Section

malabari-logo-mobile

‘ഒരുമയുണ്ടെങ്കില്‍ ഇവിടെ ഒരു ഉലക്കയും നടക്കില്ല’….സുരാസു ഓര്‍മ്മയായിട്ട് 24 വര്‍ഷം

HIGHLIGHTS : ഏഴാം ക്ലാസ്സിലോ എട്ടിലോ പഠിക്കുമ്പോഴാണ് മഴക്കാലത്തെ ഒരുഞായറാഴ്ചദിവസം. ഉച്ചയായിക്കാണും ആരോ പറഞ്ഞ് കേട്ടതാണ്''മുക്കംആലിന്‍ചുവട്ടിലെകല്‍ബെഞ്ചില്‍ഒരാളെ...

ഏഴാം ക്ലാസ്സിലോ എട്ടിലോ പഠിക്കുമ്പോഴാണ് മഴക്കാലത്തെ ഒരുഞായറാഴ്ചദിവസം. ഉച്ചയായിക്കാണും ആരോ പറഞ്ഞ് കേട്ടതാണ്”മുക്കംആലിന്‍ചുവട്ടിലെകല്‍ബെഞ്ചില്‍ഒരാളെപിടിച്ച്‌കെട്ടിയിട്ടിരിക്കുന്നു ”
ഒന്നും നോക്കാനില്ല നേരെ മുക്കത്തേക്ക് വെച്ചു പിടിച്ചു.
സംഗതി നേരു തന്നെ ദൂരെ നിന്ന് കണ്ടു!
അവിടവിടെയായി ചിലര്‍ കൂടി നില്‍പ്പുണ്ട്. പെരുമഴയത്ത് വെള്ള വസ്ത്രം ധരിച്ച നരച്ച കുറ്റിത്താടിയും മുടിയുമുള്ള ഒരാളെ കല്‍ബഞ്ചില്‍ കൈയും കാലും ബന്ധിച്ച് ഇരുത്തിയിരിക്കുന്നു. കല്‍ബഞ്ചിന് ചേര്‍ത്തും കട്ടിയുള്ള കയറ് കൊണ്ട് ബന്ധിച്ചിട്ടുണ്ട്.
ചുറ്റും എന്തൊക്കെയോ എഴുതി തൂക്കിയിട്ടിട്ടുണ്ട്! കുറെ പ്ലക്കാര്‍ഡുകളും കുത്തി നിറുത്തിയിട്ടുണ്ട്. എല്ലാം മഴയത്ത് നനഞ്ഞ് കുതിര്‍ന്നതിനാല്‍ ഒന്നും വായിക്കാന്‍ കഴിയുന്നില്ല.
അടുത്തു ചെന്നപ്പോള്‍ എവിടെയോപരിചയമുള്ള മുഖം….
പിന്നീടാണ് മനസ്സിലായത് കക്ഷി ഇടക്കൊക്കെ ബാപ്പയുടെ ചായക്കടയില്‍ഭക്ഷണം കഴിക്കാനെത്തുന്നയാളാണ്. എന്തായാലും രണ്ടാലൊന്നറിയാന്‍ അവിടെത്തന്നെ നിന്നു. വൈകീട്ട് എവിടെനിന്നോ കുറെ താടിക്കാര്‍ കൂടി ആലിന്‍ ചുവട്ടില്‍വന്നു ചേര്‍ന്നു. അവര്‍ അയാളുടെ കെട്ടഴിച്ച് അയാളെയും കൂട്ടിമുക്കം അങ്ങാടിയിലൂടെ പ്രത്യേക ഈണത്തില്‍ മുദ്രാവാക്യം വിളിച്ച് കൊണ്ട് പ്രകടനം നടത്തി. അവസാനം ഒരാള്‍ ആല്‍ത്തറയില്‍ കയറി നിന്ന് എന്തൊക്കെയോ പ്രസംഗിച്ചു. ഏതാണ്ട് കാര്യം മനസ്സിലായി അതൊരു സ്വയംബന്ധിത പ്രതിഷേധ സമരമായിരുന്നു. ജയിലില്‍ കിടക്കുന്ന ആരെയോ മോചിപ്പിക്കാന്‍!

