
അമീബിക്ക് മസ്തിഷ്‌ക ജ്വരബാധ റിപ്പോര്‍ട്ട് ചെയ്ത മൂന്നിയൂര്‍ പഞ്ചായത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര്‍.രേണുക അറിയിച്ചു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പഞ്ചായത്ത് തലത്തില്‍ പ്രസിഡണ്ട് ചെയര്‍പേഴ്‌സണും മെഡിക്കല്‍ ഓഫീസര്‍ കണ്‍വീനറുമായി RRT (Rapid Response Team) രൂപീകരിച്ചു. യോഗത്തില്‍ ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ 18-ാം വാര്‍ഡില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി. ജെ.എച്ച്.ഐമാര്‍ ജെ.പി.എച്ച്.എന്‍ ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ 8 ടീമുകളായി തിരിഞ്ഞ് ഗൃഹസന്ദര്‍ശനം നടത്തുകയും 88 കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തുകയും ചെയ്തു. പനിനിരീക്ഷണമടക്കമുള്ള സര്‍വൈലനന്‍സ് പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്തി. പനി കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രദേശത്ത് രോഗ പ്രതിരോധ ബോധവല്‍കരണത്തിനായി മൈക്ക് പ്രചാരണം നടത്തി.
പ്രദേശത്തെ വീടുകളില്‍ നിന്നും 5 പേര്‍ മൂന്നിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പരിശോധനക്കെത്തി. ആര്‍ക്കും ഗുരുതരമായ ലക്ഷണങ്ങള്‍ ഒന്നുമില്ല. അവരെല്ലാം ആരോഗ്യ പ്രവര്‍ത്തകരുടേയും ആശാ പ്രവര്‍ത്തകരുടേയും കര്‍ശന നിരീക്ഷണത്തിലാണ്.
രോഗബാധയുണ്ടായെന്നു കരുതുന്ന പാറക്കല്‍ കടവില്‍ നിന്നും ജല സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കയച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തിലും പുഴയിലും മലിന ജലാശയങ്ങളിലും യാതൊരു കാരണവശാലും ഇറങ്ങുകയോ, അവയിലെ വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയോ ചെയ്യാന്‍ പാടില്ല എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ എല്ലാ നീന്തല്‍ കുളങ്ങളും ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കുന്നതിനും ആയത് ഉറപ്പുവരുത്തുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജോയിന്‍ ഡയറക്ടര്‍ മുഖാന്തരം അറിയിപ്പ് നല്‍കിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




