Section

malabari-logo-mobile

ജീവിതം അടച്ചു വെച്ച ഒരു കഞ്ഞിപ്പാത്രം….

HIGHLIGHTS : teachers day memories

കുട്ടികളുടെ നിർബന്ധത്തിനു
വഴങ്ങിയാണ് അവൻ്റെ കഞ്ഞിപ്പാത്രം പരിശോധിക്കണമെന്ന ചിന്ത മനസ്സിലെത്തിയത്.

ഉച്ചയ്ക്ക്‌ ക്ലാസ് ലീഡർ ഒരു ശ്രമം നടത്തിയിരുന്നുവത്രേ…
പക്ഷേ അവനതിനെ പല്ലും നഖവുമുപയോഗിച്ച് എതിർത്തു തോൽപ്പിച്ചു കളഞ്ഞു.

sameeksha-malabarinews

അങ്ങനെയാണ് പരാതിയുമായി കുട്ടികൾ സ്റ്റാഫ് റൂമിലെത്തിയത്…
ഉച്ചകഴിഞ്ഞുള്ള ക്ലാസ്സ് സമയത്ത്നോക്കാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു കുട്ടികളെ ക്ലാസ്സിലേക്കയച്ചു…

ക്ലാസ്സ് തുടങ്ങാൻ നേരം ചെല്ലുമ്പോൾ കുട്ടികൾ പറഞ്ഞ കാര്യം മനസ്സിൽ നിന്ന് പോയിരുന്നു എന്നതാണ് സത്യം.

പെട്ടന്നാണ് തൻ്റെ ഉച്ചക്കഞ്ഞിപ്പാത്രം മാറോടടക്കിപ്പിടിച്ച് തല താഴ്ത്തിയിരിക്കുന്ന ആ രൂപം ശ്രദ്ധയിൽ പെട്ടത്.
പോലീസ് കസ്റ്റഡിയിൽ ഉള്ള കുറ്റവാളിയെ ഫോട്ടോയെടുക്കാൻ നിർത്തിയ പോലെയാണ് നിൽപ്പ്.

മുമ്പും ശ്രദ്ധിച്ചതാണ് അവൻ്റെ ആ അടപ്പുള്ള കഞ്ഞിപ്പാത്രം.
മറ്റുള്ള കുട്ടികൾ ഉച്ചക്കഞ്ഞിക്ക്
പ്ലെയ്റ്റുമായി വരുമ്പോൾ ,ഇവൻ
മാത്രം ആ പ്രായത്തിലുള്ള രണ്ടോ മൂന്നോ പേർക്ക് കഴിക്കാവുന്ന അളവിൽ കഞ്ഞിവിളമ്പാവുന്ന അടപ്പുള്ള പാത്രവുമായി ക്യൂ നിൽക്കുന്നത് കണ്ടിട്ടുണ്ട്. അവൻ്റെ രൂപത്തോട് തീരെ നീതി പുലർത്താത്ത ഒരു കഞ്ഞിപ്പാത്രം. പണ്ട്ആശുപത്രിയിലൊക്കെ ഉപയോഗിക്കുന്ന അടപ്പൊക്കെ കോടിയ ഒരു പഴയ അലൂമിനിയപ്പാത്രമായിരുന്നു അത് .

പാത്രം നിറയുന്നത് വരെ നീട്ടിപ്പിടിച്ച് മൂന്നും നാലും തവി കഞ്ഞി വാങ്ങി പയറും കടലയുമൊക്കെ അതേ പാത്രത്തിൽ തന്നെ ഇട്ട് അവൻകുട്ടികൾക്കിടയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കാണാം.

