
തിരുപ്പതി ലഡ്ഡു വിവാദത്തില്‍ നാലുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. നെയ്യ് വിതരണം ചെയ്ത മൂന്ന് കമ്പനി മേധാവികള്‍ ഉള്‍പ്പടെയാണ് അറസ്റ്റിലായത്. ലഡ്ഡു നിര്‍മാണത്തിനുള്ള നെയ്യ് വിതരണം ചെയ്ത തമിഴ് നാട് ദിണ്ടിഗലിലെ എആര്‍ ഡയറി ഡയറക്ടര്‍ രാജശേഖര്‍ അടക്കം 4 പേരാണ് അറസ്റ്റിലായത്. നിലവാരം കുറഞ്ഞ നെയ്യ് നല്‍കിയതിനാണ് അറസ്റ്റ് എന്ന് സൂചന.
ലഡ്ഡു ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീന്‍ എണ്ണയും പാമോയിലും അടങ്ങിയിട്ടുണ്ടെന്ന് ലാബ് റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിരുന്നു. ഗുജറാത്തിലെ നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡിലെ സെന്റര്‍ ഓഫ് അനാലിസിസ് ആന്‍ഡ് ലേണിംഗ് ഇന്‍ ലൈവ്സ്റ്റോക്ക് ആന്‍ഡ് ഫുഡ് ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് പ്രസിദ്ധമായ തിരുപ്പതി ലഡു നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി അറിയിച്ചത്.
എന്നാല്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദം തയ്യാറാക്കാന്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞതോടെയാണ് വിവാദം ആളിക്കത്തിയത്. ശ്രീകോവിലിന്റെ മേല്‍നോട്ടം വഹിക്കുന്ന ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) നായിഡുവിന്റെ അവകാശവാദം അംഗീകരിച്ചതോടെ ഈ വിഷയം വലിയ വിവാദത്തിന് തിരികൊളുത്തുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




