Section

malabari-logo-mobile

സഞ്ചാരികള്‍ക്ക് വിസ്മയമായി കോട്ടക്കുന്ന് ലേസര്‍ ഷോ വീണ്ടും ആരംഭിച്ചു

HIGHLIGHTS : The Kottakunkunn laser show has started again

തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിലെ ലേസര്‍ ഷോ നവീകരണത്തിന് ശേഷം വീണ്ടും തുടങ്ങി. നവീകരിച്ച ലേസര്‍ഷോയുടെ ഉദ്ഘാടനം മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. പി ഉബൈദുല്ല എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ ഷബീറലി പിഎസ്എ, ഒ സഹദേവന്‍, ഡിടിപിസി എക്സി. കമ്മിറ്റി അംഗം വിപി അനില്‍, സെക്രട്ടറി വിപിന്‍ ചന്ദ്ര, കോട്ടക്കുന്ന് പാര്‍ക്ക് കെയര്‍ ടേക്കര്‍ അന്‍വര്‍ ആയമോന്‍ എന്നിവര്‍ പങ്കെടുത്തു. മലപ്പുറത്തിന്റെ ചരിത്രവും സംസ്‌കാരവും പറയുന്ന ലേസര്‍ഷോയും സംഗീത ജലധാരയും കാണാന്‍ നിരവധി പേരാണ് ഉദ്ഘാടന ദിവസമായ ഞായറാഴ്ച കോട്ടക്കുന്നില്‍ എത്തിയത്.

മലപ്പുറത്തിന്റെ സംസ്‌കാരവും ചരിത്രവും പറയുന്ന 10 മിനിറ്റുള്ള പ്രദര്‍ശനവും സംഗീത ജലധാരയം സഞ്ചാരികള്‍ക്ക് പുതിയ അനുഭവം സമ്മാനിക്കും. ജലധാരയാണ് വീഡിയോ പ്രദര്‍ശനത്തിനുള്ള സ്‌ക്രീനായി ഉപയോഗിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും സഞ്ചാരികള്‍ക്കും അറിവ് പകരുന്ന രീതിയലാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ഉമര്‍ ഖാദി, ഉറൂബ് , ഇഎംഎസ് എന്നിങ്ങനെ ജില്ലയുടെ പെരുമ ഉയര്‍ത്തിയവരെ കുറിച്ചെല്ലാം പ്രദര്‍ശനത്തില്‍ പറയുന്നുണ്ട്. മലപ്പുറം ഫുട്ബോളിനെ അന്താരാഷ്ട്ര പ്രശസ്തമാക്കിയ ഇന്റര്‍ നാഷനല്‍ മൊയ്തീന്‍കുട്ടിയും അനസ് എടത്തൊടികയും ആഷിഖ് കുരുണിയനുമെല്ലാം വീഡിയോയില്‍ വരുന്നുണ്ട്. മലപ്പുറത്തിന്റെ വിവിധ ടൂറിസം കേന്ദ്രങ്ങളെ കുറിച്ച് അറിവ് പകരുന്നത് കൂടിയാണ് പ്രദര്‍ശനം.

sameeksha-malabarinews

ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് ഏഴിനാണ് പ്രദര്‍ശനമുണ്ടാവുക. ഓണം, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ പ്രത്യേക പ്രദര്‍ശനവുമുണ്ടാവും. കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിലേക്കുള്ള പ്രവേശന ടിക്കെറ്റെടുത്തവര്‍ക്ക് സൗജന്യമായി ആസ്വദിക്കാന്‍ കഴിയും. 2015 മാര്‍ച്ച് 28നാണ് രണ്ട് കോടി ചെലവില്‍ കോട്ടക്കുന്നിലെ ലേസര്‍ ഷോയും സംഗീത ജലധാരയും ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ ലേസര്‍ പ്രദര്‍ശനം കാണാനായി ഇവിടെ എത്തിയിരുന്നു. പിന്നീട് സാങ്കേതിക തകരാറിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തി വെക്കുകയായിരുന്നു. കോവിഡിനെ തുടര്‍ന്നാണ് അറ്റക്കുറ്റപ്പണി വൈകിയത്. കേടായ ഉപകരണങ്ങള്‍ ലഭിക്കാതിരുന്നതും തടസമായി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!