Section

malabari-logo-mobile

പ്ലസ് വണ്‍ പ്രവേശന അപേക്ഷാ സമര്‍പ്പണം 16 മുതല്‍

HIGHLIGHTS : Plus One admission application submission from 16

പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ഏകജാലക ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം മേയ് 16ന് ആരംഭിക്കും. അപേക്ഷകര്‍ക്ക് സ്വന്തമായോ അല്ലെങ്കില്‍ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും അതതു പ്രദേശങ്ങളിലെ ഗവണ്‍മെന്റ് /എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനുള്ള അവസാന തീയതി മേയ് 25 ആയിരിക്കും.

ഏകജാലക അഡ്മിഷന്‍ ഷെഡ്യൂള്‍

sameeksha-malabarinews

ട്രയല്‍ അലോട്ട്മെന്റ് തീയതി : മേയ് 29

ആദ്യ അലോട്ട്മെന്റ് തീയതി : ജൂണ്‍ 5

രണ്ടാം അലോട്ട്മെന്റ് തീയതി : ജൂണ്‍ 12

മൂന്നാം അലോട്ട്മെന്റ് തീയതി : ജൂണ്‍ 19

ജൂണ്‍ 24 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കും (മുന്‍ വര്‍ഷം ക്ലാസ്സുകള്‍ ആരംഭിച്ചത് ജൂലൈ 5 ന് ആയിരുന്നു). ആദ്യ കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി 2024 ജൂലൈ 31 ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും. പ്രവേശനമാനദണ്ഡമായ വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് തുല്യമായി വരുന്ന സാഹചര്യത്തില്‍ അക്കാദമിക മെറിറ്റിന് മുന്‍ തൂക്കം ലഭിക്കുന്ന തരത്തില്‍ ഗ്രേസ് മാര്‍ക്കിലൂടെയല്ലാതെയുള്ള അപേക്ഷകനെ റാങ്കില്‍ ആദ്യം പരിഗണിക്കും. പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പതിനാല് (14) മോഡല്‍ റെസിഡെന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വര്‍ഷം മുതല്‍ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും. ഈ സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ച് നിര്‍ദ്ദിഷ്ട പ്രവേശന ഷെഡ്യൂള്‍ പ്രകാരം അലോട്ട്മെന്റ് പ്രക്രിയയിലൂടെ പ്രവേശനം സാധ്യമാക്കും. 2024-25 അധ്യയന വര്‍ഷം പ്ലസ് വണ്‍ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരി പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാര്‍ത്ഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനും അലോട്ട്മെന്റ് പ്രക്രിയയുടെ ആരംഭത്തില്‍ തന്നെ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തില്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും 30% മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ്.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളില്‍ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20% മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ്.

ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് 10% കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ്.

കൊല്ലം, എറണാകുളം, തൃശ്ശ്യൂര്‍ എന്നീ മൂന്ന് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും 20% മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ്.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും 20% മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ്.

മറ്റ് മൂന്ന് ജില്ലകളായ പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് ഇല്ല.

2022-23 അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും കൂടി ചേര്‍ന്ന 81 ബാച്ചുകളും 2023-24 അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 97 ബാച്ചുകളും ഈ വര്‍ഷം കൂടി തുടരും.

മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവിലൂടെ ലഭ്യമാകുന്ന ആകെ സീറ്റുകള്‍ – 61,759

178 താല്‍ക്കാലിക ബാച്ചുകളിലൂടെ ലഭ്യമാകുന്ന ആകെ സീറ്റുകള്‍ – 11,965

മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവിലൂടെയും താല്‍ക്കാലിക ബാച്ചുകളിലൂടെയും ലഭ്യമാകുന്ന ആകെ സീറ്റുകള്‍ – 73,724

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!