
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗണ്‍ഷിപ് നിര്‍മിക്കാന്‍ സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ എസ്റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയില്‍. നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടര്‍ ഭൂമി ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കുന്നതിനെതിരെ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കോര്‍പറേഷനും 78.73 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റുമാണു ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാരിനോട് ഒരാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ഇതിനുള്ള മറുപടി പരാതിക്കാര്‍ അതിനുശേഷം ഒരാഴ്ചയ്ക്കുള്ളിലും സമര്‍പ്പിക്കണം. ഈ സമയത്ത് ഏറ്റെടുക്കല്‍ നടപടികള്‍ ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് വീണ്ടും നവംബര്‍ നാലിന് പരിഗണിക്കുമെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി.
ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ റദ്ദാക്കണമെന്നാണ് ഹാരിസണ്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മുന്‍പു പല സമയങ്ങളിലും ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അതെല്ലാം കോടതികള്‍ തടയുകയായിരുന്നു എന്നും ഹാരിസണ്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ ഭൂമി ഏറ്റെടുക്കാനാണു ശ്രമിക്കുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഞങ്ങള്‍ക്കും വലിയ നഷ്ടങ്ങളുണ്ടായി. ഒട്ടേറെ തൊഴിലാളികള്‍ മരിച്ചു, എസ്റ്റേറ്റിന്റെ 11 ഹെക്ടറോളം തൂത്തെറിയപ്പെട്ടു, ഇവിടെയുണ്ടായിരുന്ന കെട്ടിടങ്ങളും തകര്‍ന്നു. ആകെ 13 കോടി രൂപ നഷ്ടമുണ്ടായി. എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണ് എന്നിരിക്കെയാണ് നഷ്ടപരിഹാരം നല്‍കാതെ ദുരന്തനിവാരണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്, ഇത് തടയണം.” ഹാരിസണ്‍ പറയുന്നു.
ഇതേ കാര്യങ്ങള്‍ തന്നെയാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റും ചൂണ്ടിക്കാട്ടിയത്. ഭൂമി ഏറ്റെടുക്കുന്നുണ്ടെങ്കില്‍ അത് 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കിക്കൊണ്ടാവണമെന്നും എല്‍സ്റ്റണ്‍ പറഞ്ഞു. ഇതിനു പുറമെ നെടുമ്പാല എസ്റ്റേറ്റ്, എല്‍സ്റ്റണ്‍ ഉള്‍പ്പെടുന്ന മേപ്പാടി പഞ്ചായത്തുകളിലെ എസ്റ്റേറ്റുകളില്‍ സര്‍ക്കാരിന്റെ അവകാശമുന്നയിച്ച് സിവില്‍ നടപടികള്‍ തുടങ്ങാനുള്ള സര്‍ക്കാരിന്റെ ഉത്തരവും ഇരുകൂട്ടരും ചോദ്യം ചെയ്തു. ഭൂനികുതി അടക്കം അടയ്ക്കുന്ന ഭൂമിയില്‍ ഉള്ള അധികാരം കോടതികള്‍ ശരിവച്ചിട്ടുള്ളതാണെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. എന്നാല്‍ ഭൂപരിഷ്‌കരണ നിയമപ്രകാരം സര്‍ക്കാരാണ് എസ്റ്റേറ്റ് ഭൂമിയുടെ ഉടമയെന്നും പാട്ടക്കരാര്‍ കാലാവധി പൂര്‍ത്തിയായതും അല്ലാത്തതുമെല്ലാം ഏറ്റെടുക്കാന്‍ അധികാരമുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. ഹാരിസണിന്റേത് പോലെ വിദേശ ഉടമസ്ഥതയിലുണ്ടായിരുന്ന എസ്റ്റേറ്റ് അല്ലെന്നാണ് എല്‍സ്റ്റണ്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അതുകൊണ്ട് എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കാനുള്ള നീക്കം തടയണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




