Section

malabari-logo-mobile

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

HIGHLIGHTS : Sri Lanka declares state of emergency

സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതിനു പിന്നാലെയാണ് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ പ്രസിഡന്റ് ഗൊട്ടബയ രജപക്സെ പ്രഖ്യാപനം നടത്തിയത്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ കൂടി നിലവില്‍ വന്നു. കലിപൂണ്ട ജനം പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടു പ്രക്ഷോഭം ശക്തമാക്കുന്നതിനിടെയാണു നടപടി. മിരിഹനയില്‍ വ്യാഴാഴ്ച രാത്രി കലാപത്തിന്റെ വക്കോളമെത്തിയ പ്രതിഷേധത്തിനിടെ സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിച്ചതുമായി ബന്ധപ്പെട്ടു പ്രഖ്യാപിച്ച കര്‍ഫ്യൂ പിന്‍വലിച്ചു.

സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും കഴിയും. ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ ഉത്തരവില്‍ പറയുന്നത്.

sameeksha-malabarinews

മൂന്നിന് രാജ്യവ്യാപകമായി ജനം മഹാപ്രക്ഷോഭം നടത്താനൊരുങ്ങുമ്പോഴാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം. ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിയുടെ നിര്‍ദേശമില്ലാതെ ജനം ഒന്നാകെ പ്രതിഷേധിക്കുമെന്ന് സമൂഹമാധ്യമ സന്ദേശങ്ങളില്‍ പറയുന്നു. ‘നിങ്ങള്‍ ഏതു പാര്‍ടിയില്‍ വിശ്വസിച്ചാലും.
ഈ സര്‍ക്കാരിനെ ഭരണഘടനാപരമായി പുറത്താക്കാന്‍ സമയമെടുക്കും. അതുവരെ കാത്തിരുന്നാല്‍ നമുക്ക് ഈ രാജ്യം ബാക്കിയുണ്ടാകില്ല. മറ്റു മാര്‍ഗമില്ല. ഏപ്രില്‍ മൂന്നിന് രാവിലെ ഒമ്പതിന് രാജ്യമാകെ പ്രതിഷേധിക്കണം.

അതേസമയം ശ്രീലങ്കയുടെ ദുരിതം പരിഹരിക്കാന്‍ വായ്പ അനുവദിക്കുന്ന കാര്യത്തില്‍ ഐ എം എഫിന്റെ ചര്‍ച്ചകള്‍ ഈ ആഴ്ച ആരംഭിക്കും. കടക്കെണിയിലായ ലങ്കയ്ക്ക് വിദേശസഹായം ഇല്ലാതെ ഒരടിപോലും മുന്നോട്ടു നീങ്ങാനാവാത്ത സാഹചര്യമാണ്.

വ്യാഴം രാത്രി പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് നുഗേഗോഡയിലെ വീടിനുമുന്നില്‍ വലിയ പ്രതിഷേധമുണ്ടായി. പ്രതിഷേധക്കാരെ അര്‍ധസൈനികരും പൊലീസും നേരിട്ടു. നിരവധി പ്രക്ഷോഭകര്‍ക്കും അഞ്ചു സുരക്ഷാ സൈനികര്‍ക്കും പരുക്കേറ്റു. അയ്യായിരത്തിലധികംപേര്‍ അണിനിരന്ന പ്രതിഷേധം സര്‍ക്കാരിനെ ഞെട്ടിച്ചു. ആഹ്വാനമില്ലാതെയുണ്ടായ പ്രക്ഷോഭത്തെ ബലം പ്രയോഗിച്ച് അടിച്ചമര്‍ത്തി. അമ്പതോളംപേരെ അറസ്റ്റ് ചെയ്തു. തലസ്ഥാന നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!