കത്തിക്കേണ്ടത് താന്ത്രികസമുച്ചയം; ഉയര്‍ത്തിപ്പിടിക്കേണ്ടത് ഭരണഘടന; ബ്രാഹ്മണന്റെ കാലുകഴുകിയ വെള്ളം കുടിക്കാന്‍ ഞങ്ങളെകിട്ടില്ല; സണ്ണി എം കപിക്കാട്

കൊച്ചി: ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനെതിരെ പറയുന്നവര്‍ താന്ത്രിക സമുച്ചയം എന്ന പുസ്തകം വായിച്ച് നോക്കണമെന്ന് ദളിത് ചിന്തകന്‍ സണ്ണി എം കപിക്കാട്. ശബരിമല പോലുള്ള ക്ഷേത്രം അശുദ്ധമാകാന്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞതുപോലെ രക്തം വീണാലോ മൂത്രം ഒഴിച്ചാലോ മാത്രമല്ല ചണ്ഡാളര്‍ കയറിയാലും അശുദ്ധമാകുമെന്ന് താന്ത്രിക സമുച്ചയത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് അദേഹം പറഞ്ഞു. മൂവാറ്റുപുഴ മരടിയില്‍ വെച്ചുനടന്ന നാഷണല്‍ ഫോറം ഫോര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സോഷ്യല്‍ ജസ്റ്റിസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.

സുപ്രീംകോടതിയില്‍ കൊടുത്ത കേസ് ജയിക്കാന്‍വേണ്ടി സ്ത്രീകളെ അകത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാന്‍തന്ത്രിമാര്‍ കോടതിയില്‍ കൊടുത്ത പുസ്തകത്തിന്റെ പേരാണ് താന്ത്രിക സമുച്ചയം. അതിലാണ് പറയുന്നത് രക്തവും കഫവും മലവും മൂത്രവുമ മാത്രമല്ല പട്ടികജാതിക്കാര്‍ കയറിയാലും പിന്നോക്കക്കാര്‍ കയറിലായലും ആ ക്ഷേത്രം അശുദ്ധമാകുമെന്ന്. ഇങ്ങനെ ക്ഷേത്രത്തില്‍ അശുദ്ധിയുണ്ടായാല്‍ എങ്ങനെയാണ് ശുദ്ധിയാക്കേണ്ടതെന്നും ഈ പുസ്തകത്തില്‍ പറയുന്നുണ്ടെന്നും അദേഹം പറഞ്ഞു.

‘മൂന്ന് വഴികളാണ് പറയുന്നത് ഒന്ന് പശുവിനെയും കിടാവിനെയും കൊണ്ട് കെട്ടുക, പശു അവിടെ മൂത്രമൊഴിച്ച് ചാണകമിട്ടുകഴിയുമ്പോള്‍ എല്ലാം ശരിയായിക്കോളും രണ്ടാമത്തെ വഴി ബ്രാഹ്മണന്റെ കാലുകഴുകിയ വെള്ളം ഒഴിക്കുക, മൂന്നാമത്തേത് ബ്രാഹ്മണന്റെ ഉച്ഛിഷ്ടം ഭക്ഷിക്കുക’.

പശുവിനെയും കിടാവിനെയുമൊക്കെ നിങ്ങള്‍ നോക്കിക്കോണം പിന്നെ പറഞ്ഞ രണ്ട് കാര്യങ്ങള്‍ ഈ കേരളത്തില്‍ നടക്കില്ല അതിന് സുകുമാരന്‍ നായരല്ല ശ്രീധരന്‍പിള്ളയല്ല ആരായാലും അനുവദിച്ച് തരില്ലെന്നും അദേഹം പറഞ്ഞു.

ബ്രാഹ്മണന്റെ കാല് കഴുകിയ വെള്ളം കുടിക്കാന്‍ ഇനി ഞങ്ങള്‍ തയ്യാറല്ല. ഭരണഘടനയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീത്തിന്റെയും ഇന്ത്യന്‍ സമൂഹത്തിന്റെയും അന്തസ് സംരക്ഷിക്കാനുള്ള പുതിയൊരു പ്രസ്ഥാനം ഇവിടെ രൂപപ്പെട്ടുകഴിഞ്ഞെന്നും അദേഹം പറഞ്ഞു.

Related Articles