തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരുടെയും സ്രവപരിശോധന നടത്തണം; എന്‍ജിഎ യൂണിയന്‍

തിരൂരങ്ങാടി:  തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുകയും മറ്റൊരു ജീവനക്കാരിക്ക് രോഗബാധ സംശയിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആശുപത്രിയില്‍ രോഗികളുമായി സമ്പര്‍ക്കമുണ്ടായ മുഴുവന്‍ ജീവനക്കാരുടെയും സ്രവ പരിശോധന നടത്തണമെന്ന് കേരള എന്‍.ജി.ഒ. യൂണിയന്‍ തിരൂരങ്ങാടി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. രോഗവ്യാപനത്തെ ചെറുക്കാന്‍ ജീവനക്കാരെ പൂളുകളാക്കി തിരിച്ച് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ആശുപത്രി സൂപ്രണ്ടും, നഴ്‌സിങ് സൂപ്രണ്ടും അട്ടിമറിച്ചെന്നും യൂണിയന്‍ ഭാരവാഹികള്‍ ആരോപിച്ചു.

രണ്ടാഴ്ച മുന്‍പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ നാടോടി സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവരുമായി തീവ്രസമ്പര്‍ക്കമുണ്ടായവരെ പരിശോധിച്ചതില്‍ നിന്നാണ് ഡോക്ടര്‍ക്ക് രോഗബാധയുണ്ടെന്നറിയാനായത്. എന്നാല്‍ നാടോടി സ്ത്രീയുമായി പ്രഥമ സമ്പര്‍ക്കമുണ്ടായ ഇരുപതിലധികം ജീവനക്കാരെയും രോഗിയെ അഡ്മിറ്റ് ചെയ്ത വാര്‍ഡിലെ മറ്റു രോഗികളെയും ഇന്ന് പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കമുണ്ടായവരേയുമെല്ലാം പരിശോധനയ്ക്ക് വിധേയരാക്കേണ്ടതുണ്ടെന്നും യൂണിയന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മുഖ്യമന്ത്രിയുടേയും ആരോഗ്യ വകുപ്പ് മേധാവിയുടേയും ഉത്തരവുകളെ കാറ്റില്‍ പറത്തി ജീവനക്കാര്‍ എല്ലാ ദിവസവും ഹാജരാകണമെന്ന ആശുപത്രി സൂപ്രണ്ടിന്റെ കടുംപിടുത്തമാണ് കാര്യങ്ങള്‍ ഇത്രമേല്‍ വഷളാക്കിയത്. ആഴ്ചകള്‍ക്ക് മുന്‍പ് ജീവനക്കാര്‍ ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സംഘടന ശക്തമായി ഇടപെട്ടതിനെ തുടര്‍ന്ന് ജീവനക്കാരെ പൂളുകളാക്കി റൊട്ടേഷന്‍ സമ്പ്രദായം നടപ്പിലാക്കിയിരുന്നു. എന്നാല്‍ പിന്നീട് ആശുപത്രി സൂപ്രണ്ടും നഴ്‌സിംഗ് സൂപ്രണ്ടും മേല്‍ സമ്പ്രദായം അട്ടിമറിക്കുകയായിരുന്നു. ആയതുകൊണ്ട് സ്രവ പരിശോധനയും ജീവനക്കാരെ പൂളുകളാക്കിയുള്ള റൊട്ടേഷന്‍ സമ്പ്രദായവും ഉടന്‍ നടപ്പിലാക്കണമെന്ന് യൂണിയന്‍ ഏരിയാ പ്രസിഡണ്ട് അബ്ദുള്‍ അനീഷ്.കെ, സിക്രട്ടറി ഇന്‍ ചാര്‍ജ്ജ് നിതിന്‍.ടി എന്നിവര്‍ ആവശ്യപ്പെട്ടു.

Share news
 • 10
 •  
 •  
 •  
 •  
 •  
 • 10
 •  
 •  
 •  
 •  
 •