
റായ്പൂര്‍: സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്പീക്കര്‍ സമ്മാനമായി നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 20-കാരനടക്കം ഏഴു പേര്‍ അറസ്റ്റില്‍.
ഛത്തീസ്ഗഡിലെ ഖേര്‍ഗഡ് ജുയിഖദാന്‍ ഗണ്ഡായി ജില്ലയിലെ മാന്‍പൂറിലാണ് സംഭവം. ഓഗസ്റ്റ് 15നാണ് ഇവിടെ ചെറിയൊരു ഇലക്ട്രിക്കല്‍ ഷോപ്പ് നടത്തുന്ന അഫ്‌സര്‍ ഖാന് ഒരു കൊറിയര്‍ ലഭിക്കുന്നത്. ഇന്ത്യ പോസ്റ്റിന്റെ ലോഗോയില്‍ ഗിഫ്റ്റ് റാപ്പറിലായിരുന്നു പൊതിയെത്തിയത്. എന്നാല്‍ ആരാണ് അയച്ചതെന്നുള്ള വിവരം ഒന്നും കവറിന് പുറത്തുണ്ടായിരുന്നില്ല. ഓഗസ്റ്റ് 15 ന് കട അവധി ആയിരുന്നതിനാല്‍ സമ്മാന പൊതി കൊണ്ടുവന്നവരേയും കാണാനായിരുന്നില്ല. അടുത്ത ദിവസം കടയിലെത്തിയപ്പോഴാണ് സമ്മാനപ്പൊതി ശ്രദ്ധയില്‍ വരുന്നത്. റാപ്പര്‍ മാറ്റിയപ്പോള്‍ ഒരു സ്പീക്കറാണ് അഫ്‌സര്‍ ഖാന് കണ്ടത്. എന്നാല്‍ സാധാരണ സ്പീക്കറുകളേക്കാള്‍ ഭാരം ഉണ്ടായിരുന്നു ഇതിന്.
എന്തോ പന്തികേട് തോന്നിയ അഫ്‌സര്‍ ഖാന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിക്കുമ്പോഴാണ് സ്പീക്കറിനുള്ളില്‍ ബോംബ് വച്ചത് ശ്രദ്ധിക്കുന്നത്. പിന്നാലെ ബോംബ് സ്‌ക്വാഡ് രംഗത്ത് എത്തുകയും ബോംബ് നിര്‍വീര്യമാക്കുകയുമായിരുന്നു. രണ്ട് കിലോ ഭാരം വരുന്ന ഐഇഡി ബോംബാണ് സ്പീക്കറിനുള്ളില്‍ കണ്ടെത്തിയത്. കേസില്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഐടിഐ ഡിപ്ലോമയുള്ള വിനയ് വര്‍മ പിടിയിലായത്.
കുഴല്‍ക്കിണറുകളിലും ഇലക്ട്രീഷ്യനായും ജോലി ചെയ്തിരുന്ന ഇയാള്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തുള്ള പരിചയമുണ്ടായിരുന്നു . ഇയാളുടെ ഫോണിലെ സെര്‍ച്ച് ഹിസ്റ്ററിയില്‍ നിന്നാണ് ബോംബ് നിര്‍മ്മാണത്തേക്കുറിച്ച് ഇയാള്‍ ഓണ്‍ലൈനില്‍ നിന്ന് പഠിച്ചതാണെന്ന് വ്യക്തമായത്. ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഉപയോഗിച്ചാണ് വിനയ് വര്‍മ സ്പീക്കറിനുള്ളില്‍ ബോംബ് തയ്യാറാക്കിയത്. സ്പീക്കര്‍ ഇലക്ട്രിക് സോക്കറ്റില്‍ കണക്ട് ചെയ്താല്‍ പൊട്ടിത്തെറിക്കുന്ന രീതിയിലായിരുന്നു ബോംബ് സെറ്റ് ചെയ്തിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് അഫ്‌സര്‍ ഖാനെ കൊല്ലാനുള്ള ശ്രമം ആണെന്ന് വിനയ് ശര്‍മ വിശദമാക്കിയത്.
അടുത്ത ഗ്രാമത്തില്‍ നിന്നുള്ള അഫ്‌സര്‍ ഖാന്റെ ഭാര്യയെ ഏറെക്കാലമായി വിനയ് സ്‌നേഹിച്ചിരുന്നു. സ്‌കൂള്‍ കാലം മുതല്‍ ഒരേ സ്‌കൂളിലായിരുന്നു ഇരുവരും പഠിച്ചിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയെ അടുത്ത ഗ്രാമത്തിലെ അഫ്‌സര്‍ ഖാന് വിവാഹം ചെയ്തത് 20കാരനെ പ്രകോപിതനാക്കുകയായിരുന്നു. ദുര്‍ഗ് ജില്ലയിലെ ഒരു ക്വാറിയില്‍ നിന്ന് വിനയ് വര്‍മയുടെ സുഹൃത്തുക്കളാണ് ഐഇഡി പണം നല്‍കി ശേഖരിച്ചത്. ഇവരാണ് സ്പീക്കര്‍ ബോംബ് പൊതിഞ്ഞ് പോസ്റ്റ് ഓഫീസിന്റെ സീല്‍ പതിപ്പിച്ച് അഫ്‌സര്‍ ഖാന്റെ കടയിലെത്തിച്ചത്. സംഭവത്തില്‍ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരമേശ്വര്‍ വര്‍മ, ഗോപാല്‍ വര്‍മ, ഘാസിറാം വര്‍മ, ദിലീപ് ദിമര്‍, ഗോപാല്‍ ഖേല്‍വാര്‍ എന്നിവരാണ് അറസ്റ്റിലായത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




