Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ ഓക്‌സിജന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ ദിശ യോഗത്തില്‍ ധാരണ

HIGHLIGHTS : To increase oxygen availability in Malappuram district

മലപ്പുറം: ജില്ലയില്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായുള്ള ജില്ലാതല കോഓര്‍ഡിനേഷന്‍ & മോണിറ്ററിങ്ങ് കമ്മറ്റി (ദിശ) യോഗം വിലയിരുത്തി. ഓക്‌സിജന്‍ ഫില്ലിങ്ങിന് നിലവില്‍ തടസ്സമില്ലെന്നും എന്നാല്‍ ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ ആവശ്യത്തിന് ലഭ്യമല്ലെന്നും കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 1000 സിലിന്‍ഡറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. സംഭാവനയായി കുടുതല്‍ സിലിന്‍ഡറുകള്‍ ജില്ലയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും ജില്ലാ കലക്ടര്‍ വിശദീകരിച്ചു. കൂടാതെ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും 280 സിലിണ്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള തടസ്സങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. വിതരണക്കാര്‍ ക്രമാതീതമായി വില വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ സിലിന്‍ഡറുകളുടെ വില നിശ്ചയിച്ച് ഉത്തരവിറക്കാന്‍ സര്‍ക്കാരിനോട് അപേക്ഷിക്കും. ആവശ്യമെങ്കില്‍ പ്രവാസി സംഘടനകളുടെ സഹകരണത്തോടെ വിദേശത്ത് നിന്ന് സിലിന്‍ഡറുകള്‍ എത്തിക്കാമെന്ന് നിയുക്ത എം.എല്‍.എ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പ് പുരോഗമിച്ചുവരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വാക്‌സിനേഷന്റെ വേഗം കൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി നിര്‍ദേശിച്ചു. അവധിക്ക് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്‌സിന്‍ എടുക്കുന്നതിന് അനുമതിക്കായി സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം ജനസംഖ്യയും രോഗികളുമുള്ള മലപ്പുറം ജില്ലയെ മുന്‍ഗണനാ ക്രമത്തില്‍ ഉള്‍പ്പെടുത്തി പി.എം.കെയര്‍ ഫണ്ടില്‍ നിന്ന് കൂടുതല്‍ തുകയും സൗകര്യങ്ങളും അനുവദിക്കുന്നതിന് സര്‍ക്കാരിനോട് അപേക്ഷിക്കും.

sameeksha-malabarinews

കോവിഡ് നേരിടുന്നതിനായി നിയമിച്ച താല്‍ക്കാലിക ജീവനക്കാരുടെ വേതനം നിലവില്‍ 566 രൂപയാണ്. റിസ്‌ക് അലവന്‍സ് അടക്കം 808 രൂപയാണ് നഴ്‌സുമാര്‍ക്ക് ലഭിക്കുന്നത്. ഇത് മിനിമം വേതന നിരക്കായ 1100 രൂപയില്‍ എത്തിക്കുന്നതിന് ആവശ്യമായ അധിക തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ നിന്ന് താല്‍ക്കാലികമായി ചിലവഴിക്കുന്നതിന് ഉടന്‍ അനുമതി ലഭ്യമാകുമെന്ന് അധ്യക്ഷന്‍ അറിയിച്ചു. വേതനം വര്‍ദ്ധിപ്പിച്ച് അനുവദിക്കുന്നതിനുള്ള നടപടിക്കായി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും.

കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ കടല്‍ഭിത്തി ഇല്ലാത്ത സ്ഥലങ്ങളില്‍ കടല്‍ഭിത്തി കെട്ടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. നിലവിലുള്ള പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഫിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതിയില്‍ പര്യാപ്തമായ രേഖകളുടെ അഭാവത്തില്‍ ഭവനനിര്‍മ്മാണ ധനസഹായം നല്‍കാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ ധനസഹായം നല്‍കുന്നതിനാവശ്യമായ നിര്‍ദ്ദേശം നല്‍കി.
കോള്‍പാടങ്ങളിലെ കര്‍ഷകര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ഗോഡൗണ്‍ സൗകര്യങ്ങളൊരുക്കാന്‍ നടപടിയെടുക്കാനും നിര്‍ദ്ദേശം നല്‍കി.

നിയുക്ത എം.പി എം.പി അബ്ദുസ്സമദ് സമദാനി, നിയുക്ത എം.എല്‍.എമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ടി.വി ഇബ്രാഹിം, പി. അബ്ദുള്‍ ഹമീദ്, കെ.പി.എ മജീദ്, ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ. യു.എ ലത്തീഫ്, പി. ഉബൈദുള്ള, കുറുക്കോളി മൊയ്തീന്‍, പി.എ.യു പ്രജക്റ്റ് ഡയറക്റ്റര്‍ പ്രീതി മേനോന്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ.ഷിബുലാല്‍, അസി. പ്രൊജക്റ്റ് ഓഫീസര്‍ എ. ആതിര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ മുനിസിപ്പല്‍ സെക്രട്ടറിമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!