
വായനാ രംഗത്ത് കേരളം ലോകത്തിന് മാതൃകയാണെന്നും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പാരമ്പര്യം കേരളത്തെ കാലത്തിന് മുന്നേ നടത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വായനാദിനാചരണങ്ങള്‍ ആധുനിക കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തെയും സമ്പന്നമായ പൈതൃകത്തെയും ഓര്‍മ്മപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ടാഗോര്‍ തിയേറ്ററില്‍ നടന്ന 30-ാം മത് ദേശീയ വായനാ മഹോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മലയാളിയെ വായിക്കാന്‍ പഠിപ്പിച്ച പി.എന്‍. പണിക്കര്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു. നീലംപേരൂരില്‍ ഗ്രന്ഥശാല സ്ഥാപിച്ചുകൊണ്ട് പൊതുരംഗത്തേക്ക് കടന്നുവന്ന പി. എന്‍. പണിക്കര്‍ ഗ്രന്ഥശാലകളുടെ കൂട്ടായ്മക്കായി പ്രവര്‍ത്തിച്ചു. ഇതിന്റെ തുടര്‍ച്ചയായി രൂപീകൃതമായ കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചതായി മുഖ്യമന്ത്രി അനുസ്മരിച്ചു.
വായനശാലകള്‍ കേവലം പുസ്തകങ്ങള്‍ വായിക്കാനുള്ള ഇടങ്ങള്‍ എന്നതിലുപരി അനേകം മനുഷ്യരെ വിദ്യാഭ്യാസത്തിലേക്കും വിവേകത്തിലേക്കും കൈപിടിച്ച് നടത്തിയ അറിവിന്റെ അക്ഷയഖനികളാണ്.
വിദ്യാലയങ്ങളും സര്‍വ്വകലാശാലകളും വരുന്നതിന് മുന്‍പ് ലോകത്തെമ്പാടുമുള്ള അറിവുകള്‍ സാധാരണക്കാര്‍ക്ക് പകര്‍ന്നു നല്‍കാന്‍ ഗ്രന്ഥശാലകള്‍ക്ക് കഴിഞ്ഞു. സാങ്കേതിക വിദ്യയുടെ കാലത്ത് പൊതുഇടങ്ങളും ചര്‍ച്ചകളും നല്ല നിലയില്‍ നിലനിര്‍ത്തേണ്ടതുണ്ട്. വായിച്ച പുസ്തകത്തിന്റെ ഉള്ളടക്കം മാത്രമല്ല, പകര്‍ന്നു കിട്ടിയ സന്ദേശങ്ങളും കാഴ്ചപ്പാടുകളും സമൂഹത്തിന് പകര്‍ന്നു നല്‍കാനും വായനശാലാ ചര്‍ച്ചകള്‍ക്ക് കഴിയണം. ലഹരി പോലുള്ള സാമൂഹിക വിപത്തുകള്‍ക്കെതിരെ പൊതുബോധം വളര്‍ത്താനും ഇത്തരം ഇടങ്ങള്‍ ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തെ വിശാലമായ കാഴ്ചപ്പാടിലൂടെ കാണാന്‍ വായന സഹായിക്കും. കുട്ടികള്‍ പാഠപുസ്തകങ്ങള്‍ക്കൊപ്പം മറ്റു പുസ്തകങ്ങളും വായിക്കണം. വായനയിലൂടെ ലഭിക്കുന്ന വിവേകം ശരിയും തെറ്റും തിരിച്ചറിയാന്‍ പ്രാപ്തമാക്കും. ഇത് യുദ്ധങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കി സമാധാനം നിലനിര്‍ത്താന്‍ അനിവാര്യമാണ്. പുസ്തകങ്ങളുടെ കാലം കഴിഞ്ഞുവെന്ന ധാരണ തെറ്റാണ്. ഡിജിറ്റല്‍ വായനയും പോഡ്കാസ്റ്റുകളും വായനയുടെ രൂപം മാറ്റിയെങ്കിലും അറിവിന്റെ ഉറവിടം പുസ്തകങ്ങളാണ്. പി.എന്‍. പണിക്കരുടെ ”വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക” എന്ന മുദ്രാവാക്യം വായനയുടെ പ്രാധാന്യം എടുത്തുകാട്ടുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മനുഷ്യന്‍ പൂര്‍ണനാവുന്നത് വായനയിലൂടെയാണെന്ന് മനസിലാക്കി കുട്ടികള്‍ വായനയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
വായനക്ക് 10 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി നല്‍കുന്നത് പരിഗണനയിലാണെന്നും ഇക്കൊല്ലം തന്നെ അത് നടപ്പിലാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചര്‍ത്തു.ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി വി സുഭാഷ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് ഡയറക്ടര്‍ കെ ജയകുമാര്‍, ടി കെ എ നായര്‍, കുമ്മനം രാജശേഖരന്‍, എം. വിജയകുമാര്‍, പാലോട് രവി, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, നാഷണല്‍ സര്‍വീസ് സ്‌കീം സ്റ്റേറ്റ് ഓഫീസര്‍ അന്‍സര്‍ ആര്‍ എന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