ഒരിക്കല്‍ മുക്കം അഭിലാഷ് ജംഗ്ഷനില്‍ നിന്നും പി.സി.ജംഗ്ഷനിലേക്ക് അയാള്‍ നിര്‍ത്താതെ കൂവിക്കൊണ്ട് നടക്കുന്നു. ഒന്നടങ്ങിയപ്പോള്‍ വെറുതെ ചായക്കടയില്‍ വരാറുള്ള പരിചയത്തിന്റെ അടിസ്ഥാനത്തില്‍ എന്താണ്പ്രശ്‌നമെന്ന് ശബ്ദം താഴ്ത്തി ഒരു കൗതുകത്തിന് ഒന്നന്വേഷിച്ചു. വല്ലാത്തൊരു നോട്ടത്തോടെ ഒരലര്‍ച്ചയായിരുന്നു ‘കൂവാന്‍ തോന്നിയാല്‍ പിന്നെകരയണോടോ’ സത്യത്തില്‍പേടിച്ച്‌പോയി ഞാന്‍!
ആ സമയത്തെ അയാളുടെ കണ്ണുകളുടെ തീഷ്ണത ! പി.സി.ജംഗ്ഷനില്‍ കപ്പക്കച്ചവടം ചെയ്യുന്ന ഇത്താത്ത എന്നെ നോക്കി ചിരിച്ചു കൊണ്ടു ചോദിച്ചു ‘എന്തിനാ കുട്ടീ അയാളെ വായീന്നൊക്കെ വല്ലതും കേക്കണത്’ തനിക്ക് തോന്നിയതെന്തും ചെയ്യാനും പറയാനും എഴുതാനും ഉള്ള സ്വാതന്ത്ര്യം അതായിരുന്നു ആ മനുഷ്യന്റ സ്വാതന്ത്ര്യ സങ്കല്‍പ്പം. അതിന് സ്ഥലകാല പരിഗണനകളൊന്നുമുണ്ടായിരുന്നില്ല. ഒരു കുടക്കീഴില്‍ അയാള്‍ നടക്കുന്നത് ഞാന്‍ കണ്ടിട്ടില്ല! വെയിലായാലും മഴയാലും അത് വകവെക്കാതെ അങ്ങ് ഇറങ്ങി നടക്കും. ജീവിത കാഴ്ചപ്പാടിന്റെ പ്രതിഫലനം!

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അഗസ്ത്യന്‍മുഴി സ്‌കൂളില്‍ നിന്ന് ‘ശംഖുപുഷ്പം’
സിനിമ കാണാന്‍ പി.സി.ടാക്കീസിലേക്ക് കൊണ്ടു പോയിരുന്നു ഒരിക്കല്‍…..
അന്നാണ് സത്യത്തില്‍ പലരും പറഞ്ഞ് കേട്ട പലയിടത്തും കണ്ട ആ മനുഷ്യന്‍ ആരാണെന്ന് ഞാനറിയുന്നത്. ഒരു കാലത്ത് മലയാള സിനിമയുടെ ഉത്തുംഗശൃംഗങ്ങളില്‍ സംവിധായകനായും തിരക്കഥാകൃത്തായും അഭിനേതാവായും തിളങ്ങിയ മനുഷ്യന്‍….

മുക്കത്തെ ഒരു പാരലല്‍ കോളേജ് വാര്‍ഷികത്തിന് തോട്ടുമുക്കത്തുള്ള ഒരു നാടകട്രൂപ്പ് ‘വിശ്വരൂപം’ നാടകം അവതരിപ്പിച്ചിരുന്നു. അയാള്‍ തന്നെയായിരുന്നു സംവിധായകന്‍ എന്നാണ് ഓര്‍മ്മ!അന്നാണ് ആ മനുഷ്യന്റെ ‘വിശ്വരൂപം’ ഞാന്‍ ശരിക്കു മനസ്സിലാക്കിയത്. അയാളുടെ ആത്മകഥ തന്നെയായിരുന്നു വിശ്വരൂപം!

മറ്റൊരിക്കല്‍ അപകടങ്ങള്‍ പതിവായ അഗസ്ത്യന്‍മുഴി ആല്‍ത്തറയില്‍ നാലു വശത്തും മുക്കംപോലീസ് ബോര്‍ഡ് വെച്ചിരുന്നു. ‘ആല്‍ത്തറയില്‍ ഇരിക്കരുത് ‘
ഒരു വൈകുന്നേരം അയാള്‍ വന്ന് ആ ബോര്‍ഡുകള്‍ ഓരോന്നായി പിഴുതുമാറ്റി, ആല്‍ത്തറയില്‍ കയറി നിന്ന് പ്രസംഗം തുടങ്ങി. ‘ആല്‍ത്തറയില്‍ ഇരിക്കരുതെന്ന് പറയരുത്, ആല്‍ത്തറ ഇരിക്കാനുള്ളതാണ്!പുഴയില്‍ കുളിക്കരുതെന്ന് പറയരുത്, പുഴ കുളിക്കാനുള്ളതാണ്! അത്താണിയില്‍ ഭാരം ഇറക്കരുതെന്ന് പറയരുത് അത്താണി ഭാരം ഇറക്കാനുള്ള താണ്! ഇതായിരുന്നു പ്രസംഗത്തിന്റെ രത്‌നച്ചുരുക്കം…
ആരോ പോലീസില്‍ വിവരമറിയിച്ചു, പോലീസ് എത്തി, പോലീസ് ജീപ്പിലിരുന്നും ഒരീണത്തില്‍ അയാള്‍ ഈ വാക്കുകള്‍ ആവര്‍ത്തിച്ച് കൊണ്ടിരുന്നു. അപ്പോഴേക്കും അതിനൊരു താളമൊക്കെ വന്ന് തുടങ്ങിയിരുന്നു. അര മണിക്കൂര്‍ കഴിഞ്ഞ് മുക്കം അങ്ങാടിയില്‍ ആള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ആളെ തിരിച്ചറിഞ്ഞ് പോലീസുകാര്‍ വഴിയില്‍ ഇറക്കിവിടുകയായിരുന്നു. പ്രതിഷേധത്തിന്റെ വേറിട്ടൊരു മുഖം.പണവും സ്ഥാനമാനങ്ങളും എന്തിന് തന്റെ നിലനില്‍പ്പു പോലും നോക്കാതെയുള്ള പ്രതിഷേധം.

