തിരൂരങ്ങാടി താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ സമഗ്ര  സംരക്ഷണ പ്രവൃത്തികളുടെ ഉദ്ഘാടനം  നാളെ 

തിരൂരങ്ങാടി താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ സമഗ്ര സംരക്ഷണ പ്രവൃത്തികളുടെ ഉദ്ഘാടനം നാളെ (ഫെബ്രുവരി 11) രാവിലെ 10ന് തുറമുഖം, പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. പി.കെ അബ്ദുറബ് എം.എല്‍.എ അധ്യക്ഷനാകും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാകും.

അധിനിവേശത്തിന്റെയും അതിനെതിരായ ചെറുത്തുനില്പുകളുടേയും ഓര്‍മകള്‍ നിലനില്‍ക്കുന്ന ചരിത്ര സ്മാരകമാണ് തിരൂരങ്ങാടി പഴയ താലൂക്ക് ഓഫീസ് കെട്ടിടം. 1792ല്‍ മലബാര്‍ ബ്രിട്ടീഷ് അധീനതയിലായതോടെ കൊളോണിയല്‍ ഭരണക്രമം നടപ്പിലാക്കുന്നതിനായി നിരവധി സ്ഥാപനങ്ങള്‍ ആരംഭിക്കുകയുണ്ടായി. അക്കൂട്ടത്തില്‍ സ്ഥാപിതമായതാണ് ബ്രിട്ടീഷുകാരുടെ കാലത്ത് ഹജൂര്‍ കച്ചേരിയായി പ്രവര്‍ത്തിച്ചിരുന്ന തിരൂരങ്ങാടി താലൂക്ക് ഓഫീസ്. മലബാറിലെ ബ്രിട്ടീഷ് ഭരണ സിരാകേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഈ കെട്ടിടം. ഇന്‍ഡോ യൂറോപ്യന്‍ വാസ്തുശില്‍പ ശൈലിയില്‍ പണിത കെട്ടിടത്തിന്റെ മുഖ്യ സവിശേഷത ചുറ്റുമുള്ള വിസ്താരമേറിയ വരാന്തകളാണ്. ചരിത്രപരവും നിര്‍മിതിപരവുമായ പ്രാധാന്യം കണക്കിലെടുത്ത് 2013ല്‍ പുരാവസ്തു വകുപ്പ് ഈ കെട്ടിടം സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. ചരിത്രപ്രസിദ്ധമായ ഈ കെട്ടിടത്തില്‍ മലപ്പുറം ജില്ലാ പൈതൃക മ്യൂസിയം സജ്ജീകരിക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. മ്യൂസിയം സജ്ജീകരിക്കുന്നതിനു മുന്നോടിയായി ജീര്‍ണാവസ്ഥയിലായ കെട്ടിടത്തിന്റെ ശാസ്ത്രീയ സംരക്ഷണ ജോലികളും നിര്‍വഹിക്കും.

ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍, ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് കെ.ടി സാജിദ തുടങ്ങിയവര്‍ പങ്കെടുക്കും.

Share news
error: Content is protected !!
Scroll to Top