയേറിയ കത്തികളും എട്ടു ലക്ഷത്തി എണ്‍പത്തി മൂവായിരത്തി അഞ്ഞൂറ് രൂപയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊലപാതക കേസ് ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണ് റിയാസ്.

അനസ് പെരുമ്പാവൂരിന്റെ കൂട്ടാളിയും കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസിലെ പ്രതിയുമായ എളമക്കര താന്നിക്കല്‍ സ്വദേശി നെല്ലിക്കാപള്ളി വീട്ടില്‍ അല്‍ത്താഫിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ റിവോള്‍വര്‍ സൂക്ഷിക്കുന്നതിനുള്ള കൈവിലങ്ങുകളും എയര്‍ പിസ്റ്റലില്‍ ഉപയോഗിക്കാവുന്ന ഒരു ബോക്‌സ് പെല്ലറ്റുകളും കണ്ടെത്തി.

sameeksha-malabarinews

പെരുമ്പാവൂര്‍ അനസുമായി ബന്ധമുള്ള ഒരാള്‍ താമസിച്ചിരുന്ന തമിഴ്‌നാട്ടിലെ ആനമലയിലുള്ള വീട്ടിലും ഇപ്പോള്‍ താമസിക്കുന്ന ഗുരുവായൂരിലെ ഫ്‌ലാറ്റിലും പോലീസ് നടത്തിയ റെയ്ഡില്‍ ആനമലയിലെ വീട്ടില്‍ നിന്നും ഒരു വടിവാള്‍ തമിഴ്‌നാട് പോലീസ് കണ്ടെടുത്തു. അനസിന്റെ മറ്റൊരു കൂട്ടാളിയായ മഞ്ചേരിയില്‍ ഉള്ള നിസാറിന്റെ കൈവശം അനധികൃതമായി തോക്കുകള്‍ രാജാക്കാടുള്ള നിസാറിന്റെ റിസോര്‍ട്ടിലും സൂക്ഷിച്ചിട്ടുണ്ടെന്നുള്ള വിവരത്തിന്റ അടിസ്ഥാനത്തില്‍ വീട്ടിലും നിസാര്‍ ജോലി ചെയ്തിരുന്ന സുഹൃത്തിന്റെ തമിഴ്‌നാട്ടില്‍ മേട്ടുപ്പാളയത്തിലുള്ള വീട്ടിലും ഭീകരവിരുദ്ധ സ്‌ക്വാഡും തമിഴ്‌നാട് പോലീസും സംയുക്തമായി തിരച്ചില്‍ നടത്തി.

വയനാട്ടിലെ കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അനസും കൂട്ടാളികളും താമസിച്ചിരുന്ന 600 റിസോര്‍ട്ടിന്റെ പുറകുവശം ഭൂമിയില്‍ തോക്കുകള്‍ കുഴിച്ചിട്ടുണ്ടെന്ന് ലഭിച്ച വിവരത്തിന്റ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പോലീസും ഭീകരവിരുദ്ധ സ്‌ക്വാഡും വയനാട് ജില്ലാ ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡും ഇന്നലെ പുലര്‍ച്ചെ മുതല്‍ പരിശോധന നടത്തിയിരുന്നു.

അനസിന്റെെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ഇപ്പോള്‍ ഗള്‍ഫിലുള്ള മറ്റൊരു സുഹൃത്തായ ഷാജി പാപ്പന്‍ എന്നയാളുടെ പെരുമ്പാവൂരില്‍ 233 വീട്ടിലും ഇന്നലെ പുലര്‍ച്ചെ പോലീസ് റെയ്ഡ് ചെയ്തു. റെയ്ഡ് വിവരം പുറത്തായതോടെ ഒളിവില്‍ പോയ മറ്റ് സംഘാംഗങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ആയുധ നിയമപ്രകാരം അറസ്റ്റിലായ താടി റിയാസ് എന്ന റിയാസിനെ ഇന്ന് ആലുവ കോടതിയില്‍ ഹാജരാക്കും. സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് എതിരെയുള്ള കര്‍ശനമായ നടപടികളുടെ ഭാഗമായി ഇത്തരം ആളുകളെ നിരീക്ഷിച്ചു വരുന്നതായും തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!