നവോത്ഥാനകാല പ്രബുദ്ധതയെ ഓര്‍മിപ്പിച്ച് സംവാദം  ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികം: സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഒത്തുചേരല്‍ നടന്നു

കേരളത്തിന്റെ നവോത്ഥാനകാലത്തിന്റെ പ്രബുദ്ധാശയങ്ങളെ കൂടുതല്‍ തിളക്കമുള്ളതാക്കണമെന്ന ബോധ്യമാണ് ക്ഷേത്രപ്രവേശനവിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച സാംസ്‌കാരികപ്രവര്‍ത്തകരുടെ ഒത്തുചേരലില്‍ ഉയര്‍ന്നത്.
ക്ഷേത്രപ്രവേശനത്തിന് ക്ഷേത്രങ്ങളുടെ കെട്ടിനുള്ളില്‍ ഒതുങ്ങാത്ത സാമൂഹികവും മതാതീതവുമായ ഒരു മാനം ഉണ്ടെന്ന് ഡോ.ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു. കേരളീയ നവോത്ഥാനത്തെ തമസ്‌കരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതിനെതിരെ ജാത്യതീതവും മതാതീതവുമായ മാനവാവബോധവും ആവിഷ്‌കാരങ്ങളും ഉയരണമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട ആളുകളാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് പ്രമുഖ സാഹിത്യകാരനായ പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു കെട്ടുകാഴ്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. കെട്ടുകഥകളാണ് കേരളത്തിന്റെ ചരിത്രമായിരുന്നത്. അതിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. വൈക്കത്തെ ദളവാകുളം പോലുള്ള സംഭവങ്ങളില്‍ നിന്നാണ് നാം ചരിത്രം പഠിക്കേണ്ടത്. ആശയപരമായ സംവാദങ്ങളില്‍ നാം പങ്കാളികളാവണമെന്നും അദ്ദേഹം പറഞ്ഞു.
നാം നേടേണ്ടത് ഒരു നവകേരള സാക്ഷരതയാണെന്ന് ആസൂത്രണബോര്‍ഡംഗം ഡോ. കെ.രവിരാമന്‍ പറഞ്ഞു. നാം നേടിയ സാക്ഷരതയില്‍ വിള്ളലുകളുണ്ട്. യൂറോപ്പിലെന്നപോലെ നമ്മുടെ നവോത്ഥാന ആധുനികതയും അപൂര്‍ണമാണ്. അത് വീണ്ടെടുക്കാമെന്നാണ് നമ്മുടെ പ്രത്യാശ. സവിശേഷമായ ഒരു ചരിത്രസാഹചര്യത്തിലാണ് നാം. അതിന് സ്ഥലപരവും ചരിത്രപരവും കര്‍തൃത്വപരവുമായ മാനങ്ങളുണ്ട്. ആള്‍ക്കൂട്ടം ആധിപത്യം സ്ഥാപിക്കുമ്പോള്‍ ധാര്‍മികാധികാരം നഷ്ടമാവും. ഇന്നത്തെ സാഹചര്യത്തില്‍ ധാര്‍മികാധികാരം ഇന്ത്യന്‍ ഭരണഘടനയ്ക്കാണെന്നും ഡോ.രവിരാമന്‍ പറഞ്ഞു.
സമൂഹത്തെ പരിഷ്‌കരിക്കാനും പരിവര്‍ത്തിപ്പിക്കുവാനും പറ്റുന്ന വിധിയാണിതെന്ന് പിരപ്പന്‍കോട് മുരളി പറഞ്ഞു. പുതിയ ക്ഷേത്രപ്രവേശനം നടപ്പാക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരണം. ആചാരസംരക്ഷണമാണ് പ്രധാനമെങ്കില്‍ നരബലിയും മുലക്കരവുമൊക്കെ തിരിച്ചുകൊണ്ടുവരാന്‍ തയാറാവുമോയെന്ന് അദ്ദേഹം ചോദിച്ചു. ആചാരങ്ങളും വിശ്വാസങ്ങളുമല്ല, മാനവസ്വാതന്ത്ര്യവും മൗലികസ്വാതന്ത്ര്യവുമാണ് പ്രധാനമെന്നാണ് സനാതനഹിന്ദുവായ ഗാന്ധിജി പറഞ്ഞതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. നല്ല കേരളം സൃഷ്ടിക്കുവാന്‍ സര്‍ക്കാരിനോടൊപ്പം, കോടതിവിധിക്കൊപ്പം നിലകൊള്ളണമെന്ന് സിനിമാപ്രവര്‍ത്തകയായ ഭാഗ്യലക്ഷ്മി പറഞ്ഞു. ന്യൂനപക്ഷം മാത്രമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഭൂരിപക്ഷം പുറത്തേക്കിറങ്ങിയാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളു. ഇരുട്ടിലേക്കു പോവണോ അതോ വെളിച്ചത്തിലേക്കു പോവണോ എന്ന് തീരുമാനിക്കേണ്ടത് നമ്മളാണെന്നും അവര്‍ പറഞ്ഞു.
