Section

malabari-logo-mobile

കോഴിക്കോട് നഗരത്തില്‍ പുതിയ രണ്ട് മേല്‍പ്പാലം കൂടി നിര്‍മിക്കും; മന്ത്രി മുഹമ്മദ് റിയാസ്

HIGHLIGHTS : Two new flyovers to be constructed in Kozhikode city; Minister Muhammad Riyaz

കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയില്‍ രണ്ട് പുതിയ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വട്ടക്കിണര്‍ മുതല്‍ അരീക്കാട് അങ്ങാടിവരെയും ചെറുവണ്ണൂര്‍ ജങ്ഷനിലുമാണ് പുതിയ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നത്. കോര്‍പറേഷന്‍ ഭരണസമിതിയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനവും സ്മാര്‍ട്ട് പാര്‍ക്കിങ് പദ്ധതിയുടെയും നൂറുദിന കര്‍മപദ്ധതിയുടെയും പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാണ് പുതിയ മേല്‍പ്പാലങ്ങള്‍ വരുന്നത്. ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കണം. കോര്‍പറേഷന്‍ പരിധിയിലൂടെ കടന്നുപോകുന്ന വെള്ളിമാടുകുന്ന് – മാനാഞ്ചിറ റോഡ് നിര്‍മാണത്തിന് ഭൂമിയേറ്റെടുക്കാനാവശ്യമായ മുഴുവന്‍ തുകയും കൈമാറി.

sameeksha-malabarinews

നഗരത്തിന്റെ തെക്കേ അതിര്‍ത്തിയിലെ ഗതാഗതക്കുരുക്ക് വേണ്ടത്ര പരിഹരിക്കാനാകാത്തതിനാലാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. സരോവരം, കല്ലായിപ്പുഴ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ജലപാത പൂര്‍ത്തിയാക്കും.

കോര്‍പറേഷനിലും പൊതുമരാമത്ത് വകുപ്പിലുമടക്കം ഉദ്യോഗസ്ഥരും കരാറുകാരും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. എന്നാല്‍, ചെറുന്യൂനപക്ഷം ഇതിന് തയ്യാറാകുന്നില്ല. ഓഫീസുകളില്‍ മധ്യവര്‍ത്തികളുടെ ആവശ്യമില്ല. ഈ തെറ്റായ പ്രവണത കണ്ടറിഞ്ഞ് തിരുത്താന്‍ കോര്‍പറേഷന്‍ അധികൃതര്‍ തയ്യാറാകണം മന്ത്രി പറഞ്ഞു.

മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. ശുചിത്വ പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട കൈപ്പുസ്തകവും തീംസോങ്ങും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രകാശനംചെയ്തു. മോഹന്‍ സിതാര സംഗീതസംവിധാനം നിര്‍വഹിച്ച തീംസോങ്, സിതാര കൃഷ്ണകുമാറും അന്‍വര്‍ സാദത്തും ചേര്‍ന്നാണ് പാടിയത്. രചന സുബ്രഹ്മണ്യനാണ് പാട്ടെഴുതിയത്. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ പൗരാവകാശ രേഖ പ്രകാശനംചെയ്തു. സെക്രട്ടറി കെ യു ബിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് സ്വാഗതവും അഡീഷണല്‍ സെക്രട്ടറി എസ് എസ് സജി നന്ദിയും പറഞ്ഞു.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!