Section

malabari-logo-mobile

ഇന്ത്യയുടെ സ്വര്‍ണമോഹം പൊലിഞ്ഞു; വനിതാ ബാഡ്മിന്റണില്‍ സിന്ധു സെമിയില്‍ പുറത്ത്

HIGHLIGHTS : P.V. Sindhu lost to Tai Tzu Ying in the semi finals of tokyo 2020 badmint

ടോക്യോ: ഒളിമ്പിക്സില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷ ഇന്നു പൊലിഞ്ഞു. വനിതകളുടെ ബാഡ്മിന്റണില്‍ ഇന്ത്യന്‍ സെന്‍സേഷനായിരുന്ന പി.വി. സിന്ധുവിന് കഴിഞ്ഞ തവണ റിയോയില്‍ നേടിയ വെള്ളിപ്പതക്കം പൊന്നാക്കി മാറ്റാനായില്ല. ഇന്നു നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനോടു നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു തോല്‍വി സമ്മതിച്ചു. 18-21, 12-21 എന്ന സ്‌കോറിനാണ് തായ്പേയ് താരം ഇന്ത്യന്‍ പ്രതീക്ഷകള്‍ തച്ചുടച്ചത്.

മത്സരത്തിന്റെ ആദ്യ സര്‍വ് മുതല്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ച തായ്പേയ് താരം ഒരു ഘട്ടത്തിലും സിന്ധുവിന് മേല്‍കൈ നല്‍കാന്‍ തയാറായില്ല. കഴിഞ്ഞ മത്സരങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച സിന്ധുവിനെതിരേ വ്യക്തമായ ഗെയിം പ്ലാനോടെയാണ് തായ്പേയ് താരം ഇറങ്ങിയത്.

sameeksha-malabarinews

ഡ്രോപ് ഷോട്ടുകള്‍ നേരിടാനുള്ള സിന്ധുവിന്റെ ദൗര്‍ബല്യം കൃത്യമായി മനസിലാക്കിയ തായ് കൃത്യമായി അതില്‍ത്തന്നെ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. രണ്ടു ഗെയിമുകളില്‍ നിന്നായി തായ് നേടിയ 42 പോയിന്റുകളില്‍ 29-ഉം ഡ്രോപ് ഷോട്ടുകളിലൂടെയായിരുന്നു. ഡ്രോപ് ഷോട്ടിനു പുറമേ ബോക്സ് ടു ബോക്സ് സര്‍വിങ്ങും ക്രോസ് കോര്‍ട്ട് ഷോര്‍ട്ടുകളും കൃത്യമായ ഇടവേളകളില്‍ തായ്പേയ് താരം പ്രയോഗിച്ചപ്പോള്‍ സിന്ധുവിന് അതിനു മറുപടിയുണ്ടായില്ല. നിര്‍ണായക മത്സരങ്ങളില്‍ ആദ്യ ഗെയിം നഷ്ടപ്പെട്ടാല്‍ സിന്ധു സമ്മര്‍ദ്ദത്തിനടിപ്പെടുന്ന പതിവ് രീതിയും ഇന്നലെ ടോക്യോയില്‍ കണ്ടു.

ഇരു താരങ്ങളുടെയും ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടു കൊണ്ടാണ് മത്സരം ആരംഭിച്ചത്. ആദ്യ ഏഴു പോയിന്റുകള്‍ വരെ ഒപ്പത്തിനൊപ്പം നിന്ന ശേഷം സിന്ധുവിനെ കോര്‍ട്ടില്‍ തലങ്ങും വിലങ്ങും പായിച്ച് ക്രോസ് കോര്‍ട്ട് ഷോട്ട് പായിച്ച തായ് താരം പതിയെ ലീഡ് സ്വന്തമാക്കുകയായിരുന്നു.നാലു പോയിന്റിന്റെ വ്യക്തമായ ലീഡ് നേടിയ ശേഷം അതു നിലനിര്‍ത്തി സിന്ധുവിന്റെ ദൗര്‍ബല്യം മുതലെടുത്തു പോയിന്റ് വര്‍ധിപ്പിക്കാനാണ് തായ് ശ്രമിച്ചത്. ഈ കെണിയില്‍ സിന്ധു കൃത്യമായി വീഴുകയും ചെയ്തു. ആദ്യ ഗെയിം പ്രതീക്ഷിച്ചതില്‍ നിന്നും ഏറെ വിപരീതമായി 18-21 എന്ന സ്‌കോറില്‍ തായ് സ്വന്തമാക്കി.

തുടര്‍ന്ന് രണ്ടാം ഗെയിമില്‍ തന്റെ മികച്ച ഫോമിലേക്ക് ഉയര്‍ന്ന തായ് സിന്ധുവിന് യാതൊരവസരവും നല്‍കിയതേയില്ല. ആദ്യ പോയിന്റ് നേടി സിന്ധു തുടങ്ങിയെങ്കിലും പിന്നീടെല്ലാം എതിരാളി നിയന്ത്രിക്കുന്നതിനനുസരിച്ചായി. എതിരാളിയുടെ പോയിന്റ് വര്‍ധിക്കുന്നതിന് അനുസരിച്ച് സമ്മര്‍ദ്ദം വര്‍ധിച്ച സിന്ധു തുടര്‍ച്ചയായി അണ്‍ ഫോഴ്സ്ഡ് എററുകള്‍ വരുത്തി തായ് താരത്തിന് പോയിന്റ് സമ്മാനിക്കുകയായിരുന്നു.

ഒടുവില്‍ തന്റെ ലോക റാങ്കിങ്ങിനെ സാധൂകരിക്കുന്ന ആധികാരിക പ്രകടനത്തോടെ 12-21 എന്ന സ്‌കോറില്‍ സെറ്റും മത്സരവും തായ്പേയ് താരം സ്വന്തമാക്കുകയായിരുന്നു. ഇനി വെങ്കല മെഡല്‍ എന്ന ലക്ഷ്യമാണ് സിന്ധുവിനുള്ളത്. നാളെ നടക്കുന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ചൈനയുടെ എട്ടാം റാങ്ക് താരം ജിയാവോ ബിങ് ഹിയാണ് സിന്ധുവിന്റെ എതിരാളി.

ഏറ്റവും കൂടുതല്‍ ആഴ്ച ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് നിീന്ന വനിതാതാരം എന്ന റെക്കോഡ് തായ് സു യിങ്ങിന്റെ പേരിലാമ്. എന്നിട്ടും താരത്തിനിതുവരെ ഒരു ഒളിമ്പിക്‌സ് മെഡലോ ഒരു ലോക ചാമ്പ്യന്‍ഷിപ്പോ നേടാനായിട്ടില്ല. ഈ വിജയത്തോടെ സു യിങ് കരിയറിലെ ആദ്യ ഒളിമ്പിക്‌സ് മെഡല്‍ ഉറപ്പിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!