ഇന്ന് അവൻെറ ആവലിയ പാത്രത്തിൻ്റെ രഹസ്യം കുട്ടികളാരോ കണ്ടെത്തിയിരിക്കുന്നു.അവൻ വാങ്ങുന്ന കഞ്ഞി മുഴുവൻ കഴിക്കുന്നില്ല. വീട്ടിൽ കൊണ്ടു പോകുന്നുമുണ്ട്. ഇടക്കവൻ കുട്ടികൾ രണ്ടാമത് വാങ്ങുന്ന കഞ്ഞി അധികമായാൽ അവൻ്റെ പാത്രത്തിലേക്ക് ഒഴിപ്പിക്കാറുണ്ട്,
ഇന്നവൻ ഒരു അതിബുദ്ധി കാണിച്ചു.ആരോടോ വീണ്ടും കഞ്ഞി വാങ്ങി അവൻെറ പാത്രത്തിലേയ്ക്ക് ഒഴിക്കാൻ പറഞ്ഞു. കുട്ടികൾക്കിടയിൽ അത് ചർച്ചയായി അങ്ങനെയാണ് ക്ലാസ് ലീഡറുടെ നേതൃത്വത്തിൽ പരിശോധനയ്ക്കുള്ള ശ്രമവും ബലപ്രയോഗവുമൊക്കെയുണ്ടായത്.

കുട്ടികളുടെ മുഖഭാവം കണ്ടാലറിയാം. അവരാ പരിശോധന കാത്തിരിക്കുകയാണ്.
എന്തായാലും പരസ്യ പരിശോധനക്കില്ല എന്ന് തീരുമാനിച്ചു.ഉച്ചക്കഞ്ഞിയാണ് എന്നും ബാക്കിയാവുന്നതാണ്.

വീട്ടിൽ കൊണ്ട് പോകുന്നത് എന്തിനെന്നറിയണം.
പശുവിന്, ആടിന് അല്ലെങ്കിൽ കോഴിക്ക് അല്ലാതെ എന്നുമിങ്ങനെ കഷ്ടപ്പെട്ട് കൊണ്ട് പോവില്ലാ എന്നുറപ്പ്.

ഉച്ചക്ക് ശേഷമുള്ള രണ്ടാമത്തെ പിരിയഡ് കഴിഞ്ഞാൽ ഒരു ബ്രേക്കുണ്ട്. പിന്നെ മിക്കവാറും ക്ലാസ് നടക്കില്ല. കുട്ടികൾ എല്ലാവരും കളിക്കാനായിപുറത്തേക്ക് ഓടി. മെല്ലെ അവൻ്റെ അടുത്തേക്ക് ചെന്നു. പാത്രം പ്ലാസ്റ്റിക് കൊണ്ട് നെയ്ത പഴയ മോഡൽ ബാഗിലേക്ക് മാറ്റിയിട്ടുണ്ട്. അതും അക്കാലത്ത് അവൻ്റെ കൈയ്യിലേ കണ്ടിട്ടുള്ളൂ. കാവലായിഅവൻ ക്ലാസ്സിൽ തന്നെ ഇരിക്കുന്നു. അവൻെറ ദയനീമായനോട്ടം കണ്ടപ്പോൾ എന്താണെന്നറിയില്ല പാത്രം തുറന്ന് കാണിക്കാൻ പറയാൻ തോന്നിയില്ല.
ഒമ്പത് വയസ്സുള്ള കുട്ടിയാണ് ആ പ്രയാസം ഊഹിക്കാവുന്നതേ ഉള്ളൂ. പകരം വീടെവിടെയാണെന്ന് ചോദിച്ചു…
വീട്ടിലാരൊക്കെ ഉണ്ടെന്നും…

എന്തായാലും ആ പാത്രം നിറയെ കഞ്ഞി എന്നും അവൻ വീട്ടിൽ കൊണ്ടു പോകുന്നതിൻ്റെ രഹസ്യം ഒന്നറിയണമല്ലോ.

അവൻ്റെ വീട് സ്കൂളിലേക്ക് വരുന്ന വഴിയിൽ തന്നെയാണ്. പോയി നോക്കാൻ പ്രയാസമില്ല.
സ്കൂൾ വിട്ട് പോവുമ്പോൾ ഞാൻ കൂടെവീട്ടിലേക്കുണ്ടെന്ന് പറഞ്ഞപ്പോൾ അവനാകെ വല്ലാതായി.

