പത്തനംതിട്ട: കച്ചവടക്കാരനെന്ന വ്യാജേനയെത്തി വീട്ടമ്മയെ ആക്രമിച്ചോടിയ യുവാവിനെ മകള്‍ പിന്നാലെ പിന്തുടര്‍ന്ന് പിടികൂടി. ചങ്ങനാശേരി അസംഷന്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ മകള്‍ അഞ്ജനയാണ് അമ്മയെ ആക്രമിച്ചുകൊണ്ടോടിയ യുവാവിനെ പിന്നാലെ ഓടിച്ചെന്ന് പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് 24 കാരനായ നിനേഷ് കച്ചവടക്കാരനെന്ന് പറഞ്ഞ് പുറമറ്റത്തെ രാധാകൃഷ്ണന്റെ വീട്ടിലെത്തിയത്. ഭാര്യ ശാമള സാധനങ്ങളൊന്നും വേണ്ടെന്ന് പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോഴേക്കും നിനേഷ് പുറകില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ശ്യാമള നിലത്തേക്ക് വീണു.
അകത്തെ മുറിയില്‍ പഠിച്ചുകൊണ്ടിരുന്ന അഞ്ജന ശബ്ദം കേട്ട് പുറത്തേക്ക് വന്നു. അപ്പോഴേക്കും നിനേഷ് ഓടിയിരുന്നു. അമ്മയെ എഴുന്നേല്‍പ്പിച്ച ശേഷം അഞ്ജന അക്രമിയുടെ പിന്നാലെ ഓടി. അപ്പോഴേക്കും അതുവഴി സ്‌കൂട്ടറില്‍ വന്ന സ്ത്രീയുടെ പുറകിലിരുന്ന് ആളെ പിന്തുടര്‍ന്നു.
പുറമറ്റത്തെ കവലയില്‍ അക്രമിയെ കണ്ടതോടെ ആളുകളെ കൂട്ടി നിനേഷിനെ പിടികൂടി. അക്രമിയെ പിടികൂടിയ അജ്ഞന അയാള്‍ക്ക് രണ്ട് അടിയും കൊടുത്തു. അപ്പോഴാണ് സമീപത്തെ വീട്ടിലും സമാനമായ രീതിയില്‍ ഇയാള്‍ ആക്രമിച്ചുവെന്ന് അറിഞ്ഞത്. ആ വീട്ടിലെ പെണ്‍കുട്ടിയും നിനേഷിനെ അടിച്ചു. തുടര്‍ന്ന് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ ധൈര്യത്തെ പൗരസമതി അഭിനന്ദിച്ചു.




