
കോഴിക്കോട്: ട്രെയിന്‍ യാത്രയ്ക്കിടെ യുവാവിന് ബിസ്‌കറ്റ് നല്‍കി സ്വര്‍ണ്ണവും ലാപ്‌ടോപ്പും രണ്ട് ലക്ഷം രൂപയും മോഷ്ടിച്ച മൂന്ന് ബിഹാര്‍ സ്വദേശികള്‍ അറസ്റ്റിലായി. ബിഹാര്‍ ആരാറിയ സ്വദേശികളായ അബ്ദുല്ല റജാക്ക് (34), മുഹമ്മദ് മഹമൂദ് ആലം (25), മുഹമ്മദ് സഫര്‍ (40) എന്നിവരെയാണ് റെയില്‍വേ പോലീസ് പിടികൂടിയത്. പ്രതികളെ കോഴിക്കോട് വെച്ചാണ് പിടികൂടിയത്.
വടകര പുതുപ്പണം സ്വദേശിയായ വി.പി. സരിന്റെ സ്വര്‍ണവും പണവും ലാപ്‌ടോപ്പുമാണ് കവര്‍ന്നത്. മംഗളൂരുവില്‍ നിന്ന് വടകരയിലേക്ക് മലബാര്‍ എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്നു സരിന്‍. അടുത്ത സീറ്റിലിരുന്ന പ്രതികള്‍ സരിനുമായി സൗഹൃദം സ്ഥാപിക്കുകയും കുമ്പളയില്‍ എത്തിയപ്പോള്‍ ബിസ്‌കറ്റ് നല്‍കുകയുമായിരുന്നു. ലഹരി കലര്‍ന്ന ഈ ബിസ്‌കറ്റ് കഴിച്ച സരിന്‍ ബോധരഹിതനാവുകയായിരുന്നു.
മയങ്ങിപ്പോയ സരിന് ഇറങ്ങേണ്ട സ്‌റ്റോപ്പായ വടകരയില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. പിന്നീട് ട്രെയിന്‍ ഫറോക്കിലെത്തിയപ്പോള്‍ സീറ്റ് ബുക്ക് ചെയ്ത മറ്റൊരാള്‍ വന്നതോടെയാണ് സരിന്‍ ഉണര്‍ന്നത്. ഫറോക്കില്‍ ഇറങ്ങിയ സരിന്‍ പിന്നീട് മറ്റൊരു ട്രെയിനില്‍ കയറി തിരൂരിലെത്തി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരൂരിലെയും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലെയും ആശുപത്രികളില്‍ ചികിത്സ തേടി. മയക്കത്തില്‍ നിന്ന് ഉണര്‍ന്നപ്പോഴാണ് സ്വര്‍ണ്ണവും ലാപ്‌ടോപ്പും പണവുമടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിവരം സരിന്‍ അറിയുന്നത്.
തുടര്‍ന്ന് സരിന്‍ റെയില്‍വേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന ആരംഭിക്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പ്രതികള്‍ കോഴിക്കോട് ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചതായി കണ്ടെത്തി.വീണ്ടും ട്രെയിനുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ പിടിയിലായത്. പ്രതികളില്‍ നിന്നും കവര്‍ച്ച നടത്തിയ വസ്തുക്കളും കണ്ടെത്തി.
റെയില്‍വേ പോലീസ് എസ് ഐ സനല്‍കുമാര്‍, ആര്‍പിഎഫ് എ എസ് ഐ കെ എം ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിത്. കേസിനാസ്പദമായ സംഭവം നടന്നത് കാസര്‍കോട് കുമ്പളയില്‍ ആയതിനാല്‍ തുടരന്വേഷണത്തിനായി കേസ് കാസര്‍കോട് പോലീസിന് കൈമാറം.