സ്കൂൾ വിട്ട ഉടനെ അവനെതേടിച്ചെന്നു.
കരച്ചിലിൻ്റെവക്കോളമെത്തിയിട്ടുണ്ടെങ്കിലും അവൻ അനുസരണയോടെ ബൈക്കിന് പിന്നിൽ കയറി. ഇടക്കവൻ പറയുണ്ടായിരുന്നു. പാത്രത്തിലുള്ള കഞ്ഞി സ്കൂളിലെ വെയിസ്റ്റ് പാത്രത്തിൽ തട്ടിക്കൊള്ളാമെന്ന്. വേണ്ടെന്ന് പറഞ്ഞു.
ക്ലാസിലെ മറ്റു കുട്ടികൾ കാണാതിരിക്കാൻ ഒരൽപ്പം വൈകിയാണ് അവനെയും കൂട്ടി പുറപ്പെട്ടത്.

റോഡിൽ നിന്നും കുറച്ച് ഉള്ളിലേക്ക് മാറിയാണ് വീട്. ബൈക്ക് പോകില്ല വീട് വരേ.
ഞങ്ങൾ ഇറങ്ങി നടന്നു.
വീടെത്തിയതും ശബ്ദം കേട്ട് പ്രായമായ ഒരു സ്ത്രീയും രണ്ട് കുട്ടികളും ഇറങ്ങി വന്നു…
അഞ്ചോ ആറോ വയസുള്ള ഒരാൺകുട്ടിയും അതിനേക്കാൾ ചെറിയ ഒരു പെൺകുട്ടിയും .രണ്ട് പേരുടെയും കൈയ്യിൽ ഓരോ സ്റ്റീൽ പ്ലെയിറ്റുണ്ട്. എന്നെക്കണ്ടതും മൂന്ന് പേരും അകത്തേക്ക് തന്നെ തിരിച്ച് കയറി….

അവനോടൊന്നും ചോദിക്കേണ്ടി വന്നില്ല. എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി ആ കുട്ടികളുടെ കൈയ്യിലുള്ള പ്ലെയിറ്റു കളിലുണ്ടായിരുന്നു…

മനുഷ്യർ തനിക്കാവും വിധം ഒളിപ്പിക്കാൻ ശ്രമിക്കുന്ന ഒന്നാണ് സ്വന്തം ദാരിദ്ര്യം. എട്ടും പൊട്ടും തിരിയാത്ത ആ കുഞ്ഞുങ്ങൾ പോലും അത് തിരിച്ചറിയുന്നു.

ആ പാത്രം തുറന്ന് നോക്കാൻ തോന്നാതിരുന്നതിലും ,ആ കഞ്ഞി വെയിസ്റ്റ് പാത്രത്തിൽ തട്ടാൻ അവനെ അനുവദിക്കാതിരുന്നതിലും ദൈവത്തോട് നന്ദി പറഞ്ഞു.

പ്രായമായ സ്ത്രീ വല്യുമ്മയാണ്.
ഉപ്പ ഉപേക്ഷിച്ച് പോയതാണ്. ഒമ്പത് വയസ്സ് കാരന് താഴെ രണ്ട് കുട്ടികൾ… ഉമ്മയെ കണ്ടില്ല..
ആ സ്ത്രീഅടുത്ത വീടുകളിൽ എന്തെങ്കിലും വീട്ടുജോലിക്ക് സഹായത്തിന് പോയി കിട്ടുന്ന വരുമാനമാണ് അഞ്ച് വയറ് കഴിയാനുള്ള ഏക മാർഗ്ഗം ….