നവോത്ഥാനം എന്നാല്‍ തുല്യതയാണെന്ന് മാധ്യമനിരീക്ഷകനായ ഭാസുരേന്ദ്രബാബു പറഞ്ഞു. ജാതിവാലുകള്‍ കൈയൊഴിയാന്‍ നമുക്കു കഴിയണം. പുതിയ തിരിച്ചറിവുകളിലേക്കും പുതിയ ഉണര്‍വുകളിലേക്കും എത്താനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്നല്ലെങ്കില്‍ നാളെ അന്ധവിശ്വാസങ്ങള്‍ മാറ്റിയെടുക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രിയുടെ ശാസ്‌ത്രോപദേഷ്ടാവ് എം. സി. ദത്തന്‍ പറഞ്ഞു. തുല്യതയ്‌ക്കെതിരായി നില്‍ക്കുന്ന ഏത് അനാചാരത്തെയും മാറ്റിയെടുക്കേണ്ടതുണ്ട്. രണ്ടാം ക്ഷേത്രപ്രവേശനവിളംബരമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും അതുണ്ടായത് സുപ്രീംകോടതിയില്‍ നിന്നാണെന്നും നിയമപരിഷ്‌കരണ കമ്മിഷന്‍ അംഗം ശശിധരന്‍ നായര്‍ പറഞ്ഞു. സുപ്രീംകോടതി വിധിയില്‍ പറയുന്നത് അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളെപ്പറ്റിയാണെന് നും അദ്ദേഹം പറഞ്ഞു.
സമത്വബോധത്തിന്റെയും തുല്യതാബോധത്തിന്റെയും നമ്മുടെ നവോത്ഥാനമൂല്യങ്ങളുടെയും പ്രതീകമായ അയ്യപ്പന്റെ പേരിലാണ് ലിംഗനീതിക്കുനേരെ ആക്രമണം ഉയര്‍ത്തുന്നതെന്ന് മാധ്യമപ്രവര്‍ത്തകയായ സരിതാവര്‍മ പറഞ്ഞു.
മലയാളിക്കുള്ള ആദരം തകര്‍ക്കുന്ന അസംബന്ധനാടകമാണ് ഇപ്പോള്‍ നടക്കുന്നതെന്ന്് ചലച്ചിത്രസംവിധായകനായ കെ.പി. കുമാരന്‍ പറഞ്ഞു. ശാസ്ത്രം ഏറെ വളര്‍ന്ന ഇക്കാലത്ത് കേരളജനതയുടെ നിശ്ശബ്ദഭൂരിപക്ഷത്തിനു നേരയുള്ള വെല്ലുവിളിയാണിത്.
കേരളം നവോത്ഥാനമൂല്യങ്ങളില്‍നിന്ന് പിന്തിരിപ്പന്‍ മൂല്യങ്ങളിലേക്ക് പോവുകയാണെന്ന് മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു പറഞ്ഞു. സാധാരണ പരിസ്ഥിതിയല്ല ഇപ്പോഴുള്ളത്. മാധ്യമങ്ങള്‍ക്ക് ഇതിന്റെ പ്രസക്തി ബോധ്യമായിട്ടുണ്ട്. നിരവധി വനിതാമാധ്യമപ്രവര്‍ത്തകര്‍ ആക്രമണത്തിനിരയായതും അദ്ദേഹം ഓര്‍മിപ്പിച്ചു.
ക്ഷേത്രപ്രവേശനവിളംബരത്തിന്റെ ഒരു വിശദീകരണക്കുറിപ്പായാണ് സുപ്രീംകോടതി വിധി അനുഭവപ്പെടുകയെന്ന് ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍ പറഞ്ഞു. കാലത്തിന് അനുസൃതമായി മാറേണ്ടവയും നിയമങ്ങള്‍ക്ക് വിധേയമാവേണ്ടതുമാണ് ആചാരങ്ങളെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധി ഒരു സാംസ്‌കാരികരേഖയാണെന്ന് പ്രമുഖ ചിത്രകാരനായ അജയകുമാര്‍ പറഞ്ഞു. കെട്ടുകഥകളില്‍ ജീവിക്കുന്ന ജനതയാണ് നാം. ആ കഥകളെ അപനിര്‍മിക്കുകയാണ് നമുക്ക് സാംസ്‌കാരികമായി സാധ്യമാവുകയെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ജമാല്‍ മുഹമ്മദ്, നേമം പുഷ്പരാജ്, ചലച്ചിത്ര സംവിധായകന്‍ അനില്‍ നാഗേന്ദ്രന്‍, ബാലു കിരിയത്ത്്, ഡോ.വിവേകാനന്ദന്‍, ഡോ.രഞ്ജിത്, ഡോ.അരുണ്‍കുമാര്‍, സി.അശോകന്‍, സാബു കോട്ടുക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വി.ജെ.ടി ഹാളില്‍ നടന്ന സംവാദത്തില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.വി.കാര്‍ത്തികേയന്‍ നായര്‍ മോഡറേറ്ററായിരുന്നു. കേരളം എങ്ങോട്ടു പോവണമെന്ന് ഈ പ്രബുദ്ധകേരളം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാനവികത, സമത്വം, സാഹോദര്യം എന്നിവയാണ് നവോത്ഥാന പ്രബുദ്ധതയുടെ മൂല്യങ്ങള്‍. ആ നവോത്ഥാനത്തിന് മങ്ങലേറ്റിട്ടുണ്ടെങ്കില്‍ അതിന് തിളക്കമുണ്ടാകാനുള്ള ദൗത്യന്റെ വേദിയാണിതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള അമ്പതോളം പേര്‍ കൂട്ടായ്മയില്‍ പങ്കെടുത്തു.

Related Articles