തിരുവനന്തപുരം : സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുകളെയടക്കം തള്ളിപ്പറയുകയാണ് കേന്ദ്രമന്ത്രി വി. മുരളീധരന്‍ ചെയ്തതെന്ന് തോമസ് ഐസക് പറഞ്ഞു. സ്വയം കണ്ണടച്ചു പിടിച്ചാല്‍ മൂലോകം മുഴുവന്‍ ഇരുട്ടുപരക്കുമെന്ന മൂഢവിശ്വാസത്തിലാണ് കേന്ദ്രമന്ത്രി വി മുരളീധരനെന്നും അദ്ദേഹം ആരോപിച്ചു. ശാഖയില്‍പ്പോലും ചെലവാകാത്ത വാദങ്ങളാണ് മുരളീധരന്റേത് സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുകളെയടക്കം തള്ളിപ്പറയുകയാണ് കേന്ദ്രമന്ത്രി. കേസിലെ യഥാര്‍ത്ഥ പ്രതികളെ രാജ്യം കടക്കാന്‍ പോലും സഹായിച്ചത് ആരാണെന്ന് നാടു മറന്നുപോയി എന്ന ധാരണയിലാണ് ഇങ്ങനെയൊക്കെ തട്ടിവിടുന്നതെങ്കില്‍ കേന്ദ്രമന്ത്രിയ്ക്ക് തെറ്റിയെന്ന് ഫെയ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.
സ്വയം കണ്ണടച്ചു പിടിച്ചാൽ മൂലോകം മുഴുവൻ ഇരുട്ടുപരക്കുമെന്ന മൂഢവിശ്വാസത്തിലാണ് കേന്ദ്രമന്ത്രി വി മുരളീധരൻ. ശാഖയിൽപ്പോലും…
Posted by Dr.T.M Thomas Isaac on Monday, 8 March 2021
‘നയതന്ത്ര പരിരക്ഷ ഇല്ലാതിരുന്നിട്ടും നയതന്ത്ര ബാഗേജെന്ന വ്യാജേന സ്വര്‍ണം കടത്തുവാന്‍ വേണ്ട ഒത്താശ ചെയ്തു കൊടുത്തത് സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോക്കാള്‍ വിഭാഗമാണ്’ എന്നാണ് ഏറ്റവും പുതിയ വാദം. കള്ളക്കടത്തു നടത്തിയത് നയതന്ത്ര ബാഗേജിലൂടെയല്ല എന്ന് ആരെ ബോധിപ്പിക്കാനാണ് ഇദ്ദേഹം ആവര്‍ത്തിച്ചു പറയുന്നത്. അന്വേഷണ ഏജന്‍സികള്‍ തന്നെ ഈ വാദം തള്ളിക്കളഞ്ഞിട്ടുണ്ട്. കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴിയാണ് സ്വര്‍ണ്ണം കടത്തിയതെന്ന് എന്ന് കേസ് അന്വേഷിച്ച എന്‍ ഐ എ യും റിമാണ്ട് റിപ്പോര്‍ട്ടില്‍ കസ്റ്റംസും വ്യക്തമാക്കിക്കഴിഞ്ഞു. എന്നിട്ടും അദ്ദേഹത്തിനൊരു കുലുക്കവുമില്ല. പൊന്നു മുരളീധരന്‍ജീ, ആറടി മുളവടി കുറുവടിയ്ക്കപ്പുറം ലോകമില്ലാത്ത ആര്‍എസ്എസുകാരുപോലും താങ്കളുടെ വാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ലെന്ന് തോമസ് ഐസക് പറഞ്ഞു.
