പുതുച്ചേരി: പുതുച്ചേരിയില്‍ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സ്‌കൂളുകളും കോളേജുകളും ജൂലൈ 16 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ തുറക്കാന്‍ അനുമതി നല്‍കിയതായി മുഖ്യമന്ത്രി എന്‍. രംഗസ്വാമി അറിയിച്ചു.
പുതുച്ചേരിയില്‍ കോവിഡ് കേസുകളില്‍ കുറവുണ്ടായതിനെ തുടര്‍ന്നാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 145 പുതിയ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ആരോഗ്യ കുടുംബക്ഷേമ സേവന ഡയറക്ടര്‍ എസ്. മോഹന്‍ കുമാര്‍ പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി പുതുച്ചേരിയില്‍ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 1,769 പേര്‍ മാത്രമാണ് മാരകമായ വൈറസിന് ഇരയായത്.
പുതുച്ചേരിയില്‍ ഇത് വരെ ഏകദേശം അഞ്ച് ലക്ഷത്തിലധികം പേര് വാക്സിന്‍ സ്വീകരിച്ചുവെന്ന്, ലെഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴ്‌സായ് സൗന്ദരരാജന്‍ പറഞ്ഞു. ആഗസ്റ്റ് 15 ന് മുമ്പ് എല്ലാവര്‍ക്കും വാക്സിനേഷന്‍ എത്തിച്ച് നല്‍കുക എന്നതാണ് പുതുച്ചേരി സര്‍ക്കാരിന്റെ ലക്ഷ്യം.




