തിരൂരങ്ങാടിയില്‍ ജിംനേഷ്യം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന; രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

തിരൂരങ്ങാടിയില്‍ വന്‍ കഞ്ചാവേട്ട. രണ്ടരകിലോ കഞ്ചാവുമായി വെന്നിയൂര്‍ കൊടക്കല്‍ സ്വദേശി സക്കീറാണ് എക്‌സൈസ്

തിരൂരങ്ങാടിയില്‍ വന്‍ കഞ്ചാവേട്ട. രണ്ടരകിലോ കഞ്ചാവുമായി വെന്നിയൂര്‍ കൊടക്കല്‍ സ്വദേശി സക്കീറാണ് എക്‌സൈസ് പിടിയിലായത്. തിരൂരങ്ങാടി മേഖലയില്‍ ജിംനേഷ്യത്തിന്റെ മറവില്‍ യുവാക്കള്‍ക്ക് കഞ്ചാവ് നല്‍കുന്നുണ്ടെന്ന് എക്‌സൈസ് ഇന്റലിജന്‍സിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മമ്പുറത്ത് ജിംനേഷ്യം നടത്തുന്ന സക്കീറിനെ പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഒ വിനോദും സംഘവും അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെ മമ്പുറം ബൈപ്പാസില്‍ വെച്ചാണ് സക്കീര്‍ പിടിയിലായത്. ഇയാളില്‍ നിന്ന് രണ്ടരകിലോ കഞ്ചാവും വിവിധതരം സ്റ്റിറോയിഡുകളും സിറിഞ്ചുകളും പിടിച്ചെടുത്തു. ഇയാള്‍ സഞ്ചരിച്ച പള്‍സര്‍ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തമിഴാനാട്ടിലെ കമ്പത്തുനിന്നും നേരിട്ടാണ് സക്കീര്‍ കഞ്ചാവെത്തിച്ചുകൊണ്ടിരുന്നതെന്ന് ഇയാള്‍ എക്‌സൈസിന് മൊഴി നല്‍കിയിട്ടുണ്ട്. ‘അമ്മ’ എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന ഒരു സ്ത്രീയില്‍ നിന്നാണ് ഇയാള്‍ കാഞ്ചാവ് വാങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

യുവാക്കള്‍ക്കളെയും തിരൂരങ്ങാടി, പരപ്പനങ്ങാടി മേഖലയിലെ കഞ്ചാവ് ചില്ലറ വില്‍പ്പനകാരെയും കേന്ദ്രീകരിച്ചാണ് ഇയാളുടെ വില്‍പ്പന. സംഭവത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. സക്കീറിനെ ഇന്ന് വടകര എന്‍ഡിപിഎസ് സ്‌പെഷല്‍ കോടതിയില്‍ ഹാജരാക്കും.

റെയ്ഡില്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ പ്രിവന്റീവ് ഓഫീസര്‍മാരായ വി കെ സൂരജ്, പ്രജോഷ് കുമാര്‍ , ബിജു പി, ലതീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രദീപ് കുമാര്‍, പ്രമോദ് ദാസ്, സിന്ധു,ഷിഹാബുദ്ദീന്‍, നിധിന്‍,മായാദേവി, ലിഷ, ഡ്രൈവര്‍ സാജിദ് എന്നിവരും പങ്കെടുത്തു.