Section

malabari-logo-mobile

പത്മനാഭപുരം കൊട്ടാരത്തില്‍ ഉടവാള്‍ കൈമാറി; നവരാത്രി എഴുന്നള്ളത്തിന് ഭക്തിനിര്‍ഭര തുടക്കം

HIGHLIGHTS : The sword was handed over in the Padmanabhapuram palace; Devotional start to Navratri festival

തിരുവനന്തപുരം:തലസ്ഥാനത്ത് നവരാത്രി പൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. ഘോഷയാത്രയ്ക്ക് മുന്നോടിയായി വ്യാഴാഴ്ച കാലത്ത് പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയില്‍ ഉടവാള്‍ കൈമാറ്റം നടന്നു.

പട്ടുവിരിച്ച പീഠത്തില്‍ സൂക്ഷിച്ച ഉടവാള്‍ സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശനില്‍ നിന്ന് സ്വീകരിച്ച് സംസ്ഥാന ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ആചാരപ്രകാരം തമിഴ്‌നാട് കന്യാകുമാരി ജില്ലാ ടെംപിള്‍ ജോയിന്റ് കമ്മീഷണര്‍ ഡി രത്നവേല്‍ പാണ്ഡ്യന് കൈമാറി. ജോയിന്റ് കമ്മീഷണറില്‍ നിന്നും തമിഴ്നാട് ദേവസ്വം ജീവനക്കാരന്‍ ഉടവാള്‍ ഏറ്റുവാങ്ങി.

sameeksha-malabarinews

കേരള, തമിഴ്‌നാട് സായുധ പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം ഘോഷയാത്ര കൊട്ടാരമുറ്റത്തേക്ക് നീങ്ങി. തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. രാവിലെ ഒന്‍പതരയോടെ ആനപ്പുറത്തേറി ഘോഷയാത്രയായി സരസ്വതീ വിഗ്രഹം പുറത്തേക്ക് എഴുന്നള്ളി. തൊട്ടുപിന്നാലെ അലങ്കരിച്ച ഇരു പല്ലക്കുകളിലായി വേളിമല കുമാര സ്വാമിയും ശുചീന്ദ്രം മുന്നൂറ്റി നങ്കയും.

വ്യാഴാഴ്ച രാത്രി വിഗ്രഹങ്ങള്‍ കുഴിത്തുറ മഹാദേവക്ഷേത്രത്തില്‍ ഇറക്കിപൂജ നടത്തും. പിറ്റേന്ന് രാവിലെ കളിയിക്കാവിളയില്‍ എത്തുന്ന ഘോഷയാത്രയെ കേരള പോലീസ്, റവന്യൂ, ദേവസ്വം അധികൃതര്‍ ചേര്‍ന്ന് വരവേല്‍ക്കും. ഘോഷയാത്ര ഒക്ടോബര്‍ 14 ന് വൈകിട്ട് തിരുവനന്തപുരത്തെത്തും. കുമാരസ്വാമിയെ കരമന മുതല്‍ വെള്ളിക്കുതിരപ്പുറത്താണ് എഴുന്നള്ളിക്കുന്നത്.

സന്ധ്യയോടെ ഘോഷയാത്ര കിഴക്കേക്കോട്ടയില്‍ എത്തുമ്പോള്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉടവാള്‍ ഏറ്റുവാങ്ങി ഘോഷയാത്രയെ ആചാരപ്രകാരം വരവേല്‍ക്കും. പദ്മതീര്‍ഥക്കുളത്തിലെ ആറാട്ടിനുശേഷം സരസ്വതി മണ്ഡപത്തിലാണ് സരസ്വതിദേവിയെ പൂജയ്ക്കിരുത്തുന്നത്. കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. നവരാത്രി പൂജയാനന്തരം ഒരു ദിവസത്തെ നല്ലിരുപ്പിന് ശേഷം ഒക്ടോബര്‍ 26 ന് മൂന്ന് വിഗ്രഹങ്ങളും തിരുവനന്തപുരത്തു നിന്നും തിരിച്ചെഴുന്നള്ളത്തായി പദ്മനാഭപുരത്തേക്ക് പുറപ്പെടും.

ഉടവാള്‍ കൈമാറ്റ ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, തമിഴ്നാട് ക്ഷീരവികസന വകുപ്പ് മന്ത്രി മനോ തങ്കരാജ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി അനന്തഗോപന്‍, കന്യാകുമാരി ജില്ലാ കളക്ടര്‍ എസ്.എന്‍ ശ്രീധര്‍, കേരള ദേവസ്വം ബോര്‍ഡ് സെക്രട്ടറി ആര്‍ രാജമാണിക്യം തുടങ്ങിയവരും സന്നിഹിതരായിരുന്നു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!