പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ ചുംബിക്കാന്‍ ശ്രമിച്ച പാമ്പ് പിടുത്തക്കാരന് ചുണ്ടില്‍ കടിയേറ്റു. കര്‍ണാടകയിലെ ഷിമോഗയിലാണ് സംഭവം. കടിയേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.
ബുധനാഴ്ച ഭദ്രാവതിയിലെ ബൊമ്മനക്കാട്ടെ ഗ്രാമത്തിന് സമീപമുള്ള ഒരു കല്യാണ വീട്ടില്‍ രണ്ട് പാമ്പുകളെ കണ്ടതോടെയാണ് വീട്ടുകാര്‍ അലക്സിനെ വിവരമറിയിച്ചത്.
പാമ്പുകളെ പിടികൂടിയ ശേഷം അലക്സ് പാമ്പില്‍ ഒന്നിനെ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ചുണ്ടില്‍ കടിയേറ്റത്. പിന്നീട് അദ്ദേഹത്തെ ഷിമോഗയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പാമ്പുകളേയും കാട്ടിലേക്ക് വിട്ടു. കടിയേറ്റ അലക്സ് അപകടനില തരണംചെയ്തു.




