താനൂര്‍ സ്റ്റേഡിയം: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  ഉടന്‍

താനൂര്‍: കായിക പ്രേമികളുടെ ചിരകാല സ്വപ്നമായ സ്റ്റേഡിയത്തിന്റെ ടെണ്ടര്‍ നടപടികള്‍ ഈ ആഴ്ച നടക്കുമെന്നും അടുത്തമാസം നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങുമെന്നും മന്ത്രി എ.സി മൊയ്തീന്‍ അറിയിച്ചു. വി.അബ്ദുറഹിമാന്‍ എം.എല്‍.എ തിരുവനന്തപുരത്ത് മന്ത്രിയുടെ ചേമ്പറില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈകാര്യം പറഞ്ഞത്.
കാട്ടിലങ്ങാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ നിലവിലുള്ള മൈതാനവും അനുബന്ധ സ്ഥലങ്ങളുമാണ് സ്റ്റേഡിയം നിര്‍മ്മാണത്തിന് നിര്‍ദ്ദേശിച്ചിട്ടുള്ളത്. പുതിയ സ്റ്റേഡിയത്തിന്റെ മാതൃകക്ക് അന്തിമരൂപമായി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്‍ ഗ്രൗണ്ടും വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിനായി സിന്തറ്റിക് ട്രാക്കും സ്റ്റേഡിയത്തിലുണ്ടാകും. കൂടാതെ ജംപിംഗ് പിറ്റ്, സ്വിമ്മിംഗ് പൂള്‍, വോളിബോള്‍ കോര്‍ട്ട്, ജിംനേഷ്യം, കുട്ടികളുടെ പാര്‍ക്ക് എന്നിവയും ഇരുഭാഗങ്ങളിലും ഗ്യാലറിയും സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രഭാത-സായാഹ്ന സവാരിക്കുള്ള പാതയും ഒരുക്കും.

10 കോടി രൂപയാണ് ബഡ്ജറ്റില്‍ വകയിരുത്തിയതെങ്കിലും എസ്റ്റിമേറ്റ് 13 കോടിയോളം വരും. കായിക വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കിഫ്ബി വഴിയാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുക.

Related Articles