മന്ത്രിയുടെ ഇടപെടല്‍: താനൂര്‍ തെയ്യാല റോഡ് റെയില്‍വെ ഗേറ്റ് താത്ക്കാലികമായി തുറന്നു

താനൂര്‍; മന്ത്രി വി.അബ്ദുറഹിമാന്റെ ഇടപെടലിനെ തുടര്‍ന്ന് തെയ്യാല റോഡ് റെയില്‍വെ ഗേറ്റ് താത്ക്കാലികമായി തുറന്നു. നിലവില്‍ ചെറിയ വാഹനങ്ങളാണ് കടത്തി വിടുന്നത്. 2.75 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള വാഹനങ്ങള്‍ ഇതു വഴി കടന്നുപോകാന്‍ കഴിയില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ കലക്ടറാണ് ഗേറ്റ് തുറക്കാന്‍ ഉത്തരവ് നല്‍കിയത്. ഗേറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ സ്‌റ്റേഷനിലേക്ക് ചില സംഘടനകള്‍ മാര്‍ച്ച് നടത്തിയിരുന്നു. മേല്‍പ്പാലം നിര്‍മാണത്തിന്റെ പൈലിങ് പ്രവൃത്തികള്‍ക്കായാണ് റെയില്‍വേ ഗേറ്റ് അടച്ചത്. എന്നാല്‍ പൈലിങ് പ്രവൃത്തി അവസാനിച്ചിട്ട് രണ്ടു മാസം പിന്നിട്ടിട്ടും ഗേറ്റ് തുറക്കുന്ന നടപടിയെടുക്കാന്‍ റെയില്‍വേ അധികൃതര്‍ തയ്യാറായില്ല.

ഗേറ്റ് തുറക്കാന്‍ വൈകിയതു കാരണം പ്രദേശവാസികള്‍ ഏറെ പ്രയാസത്തിലായിരുന്നു. കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ക്ക് താനൂര്‍ നഗരത്തിലെത്താന്‍ ഒന്നര കിലോമീറ്റര്‍ ചുറ്റേണ്ടിയിരുന്നു. ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ റെയില്‍വേ അധികൃതരുമായി ചര്‍ച്ച നടത്തി. ഗേറ്റ് താല്‍ക്കാലികമായി തുറക്കാമെന്ന് തീരുമാനമെടുത്തെങ്കിലും പാലക്കാട് റെയില്‍ ഡിവിഷനില്‍ നിന്നും തുറക്കുന്നതിന് നടപടി സ്വീകരിച്ചില്ല.

സതേണ്‍ റെയില്‍വെ മാനേജറുമായി തിരുവനന്തപുരത്ത് വെച്ച് മന്ത്രി ചര്‍ച്ച നടത്തുകയും ജനറല്‍ മാനേജര്‍ ഗെയിറ്റ് തുറക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്യുകയുണ്ടായി. ശേഷം കേന്ദ്ര റെയില്‍വെ മന്ത്രിയെ നേരില്‍ കാണുകയും കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തതിനെ തുടര്‍ന്ന് അടിയന്തരമായി സ്ഥലം പരിശോധിച്ച് ഗേറ്റ് താല്‍ക്കാലികമായി തുറന്ന് കൊടുക്കാന്‍ സതേണ്‍ റെയില്‍വേക്ക് റെയില്‍വെ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതേ തുടര്‍ന്ന് പാലക്കാട് ഡിവിഷനില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും തുടര്‍ന്ന് താല്‍ക്കാലികമായി റെയില്‍വെ ഗെയിറ്റ് തുറക്കാന്‍ തീരുമാനമാനിക്കുകയും ചെയ്തു.

ഈ മാസം അവസാനിക്കുന്നതിന് മുമ്പായി ഗേറ്റ് വീണ്ടും അടയ്ക്കും. റെയില്‍വെ ട്രാക്കിന്റെ മുകളില്‍ ഘടിപ്പിക്കുന്ന ബീമുകള്‍ സ്ഥാപിക്കുന്നതിന് രണ്ട് തൂണുകളുടെ പ്രവൃത്തി തുടങ്ങുന്നതിന് വേണ്ടിയാണ് വീണ്ടും അടയ്ക്കുന്നത്. രണ്ടു പില്ലറുകളും നിലവിലെ റോഡിന്റെ മധ്യത്തിലാണ് വരിക. അതുകൊണ്ടു തന്നെ ഗെയിറ്റ് അടയ്ക്കുകയല്ലാതെ പ്രവൃത്തി തുടങ്ങാന്‍ കഴിയുകയില്ല.

Share news
error: Content is protected !!
Scroll to Top