Section

malabari-logo-mobile

ആംബുലന്‍സ് ലഭ്യമല്ലാതായതിനെ തുടര്‍ന്ന് മഴക്കെടുതിയില്‍ പരിക്കേറ്റ് വിദഗ്ധ ചികിത്സ കിട്ടാന്‍ വൈകിയ യുവാവ് മരിച്ചു

HIGHLIGHTS : A young man died after getting injured in the rain and was delayed in getting expert treatment

പാലക്കാട്: അട്ടപ്പാടി ഗൂളിക്കടവില്‍ കനത്ത മഴയെ തുടര്‍ന്ന് ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. അട്ടപ്പാടി സ്വദേശി ഫൈസല്‍ (25) ആണ് മരിച്ചത്. ഫൈസലിന് വിദഗ്ധ ചികിത്സ കിട്ടാന്‍ വൈകിയിരുന്നു. അട്ടപ്പാടി കോട്ടത്തറ ആശുപത്രിയില്‍ നിന്ന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഐസിയു സൗകര്യമുള്ള ആംബുലന്‍സ് ലഭ്യമല്ലാതായതോടെയാണ് ചികിത്സ വൈകിയത്.

കോട്ടത്തറ ആശുപത്രിയിലെ ഐസിയു സൗകര്യമുള്ള രണ്ട് ആംബുലന്‍സുകളും മാസങ്ങളായി കേടുപാടുകളെ തുടര്‍ന്ന് ഓടാതെ കിടക്കുകയായിരുന്നു. ഇതോടെ ഒറ്റപ്പാലത്ത് നിന്ന് ആംബുലന്‍സ് എത്തിച്ച ശേഷമാണ് ഫൈസലിനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ അവസരമൊരുങ്ങിയത്. എന്നാല്‍ ആശുപത്രിയിലേക്ക് പോകുംവഴി രക്തസ്രാവം അധികമായതോടെ അടുത്ത് വട്ടമ്പലത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ എത്തിക്കും മുമ്പ് തന്നെ മരണം സംഭവിച്ചു എന്നാണ് ഡോക്ടര്‍ സ്ഥിരീകരിച്ചത്.

വൈകീട്ടോടെയാണ് ഫൈസല്‍ ഓടിച്ചിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് വന്‍ മരത്തിന്റെ ഒരു ഭാഗം അങ്ങനെ തന്നെ അടര്‍ന്നുവീണത്. തലയ്ക്കായിരുന്നു സാരമായ പരിക്കേറ്റിരുന്നത്. ജോലിക്ക് പോകുംവഴിയാണ് ഫൈസല്‍ അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ കോട്ടത്തറ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!