Section

malabari-logo-mobile

താനൂര്‍ മണ്ഡലത്തിന്റെ വികസന കാര്യങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണം: മന്ത്രി വി.അബ്ദുറഹ്മാന്‍

HIGHLIGHTS : താനൂര്‍: വികസനകാര്യങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫുട്ബോള്‍ ടീം അംഗങ്ങളെപ്പോലെ ഒരുമിച്ച് നില്‍ക്കണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാ...

താനൂര്‍: വികസനകാര്യങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫുട്ബോള്‍ ടീം അംഗങ്ങളെപ്പോലെ ഒരുമിച്ച് നില്‍ക്കണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. താനൂര്‍ പ്രസ് റിപ്പോര്‍ട്ടേഴ്സ് ക്ലബ് മന്ത്രിക്ക് നല്‍കിയ സ്വീകരണത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചുവര്‍ഷം താനൂര്‍ നിയോജക മണ്ഡലത്തില്‍ വിവേചനമില്ലാതെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനിയുള്ള വര്‍ഷങ്ങളിലും അത് തുടരും.

കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിലാണ് പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. 300 കോടി ചെലവില്‍ താനൂര്‍ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. രണ്ടാം ഘട്ടത്തിനായി താനൂര്‍ നഗരസഭ, നിറമരുതൂര്‍ ഉണ്യാല്‍ എന്നിവിടങ്ങളില്‍ ടാങ്ക് നിര്‍മ്മിക്കേണ്ടതുണ്ട്. ഉണ്യാലില്‍ ടാങ്ക് നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുത്ത് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. എന്നാല്‍ താനൂരില്‍ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. താനൂരിന്റെ കിഴക്കന്‍ മേഖലയിലും, തീരദേശ മേഖലയിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ശുദ്ധജല വിതരണ പദ്ധതി 2024ഓടെ പൂര്‍ത്തീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. പരസ്പരം പഴിചാരി വികസനപ്രവര്‍ത്തനങ്ങളോട് മുഖംതിരിച്ചു നില്‍ക്കരുതെന്നും യോജിച്ചു നില്‍ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കുടിവെള്ള പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 65 കോടി രൂപ താനൂരിന് മാത്രമായി അനുവദിച്ചിട്ടുള്ളതായി മന്ത്രി അറിയിച്ചു.

sameeksha-malabarinews

കഴിഞ്ഞ അഞ്ചുവര്‍ഷം നടപ്പിലാക്കാന്‍ കഴിയാതെ പോയത് പൊന്മുണ്ടം സ്‌കൂളിനായി കെട്ടിടവും, കനോലി കനാല്‍ നവീകരണവും മാത്രമാണ്. നിയമക്കുരുക്കുകളില്‍ ഉള്‍പ്പെട്ടതുകൊണ്ടുമാത്രമാണ് പൊന്മുണ്ടം സ്‌കൂള്‍ കെട്ടിടം നിര്‍മ്മിക്കാന്‍ പ്രയാസം നേരിട്ടത്. അടിയന്തരമായി കെട്ടിടം നിര്‍മ്മിക്കാന്‍ ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പുനല്‍കി. കേന്ദ്ര ജല ഗതാഗത വകുപ്പിന് കീഴിലായത് കാരണം കനോലി കനാല്‍ നവീകരണവും നീണ്ടു. എന്നാല്‍ 2024 ഓടുകൂടി പദ്ധതി പൂര്‍ണമായും പൂര്‍ത്തിയാകുമെന്ന് മന്ത്രി പറഞ്ഞു.

താനൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയതിന് ഭാഗമായി പ്രാരംഭ നടപടികള്‍ക്കായി പത്തു കോടി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കും. മാത്രമല്ല ആരോഗ്യമേഖലക്ക് ഉണര്‍വേകി മുഴുവന്‍ പഞ്ചായത്തുകളിലെയും ആരോഗ്യ സബ് സെന്ററുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ തയ്യാറാകുന്നുണ്ട്. കാലപ്പഴക്കം കൊണ്ട് വീര്‍പ്പുമുട്ടുന്ന താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുന്നതോടൊപ്പം തയ്യാല റോഡ് റെയില്‍വേ മേല്‍പ്പാലം പ്രവൃത്തിയും ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.

മന്ത്രി വി.അബ്ദുറഹിമാനുള്ള ഉപഹാരം പ്രസ്സ് റിപ്പോര്‍ട്ടേഴ്സ് ക്ലബ് ഭാരവാഹികളായ സി.പി ഇബ്രാഹിം, പി.വിജയന്‍, ഉബൈദുല്ല താനാളൂര്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി. പ്രസ് റിപ്പോര്‍ട്ടേഴ്സ് ക്ലബ് പ്രസിഡന്റ് സി.പി ഇബ്രാഹിം അധ്യക്ഷനായി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!