ഇടക്കൊരിക്കല്‍ ഞങ്ങള്‍ മുക്കത്തെ രവീന്ദ്രന്‍ ഡോക്ടറുടെ വീട്ടിലിരുന്നു ക്രിക്കറ്റ് മല്‍സരം കാണുകയായിരുന്നു. വീടും ക്ലിനിക്കുമൊക്കെ മറന്ന് ഒരു ഗ്യാലറിയിലിരിക്കും പോലെ ബഹളവുമായി ഡോക്ടറും ഞങ്ങള്‍ക്കൊപ്പമുണ്ടാവും ( ടി.വി.അന്നൊരു ആഢംബര വസ്തുവായിരുന്നു) തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഒരു വാഹനത്തില്‍ കുറച്ച് പേര്‍ അയാളെ അന്വേഷിച്ച് ആ ബഹളത്തിനിടയില്‍ അങ്ങേരുണ്ടോ എന്നന്വേഷിച്ച് വന്നിരിക്കുന്നു. ഏതോസിനിമക്കാരാണ് ഷൂട്ടിംഗ് പകുതിയാക്കി മുക്കത്തേക്ക് മുങ്ങിയതാണത്രേ. മുക്കം പ്രദേശത്തെ സകലമാന കള്ളുഷാപ്പുകളും ജില്ലയിലെ ബാറുകളും അരിച്ച് പെറുക്കിയാണ് അവരുടെവരവ്. എവിടെക്കാണാന്‍ മൂപ്പരെ!(കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികളുടെ സെറ്റില്‍ നിന്നായിരുന്നു ആ മുങ്ങല്‍ എന്ന് പിന്നീടറിഞ്ഞു)

പിന്നെ പലയിടങ്ങളില്‍ അയാളെ ഞാന്‍ കണ്ടിട്ടുണ്ട് പലപ്പോഴും മദ്യലഹരിയില്‍ ചിലപ്പോള്‍ തികച്ചും ഉന്മാദാവസ്ഥയില്‍ …..ശരിക്കും ഒരു’സുരായണം’തന്നെയായിയിരുന്നു ആ ജീവിതം!