ഈ കേസിലെ പ്രധാന കണ്ണിയായ അറ്റാഷെയെ രാജ്യം കടത്താന്‍ സഹായിച്ചത് ആരാണെന്ന് അവര്‍ക്കു പോലുമറിയാം. കേസിനു പിന്നാലെ ദുരൂഹമായ സാഹചര്യത്തിലാണ് അറ്റാഷെ രാജ്യം വിട്ടത്. ‘അറ്റാഷെ ഇപ്പോള്‍ സംശയമുനയിലല്ല’ എന്ന വെള്ളപൂശല്‍ സര്‍ട്ടിഫിക്കറ്റുമായി തൊട്ടുപിന്നാലെ ചാനലുകളില്‍ കയറിയിറങ്ങിയത് താങ്കളല്ലേ, മുരളീധരന്‍ജീ? എന്തിനായിരുന്നു ആ തിടുക്കം? അറ്റാഷെ സംശയമുനയിലാണോ അല്ലയോ എന്നൊക്കെ തീരുമാനിക്കേണ്ടത് അന്വേഷണ ഏജന്‍സികളല്ലേ? അതോ, സംശയമുന എങ്ങോട്ടൊക്കെ നീട്ടണമെന്ന് തീരുമാനിക്കാനുള്ള ചുമതല താങ്കളെയാണോ മോദിയും അമിത് ഷായും ഏല്‍പ്പിച്ചിരിക്കുന്നതെന്ന് തോമസ് ഐസക് ചോദിച്ചു.
കള്ളക്കടത്തില്‍ പങ്കാളിത്തമുണ്ടെന്ന് ന്യായമായ കാരണങ്ങളാല്‍ സംശയിക്കാവുന്ന അറ്റാഷെയില്‍ നിന്ന് ബലംപ്രയോഗിച്ച് തിരിച്ച സംശയത്തിന്റെ മുനയാണ് സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗത്തിനു നേരെ ഇപ്പോള്‍ മുരളീധരന്‍ജി നീട്ടിപ്പിടിക്കുന്നത്. അതും പിടിച്ചു നിന്ന് വെയിലുകൊള്ളാമെന്നല്ലാതെ, കടുത്ത സംഘികള്‍ പോലും മൈന്‍ഡു ചെയ്യില്ല. എയര്‍പോര്‍ട്ടില്‍ നയതന്ത്ര പരിഗണന നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് എന്തു കാര്യമെന്ന് അവര്‍ക്കുപോലുമറിയാം.
കേന്ദ്രമന്ത്രിസ്ഥാനത്തിരുന്നു കള്ളം പറയുമ്പോള്‍ ചുരുങ്ങിയപക്ഷം സ്വന്തം പാര്‍ട്ടിക്കാരെയെങ്കിലും വിശ്വസിപ്പിക്കാനാവണം. അവര്‍പോലും മൂക്കത്തു വിരല്‍വെച്ചാല്‍, മറ്റുള്ളവരുടെ കാര്യം പറയണോ? രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയായ എന്‍ഐഎ അന്വേഷിച്ചു കുറ്റപത്രവും സമര്‍പ്പിച്ച കേസില്‍ ഇഡിയെയും കസ്റ്റംസിനെയും ഉപയോഗിച്ച പുതിയ കഥകളുണ്ടാക്കുകയാണ് മുരളീധരനും സംഘവും എന്നറിയാത്ത ആരാണ് കേരളത്തിലുളളത്? ആ കഥകള്‍ സ്വന്തം പാര്‍ടിക്കാര്‍ പോലും വിശ്വസിക്കാത്തതിന് ഞങ്ങളെന്തു പിഴച്ചു?
അമിത് ഷാ ഒരു ദൂരൂഹമരണത്തിന്റെ കാര്യം പറഞ്ഞ് മണിക്കൂറുകള്‍ക്കകം കെ സുരേന്ദ്രന് പത്രക്കാരുടെ മുന്നില്‍ കൈമലര്‍ത്തേണ്ടി വന്നില്ലേ. അത്രേയുള്ളൂ നിങ്ങളുണ്ടാക്കുന്ന കള്ളക്കഥകളുടെ ആയുസ് എന്നദ്ദേഹം പറഞ്ഞു.




