പരപ്പനങ്ങാടിയില്‍ പരക്കെ മോഷണം

പരപ്പനങ്ങാടി: പരപ്പനങ്ങാടി ടൗണില്‍ രണ്ടു ദിവസമായി കടകളെ കേന്ദ്രീകരിച്ച് മോഷണം നടന്നു.

പരപ്പനങ്ങാടി: പരപ്പനങ്ങാടി ടൗണില്‍ രണ്ടു ദിവസമായി കടകളെ കേന്ദ്രീകരിച്ച് മോഷണം നടന്നു. തിങ്കളാഴ്ച പുലര്‍ച്ചെ നൗഫല്‍ പ്ലാസ കോംപ്ലക്‌സിലെ 4 കടകളില്‍ മോഷണം നടത്തി. ടൗണിലെ തില്ലാന ഫാര്‍മസി കടയുടെ പുറകുവശത്തെ മതില്‍ തുരന്നാണ് മോഷ്ടാക്കള്‍ അകത്തു കടന്നിട്ടുള്ളത്. അകത്തെ പ്ലാസ്റ്റര്‍ ഓഫ് പാരീസ് സീലിംഗില്‍ ദ്വാരം ഉണ്ടാക്കി കടയുടെ അകത്ത് കടന്ന് സാധനങ്ങള്‍ എല്ലാം വലിച്ചു വാരിയിട്ടിരുന്നു. ക്യാഷ് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന പണവും കാണാതായിട്ടുണ്ട്. അതേ കോംപ്ലക്‌സിലെ ഡിസൈനര്‍, സിംല സ്റ്റോര്‍, ചുരിദാര്‍ മെറ്റീരിയല്‍ എന്നിവിടങ്ങളില്‍ ഷട്ടര്‍, ഗ്രില്ലുകള്‍ തകര്‍ത്ത് മോഷണശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. പണം കടയില്‍ സൂക്ഷിക്കാത്തതിനാല്‍ പണ നഷ്ടം ഉണ്ടായിട്ടില്ല.
പയനിങ്ങല്‍ ചിക്കന്‍സ് കടയിലും മോഷണ ശ്രമം നടന്നു. കഴിഞ്ഞ ദിവസം മാര്‍ജിന്‍ ഫ്രീ ഷോപ്പിന്റെ ഗ്രില്ലുകള്‍ തകര്‍ത്ത് കടക്കകത്ത് പ്രവേശിച്ചിരുന്നെങ്കിലും ക്യാമറ കണ്ട് ഭയന്ന് രക്ഷപ്പെടുകയായിരുന്നു. സാധനങ്ങള്‍ ഒന്നും നഷ്ടപ്പെട്ടിരുന്നില്ല.
തുടര്‍ച്ചയായി ഉണ്ടാകുന്ന മോഷണ പരമ്പരയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ശക്തമായ ഉത്കണ്ഡ രേഖപ്പെടുത്തി. പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. മോഷണത്തിന് ഇരയായ കടകള്‍ അദ്ധ്യക്ഷന്‍ അഷ്‌റഫ് ശിഫ, സെക്രട്ടറി മുജീബ് റഹ്മാന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.