Section

malabari-logo-mobile

പദയാത്ര ഹന്‍സിയില്‍ നിന്ന് തുടങ്ങും

HIGHLIGHTS : The walk will start from Hansi

ഹന്‍സി (ഹരിയാന) : ബ്രിട്ടീഷ് സൈന്യം റോഡ് റോളറുകള്‍ കയറ്റി കൊലപ്പെടുത്തിയ കര്‍ഷകരുടെ ചുടുചോര വീണ് ചുവന്ന ഹന്‍സിയിലെ ലാല്‍സഡക്കില്‍നിന്ന് കര്‍ഷകരുടെയും തൊഴിലാളികളുടെയും ഡല്‍ഹിയിലേക്കുള്ള പദയാത്രയ്ക്ക് തുടക്കം. കാര്‍ഷിക നിയമങ്ങളും തൊഴില്‍ നിയമങ്ങളും പിന്‍വലിക്കണമെന്ന ആവശ്യവുമായി കിസാന്‍സഭയുടെയും സിഐടിയുവിന്റെയും മറ്റ് കര്‍ഷക – തൊഴിലാളി സംഘടനകളുടെയും ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ ആറുദിവസം കാല്‍നടയായി സഞ്ചരിച്ച് ഭഗത്സിങ് രക്തസാക്ഷി ദിനമായ മാര്‍ച്ച് 23- ന് ഡല്‍ഹി അതിര്‍ത്തിയില്‍ എത്തും.

ഹരിയാന, പഞ്ചാബ്, യുപി എന്നിവിടങ്ങളില്‍നിന്നായി മൂന്ന് പദയാത്ര 23ന് ഡല്‍ഹിയില്‍ എത്തും. ഹന്‍സിയില്‍ നിന്നുള്ള ആദ്യ പദയാത്ര ഭഗത്സിങ്ങിന്റെയും രാജ്ഗുരുവിന്റെയും സുഖ്ദേവിന്റെയും ചന്ദ്രശേഖര്‍ ആസാദിന്റെയും ധീരസ്മരണ തുടിച്ചുയര്‍ന്ന ലാല്‍സഡക്കില്‍ കിസാന്‍സഭ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെയും ഭഗത്സിങ്ങിന്റെ സഹോദരിപുത്രി ഗുര്‍ജീത്ത് കൗറും ചേര്‍ന്ന് ഫ്ളാഗ്ഓഫ് ചെയ്തു.

sameeksha-malabarinews

കിസാന്‍സഭ ജോ. സെക്രട്ടറി വിജൂ കൃഷ്ണന്‍, ഇന്ദ്രജിത്ത് സിങ് തുടങ്ങിയവരും പങ്കെടുത്തു. വിജയംവരെ കര്‍ഷകര്‍ സമരം തുടരുമെന്നും മോഡി സര്‍ക്കാരിന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വരുമെന്നും ഗുര്‍ജീത്ത് കൗര്‍ പറഞ്ഞു. പദയാത്ര 20 കിലോമീറ്റര്‍ സഞ്ചരിച്ച് സരോണിയില്‍ വ്യാഴാഴ്ചത്തെ യാത്ര അവസാനിപ്പിച്ചു. ജിണ്ടില്‍ നിന്നാരംഭിച്ച മറ്റൊരു യാത്ര സിഐടിയു സെക്രട്ടറി എ ആര്‍ സിന്ധു ഫ്ളാഗ്ഓഫ് ചെയ്തു. ഈ യാത്ര 20ന് റോത്തക്കില്‍ പ്രധാനജാഥയോടൊപ്പം ചേരും. ഭഗത്സിങ്ങിന്റെ ജന്മനാടായ പഞ്ചാബിലെ ഖട്കര്‍കലാനില്‍ നിന്നുള്ള യാത്ര വെള്ളിയാഴ്ച സിഐടിയു പ്രസിഡന്റ് കെ ഹേമലത ഫ്ളാഗ്ഓഫ് ചെയ്യും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!