പക്ഷേ ഒരേ ഒരിക്കല്‍ ഞാനയാളെ നമ്മളെയൊക്കെ പോലെ ഒരു സാധാരണ മനുഷ്യനായി എല്ലാ തരള വികാരങ്ങളുമുള്ള വ്യക്തിയായി ഭാര്യയോടൊപ്പം കണ്ടു….
മുക്കം ഹൈസ്‌കൂളില്‍ ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ .
പ്രസിദ്ധമായ ‘മൊഴിയാട്ടം’ അവതരിപ്പിക്കാന്‍ വേദികള്‍ തേടി നടക്കുന്നസമയം. സുന്ദരന്‍ മാഷാണ് ഒരു വൈകുന്നേരം അദ്ദേഹത്തെ സ്‌കൂളിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. മുക്കം ഹൈസ്‌കൂളിലെ ഓഫീസിനടുത്ത് നിന്ന് നോക്കിയാല്‍ ഇരുവഴിഞ്ഞിപ്പുഴ വളഞ്ഞ് ഒഴുകിപ്പോകുന്നത് കാണാം. ഞങ്ങള്‍ക്ക് മുന്നില്‍ മുഖവുരക്കായി നിന്നപ്പോള്‍ അദ്ദേഹം തന്റെ കുട്ടിക്കാലം ഓര്‍ത്ത്‌പോയിക്കാണണം,എനിക്കുമുണ്ടായിരുന്നു ഇങ്ങനെയൊരു കുട്ടിക്കാലം എന്റെ വീടില്‍ നിന്ന് നോക്കിയാല്‍ ഇത് പോലെ നിളാനദി കാണാമായിരുന്നു എന്ന് പറഞ്ഞ് അദ്ദേഹം വിങ്ങിപ്പൊട്ടിയപ്പോള്‍
ഒപ്പമുണ്ടായിരുന്ന അമ്മുവേടത്തിയും(നാടകനടിയുംആക്റ്റിവിസ്റ്റുമായിരുന്ന അംബുജം സുരാസു) നിയന്ത്രണം വിട്ട്കരഞ്ഞ് പോയി. സത്യത്തില്‍ ഞങ്ങളെല്ലാവരും വല്ലാതായി. അങ്ങനെയൊരു പ്രതികരണം ഞങ്ങള്‍ കേട്ടറിഞ്ഞ, കണ്ടറിഞ്ഞ ആ മനുഷ്യനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അമ്മുവേടത്തി പഠിച്ച സ്‌കൂള്‍ കൂടിയായിരുന്നു മുക്കം ഹൈസ്‌കൂള്‍, അവരെ പഠിപ്പിച്ച ചില അധ്യാപകരും അന്നവിടെ ഉണ്ടായിരുന്നു.
പിന്നീട് അതിശയിപ്പിക്കുന്ന ഒരുപകര്‍ന്നാട്ടമായിരുന്നു. മുണ്ട് താറു പോലെയുടുത്ത് ‘കിരാത വൃത്തവും’ ‘കുറത്തിയും’ ‘മൊഴിയാട്ടമായി ‘ഞങ്ങള്‍ക്ക് മുന്നിലവതരിപ്പിച്ചു.
അമ്മുവേടത്തി ഭാവതീവ്രതയോടെ കടമ്മനിട്ടയുടെ ‘ദേവീസ്തവം’ എന്ന കവിത ചൊല്ലി.
ഒരു കലാകാരന്‍ എന്ന നിലയില്‍ സുരാസു എന്തായിരുന്നു എന്ന് നേരിട്ടറിഞ്ഞ
നിമിഷങ്ങള്‍….

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ജൂണ്‍ നാലിന് കോട്ടയം റെയില്‍വേ സ്റ്റേഷനിലെ സിമന്റുബെഞ്ചില്‍ ചലനമറ്റു കിടന്ന ആ പ്രതിഭാധനനായ കലാകാരന്റെ തോള്‍ സഞ്ചിയില്‍ എതോ സ്വകാര്യ കമ്പനിയുടെ സെക്യൂരിറ്റി ഗാര്‍ഡായുള്ള നിയമന ഉത്തരവുണ്ടായിരുന്നു എന്ന് പത്രവാര്‍ത്തയിലൂടെയറിഞ്ഞപ്പോള്‍ മനസിലെത്തിയത്
പണ്ട് ബാപ്പയുടെ ചായക്കടയിലെ മേശവലിപ്പില്‍ നിന്ന് കിട്ടിയ ആരോ മറന്നു വെച്ചു പോയ സുരാസുവിന്റെ ‘സുരായണം’ എന്ന കൃതിയിലെ ഞാനിന്നു മോര്‍ക്കുന്നവരികളാണ് ‘ഒരുമയുണ്ടെങ്കില്‍ ഇവിടെ ഒരു ഉലക്കയും നടക്കില്ല’….

ഇന്ന് ജൂണ്‍ നാല്,സുരാസുവിന്റെ ഇരുപത്തിനാലാം ചരമദിനം, ജനനം കൊണ്ട് മുക്കത്ത് കാരനല്ലെങ്കിലും പ്രശസ്തിയുടെ വെള്ളി വെളിച്ചത്തില്‍ നിന്നകന്ന് തന്റെ ജീവിതത്തിന്റെ ‘രണ്ടാം ഭാഗം’ മുക്കം അങ്ങാടിയില്‍ ഒരു ചമയങ്ങളുമില്ലാതെ ഞങ്ങള്‍ക്കു മുന്നില്‍ തകര്‍ത്തഭിനയിച്ച സുരാസു എന്ന ചെര്‍പ്പുളശ്ശേരിക്കാരന്‍ ബാലഗോപാലക്കുറുപ്പിന് പത്ത് പതിനാറ് വര്‍ഷം ആ ജീവിതം നോക്കിക്കണ്ട ഒരു മുക്കത്തുകാരന്‍ എന്ന നിലയിന്‍ ഒരു പിടി ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിക്കട്ടെ! അതല്ലാതെ
കാലം കാത്തുവെച്ചതൊന്നും ഇന്ന് സുരാസുവിന്റേതായി മുക്കത്തില്ല. സുരാസുവിനെ മുക്കത്തോടടുപ്പിച്ച അമ്മുവേടത്തി പോലും ഇന്ന് ഓര്‍മ്മയാണ് …

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News