വീട്ടിലേക്ക് കയറിയില്ല..
അകത്തുനിന്ന് കുട്ടികളുടെ അടക്കിപ്പിടിച്ച സംസാരം കേൾക്കുന്നുണ്ട്.
അവനും അകത്തേക്ക് കയറിയിട്ടില്ല.
അടച്ച് വെച്ച ആ തൂക്കുപാത്രത്തിലിരിക്കുന്നത് രണ്ട് കുഞ്ഞു വയറുകളുടെ വിശപ്പ് മാറ്റാനുള്ള കഞ്ഞിയാണ്…
തിരിച്ച് നടക്കുമ്പോൾ ഉച്ചക്കഞ്ഞിയുടെ പരിണാമഗുപ്തി കണ്ടെത്താനുള്ള കൗതുകം കണ്ണീരായി അവൻെറ മുന്നിൽ വെച്ച് തന്നെ പുറത്ത് വരാതിരിക്കാൻ പണിപ്പെടുകയായിരുന്നു.
രാത്രി ഉറക്കം വന്നില്ല. ജീവിതത്തിൽ ഇതുവരെ ദാരിദ്ര്യത്തിൻ്റെ
ദയനീയ ചിത്രങ്ങൾ ഇതുപോലെ മുഖാമുഖം വന്ന് നിന്നിട്ടില്ല.

പിറ്റേ ദിവസം അവൻ സ്ക്കൂളിൽ വന്നില്ല…
വൈകീട്ട് ചെന്നന്വേഷിച്ചു.
അടുത്ത വീട്ടിൽ എന്തോ സൽക്കാരമുണ്ട്….
അവനെയും കൂട്ടിയാണ് ഉമ്മ അവിടേക്ക്ജോലിയ്ക്ക് പോയത്….
മൂന്ന് പേർക്ക് അന്ന് വയറ് നിറച്ച് ഉണ്ണാം.
സമാധാനമായി.
അക്ഷരങ്ങൾക്ക് ഒരു നേരത്തെആഹാരത്തിനേക്കാൾ വിലയുണ്ടെന്ന് ഇവരോടൊക്കെ പ്രസംഗിക്കുന്നതെങ്ങനെ….

അവൻ്റെ കഞ്ഞിപ്പാത്രത്തിൻ്റെ രഹസ്യം കുട്ടികളോടു ചർച്ച ചെയ്‌തില്ല…
അവരുടെ രക്ഷിതാക്കളിൽ ചിലരോട് പറഞ്ഞു. ഫലമുണ്ടായി.

അവൻ്റെ ഉച്ചക്കഞ്ഞി വീട്ടിൽ കൊണ്ടു പോകുന്ന ഏർപ്പാട് നിർത്തിച്ചു. പകരം അന്ന് തന്നെ കുറച്ചരിയും സാധനങ്ങളുമൊക്കെ ആ വീട്ടിലെത്തിച്ചുഅവർ.
രണ്ടോ മൂന്നോ ആഴ്ചയിൽ ഒരിക്കൽ സ്കൂളിൽ ബാക്കി വരുന്ന അരി ആരും കാണാതെ അവൻ്റെ വീട്ടിലെത്തിക്കാൻ സംവിധാനമുണ്ടാക്കി…
ഇടക്ക് ചിലഅധ്യാപക സുഹൃത്തുക്കളുമായി ചേർന്ന് ഒരു ചെറിയ തുക വല്യുമ്മയെ ഏൽപ്പിക്കാനും ഏർപ്പാടാക്കി…..

ഇതൊരു കഥയല്ല,
പരിചയക്കാരനായ ഒരദ്ധ്യാപകൻ്റെ അനുഭവമാണ്..

പത്ത് പതിനേഴ് കൊല്ലം മുമ്പാണ് ….
ഇപ്പോൾ ആ കുട്ടി വളർന്ന് മുതിർന്ന ആളായിരിക്കും. പഠിക്കാൻ അത്ര മോശക്കാരനായിരുന്നില്ല….
നല്ല നിലയിൽ ഉമ്മയേയും സഹോദരങ്ങളെയുമൊക്കെ സംരക്ഷിക്കുന്നുണ്ടായിരിക്കും…

സെപ്റ്റംബർ അഞ്ച് ദേശീയ അദ്ധ്യാപക ദിനമാണ്, സോഷ്യൽ മീഡിയയിലൂടെയെങ്കിലും പഴയ അദ്ധ്യാപകരെ പലരും ഓർക്കും ഈ ദിവസം

ഈ ദിവസം മാത്രമല്ല മറ്റു പല ദിവസങ്ങളിലും അവൻ ഓർക്കുമായിരിക്കും ഇതുപോലുള്ള അദ്ധ്യാപകരെ….

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!