താനൂരില്‍ സിപിഐഎം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

താനൂര്‍:അഞ്ചുടിയില്‍ സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. യൂത്ത് ലീഗ് പ്രവര്‍ക്കരാത അഞ്ചുടി സ്വദേശികളായ തൈവളപ്പില്‍ ബഷീറിന്റെ മകന്‍ ബാസിത് മോന്‍(22), മൂസാക്കന്റകത്ത് ഹംസകോയയുടെ മകന്‍ ഹനീഫ (30) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് താനൂര്‍ പോലീസ് ഇവരെ പിടികൂടുന്നത്.

ഷംസുവിനെ ആക്രമിക്കാനുള്ള ആസൂത്രണം ചെയ്തത് ഹനീഫയും ബാസിതും ചേര്‍ന്നാണ്. പ്രദേശത്തെ ഫുട്‌ബോള്‍ ഗ്രൗണ്ട്, ഹാര്‍ബര്‍ പരിസരം, കടപ്പുറം തുടങ്ങിയ കേന്ദ്രങ്ങളില്‍ വച്ചായിരുന്നു ആസൂത്രണം നടത്തിയതെന്ന് ചോദ്യംചെയ്യലില്‍ പറഞ്ഞതായി പൊലീസ് പറയുന്നു. ആക്രമണം നടക്കുന്നതിന്റെ 10 ദിവസം മുമ്പാണ് ഇവര്‍ ആസൂത്രണം നടത്തിയത്. അഞ്ചുടിയിലെ മുഹിയുദീന്‍ പള്ളിയിലുണ്ടായ തര്‍ക്കവും രാഷ്ട്രീയമായ എതിര്‍പ്പുമാണ് ആക്രമണത്തിന് പിന്നിലെന്ന് ഇവര്‍ പറയുന്നു.

ആക്രമിക്കാനായി ഉപയോഗിച്ച ആയുധങ്ങള്‍ അഞ്ചുടിയിലെ ഇവരുടെ സങ്കേതത്തില്‍ മണ്ണില്‍ മൂടിയിട്ട് സൂക്ഷിക്കുകയായിരുന്നു. അവസരം ലഭിച്ചപ്പോള്‍ ആയുധമെടുത്ത് ആക്രമിച്ചു.
കഴിഞ്ഞ 4ന് ഷംസു അടങ്ങുന്ന സംഘത്തിന്റെ പുതിയ വള്ളം നീറ്റിലിറക്കുന്നതുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞ് വീട്ടിലേക്ക് തിരിക്കുന്ന വഴിയില്‍ പ്രതികള്‍ ഷംസുവിനെയും, മുസ്തഫയെയും പിന്തുടരുകയും അഞ്ചുടി മുസ്ലിം ലീഗ് ഓഫീസിന് മുന്‍വശത്തു വച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. രണ്ടുപേര്‍ ചേര്‍ന്ന് ഷംസുവിനെ തള്ളി താഴെയിടുകയും, തുടര്‍ന്ന് വാളുപയോഗിച്ച് മാറിമാറി വെട്ടുകയും, ഇരുമ്പുവടി ഉപയോഗിച്ച് ആഞ്ഞടിക്കുകയും ചെയ്തതായി പ്രതികള്‍ പറയുന്നു. തനിക്ക് നേരെ വന്ന വെട്ട് കൈകൊണ്ട് തടുത്തതിനാലാണ് മുസ്തഫയുടെ കൈക്ക് പരിക്കേറ്റത്.

ആക്രമണത്തിനുശേഷം ആയുധങ്ങള്‍ കടലിലേക്ക് വലിച്ചെറിയുകയാണുണ്ടായത്. തുടര്‍ന്ന് ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു. ഒരാഴ്ചയോളം പറവണ്ണ ആലിന്‍ചുവട്ടിലെ ഷെഡ്ഡിലായിരുന്നു ഇവര്‍ ഒളിച്ചു താമസിച്ചത്. ചൊവ്വാഴ്ച രാവിലെ നാടുവിടാന്‍ ഒരുങ്ങുന്ന വേളയിലാണ് പൊലീസ് ഇവരെ പിടികൂടിയത്.

ഡിവൈഎഫ്‌ഐ തീരദേശ മേഖല മുന്‍ സെക്രട്ടറി കെപി ഷംസു, സിപിഐഎം പ്രവര്‍ത്തകരായ വിപി മുസ്തഫ, ഷഹദാദ് എന്നിവരെയാണ് അഞ്ചുടി മുസ്ലിംലീഗ് ഓഫീസിന് മുമ്പില്‍ വച്ച് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായ പരിക്കേറ്റ ഷംസു കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്.
പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles