വിദ്യാര്‍ത്ഥികള്‍ ശുചിമുറി വൃത്തിയാക്കുന്ന ദൃശ്യം പുറത്തുവന്നതോടെ പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍.തമിഴ്നാട്ടിലെ ധര്‍മ്മപുരി ജില്ലയിലെ പാലക്കോട് ഗ്രാമത്തിലാണ് സംഭവം നടന്നിരിക്കുന്നത്.
1 മുതല്‍ 8 വരെ ക്ലാസുകളിലായി 150 ഓളം ആദിവാസി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍, സ്‌കൂള്‍ യൂണിഫോം ധരിച്ച പെണ്‍കുട്ടികള്‍ ചൂലും പിടിച്ച് ടോയ്ലറ്റ് വൃത്തിയാക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് അന്വേഷണം ആരംഭിച്ചത്. രക്ഷിതാക്കളും നാട്ടുകാരും രോഷം പ്രകടിപ്പിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തതോടെ സ്‌കൂളിന് പുറത്ത് പ്രതിഷേധം ശക്തമാവുകയായിരുന്നു.
ചില വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പില്‍ ഔദ്യോഗികമായി പരാതി നല്‍കി. ടോയ്ലറ്റുകള്‍ വൃത്തിയാക്കല്‍, പരിസരം വൃത്തിയാക്കല്‍, വെള്ളം കൊണ്ടുവരല്‍ തുടങ്ങിയ ജോലികള്‍ പ്രധാനാധ്യാപിക കുട്ടികളെ ഏല്‍പ്പിക്കുന്നുണ്ടെന്ന് അവര്‍ ആരോപിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഗ്രാമവാസികള്‍ തെരുവിലിറങ്ങി. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളുടെ മേല്‍, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ മേല്‍, അത്തരം ജോലികള്‍ ഒരിക്കലും അടിച്ചേല്‍പ്പിക്കരുതെന്ന് വാദിച്ചുകൊണ്ട് അവര്‍ പ്രധാനാധ്യാപികയ്ക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയായിരുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍, ധര്‍മ്മപുരി ജില്ലയിലെ മുഖ്യ വിദ്യാഭ്യാസ ഓഫീസര്‍ (സിഇഒ) അന്വേഷണം ആരംഭിച്ചു. പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്തതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (ഡിഇഒ) സ്ഥിരീകരിച്ചു, സംഭവത്തില്‍ അന്വേഷണം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.





