
കോഴിക്കോട് : മൊഫ്യൂസൽ സ്റ്റാൻഡിൽ അരക്കോടിയിലേറെ വിലമതിക്കുന്ന ലഹരിവസ്തുക്കൾ വിൽപ്പനക്കെത്തിച്ച കേസിൽ ഒരാൾകൂടി പിടിയിൽ. പെരിന്തൽമണ്ണ പുത്തനത്താണി സ്വദേശി അത്തിക്കോട്ടിൽ വീട്ടിൽ ശബരീഷി (27)നെയാണ് കസബ പൊലീസ് അറസ്റ്റുചെയ്തത്. ഇതോടെ കേസിൽ പിടിയിലാകുന്നവരുടെ എണ്ണം ആറായി.
കഴിഞ്ഞ നവംബർ 24-നാണ് കേസിൽ മറ്റ് പ്രതികൾ പിടിയിലായത്. ബംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസിൽ വാട്ടർ ഹീറ്ററിനുള്ളിൽ അതിവിദഗ്ധമായി സ്റ്റിക്കർ ഉപയോഗിച്ച് ടാപ്പ് ചെയ്ത് കടത്തുകയായിരുന്ന 241.5 ഗ്രാം എംഡിഎംഎ, 43.5 ഗ്രാം തൂക്കംവരുന്ന എക്സ്റ്റസി ഗുളികകൾ, 1.110 ഗ്രാം തൂക്കം വരുന്ന 99 എൽഎസ്ഡി സ്റ്റാമ്പുകൾ എന്നിവയടക്കമാണ് പ്രതികളെ പിടിച്ചത്. വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരിയെത്തിക്കുന്ന മൊത്തവിൽപ്പനക്കാരനായ നൈജീരിയൻ സ്വദേശിയടക്കം കേസിൽ അറസ്റ്റിലായിരുന്നു.
അന്വേഷണം തുടരുന്നതിനിടെ ആറാം പ്രതി ശബരീഷിന്റെ അക്കൗണ്ടിൽ നിന്നും 1,65,000 രൂപ നൈജീരിയൻ സ്വദേശിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തത് കസബ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശബരീഷിൻ്റെ പങ്ക് വെളിപ്പെട്ടത്.
കാരിയർമാർ പിടിക്കപ്പെട്ടത് മനസ്സിലാക്കിയ പ്രതി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് കസബ പൊലീസ് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയാന്വേഷണത്തിൽ പ്രതി കൊളത്തൂരിൽ എത്തിയതായി മനസ്സിലാക്കി.
കസബ സിഐ പി ജെ ജിമ്മി, എഎസ്ഐ സജേഷ്കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ഷിജിത്ത്, ദീപു എന്നിവരടങ്ങുന്ന സംഘമാണ് കസ്റ്റഡിയിലെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




