സമൂഹത്തിലെ എല്ലാവരുടെയും മുന്നേറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യം ;മന്ത്രി വി.അബ്ദുറഹിമാന്‍

മലപ്പുറം:സമൂഹത്തിലെ എല്ലാ വിഭാഗം ആള്‍ക്കാരുടെയും മുന്നേറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കായിക വകുപ്പ് മന്ത്രി  വി. അബ്ദുറഹിമാൻ. മലപ്പുറം ഡയറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ഹ്രസ്വചിത്രങ്ങളുടെ റിലീസിങും ഫിലിം ഫെസ്റ്റിവലും  ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ രംഗത്ത് മുമ്പില്ലാത്ത  വിധം മാറ്റം വരുത്താൻ  ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. സ്‌കൂള്‍ കെട്ടിടങ്ങളും ക്ലാസ് മുറികളും ആധുനിക വത്കരിച്ചു. കുട്ടികളുടെ കലാ-കായിക മികവ് വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനവും സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ഗവ. കോളജില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു.

മലപ്പുറം ഡയറ്റിന്റെ നേതൃത്വത്തില്‍ പട്ടികജാതി വികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സാമൂഹിക സാംസ്‌കാരിക കലാ മേഖലയില്‍ പ്രോത്സാഹനവും പരിശീലനവും നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തുന്നത്. ഇതിന്റെ ഭാഗമായി തിരക്കഥ രചന, അഭിനയം, ഫോട്ടോഗ്രാഫി, എഡിറ്റിംഗ്, ഡബിങ് തുടങ്ങിയ മേഖലകളില്‍ കുട്ടികള്‍ക്ക് വിദഗ്ദ പരിശീലനം നല്‍കിയിരുന്നു.

ചലച്ചിത്ര താരം വിനോദ് കോവൂര്‍ മുഖ്യാതിഥിയായി. ഡയറ്റ് പ്രിന്‍സിപ്പല്‍ ടി.വി ഗോപകുമാര്‍, ഷോര്‍ട് ഫിലം കോഡിനേറ്റര്‍ ഡോ. സലീമുദ്ദീന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി രമേഷ്‌കുമാര്‍, ഹയര്‍സെക്കന്‍ഡറി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ്കുമാര്‍, കോഴിക്കോട് പട്ടികജാതി വികസന ഓഫീസര്‍ കെ.പി ഷാജി, എസ്.എസ്‌.കെ പ്രൊജക്ട് ഓഫീസര്‍ ടി രത്‌നാകരന്‍, വിദ്യാകിരണം പദ്ധതി കോഡിനേറ്റര്‍ എം മണി, സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗം ഡോ. എം.പി നാരായണനുണ്ണി, ജില്ലാ പട്ടികജാതി വികസന ഓഫീസ് റിസര്‍ച് അസിസ്റ്റന്റ് എ.ആര്‍ ഫിറോസ്, ഡയറ്റ് സുപ്രണ്ട് അനു രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top