
മലപ്പുറം: മഞ്ചേരി നഗരസഭാംഗം തലാപ്പില്‍ അബ്ദുള്‍ ജലീലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷുഹൈബ് പിടിയില്‍. തമിഴ്നാട്ടില്‍ നിന്നാണ് ഷുഹൈബിനെ പൊലീസ് പിടികൂടിയത്. കേസില്‍ രണ്ടുപേര്‍ നേരത്തെ പിടിയിലായിരുന്നു.
ബൈക്കില്‍ അബ്ദുള്‍ ജലീലിനെ പിന്തുടര്‍ന്നത് ഷുഹൈബും അബ്ദുള്‍ മജീദുമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
കൊലപാതകത്തില്‍ വ്യാഴാഴ്ച ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നെല്ലിക്കുത്ത് സ്വദേശി ഷംസീറിനെയാണ് കസ്റ്റഡിയിലെടുത്തത്.
ചൊവ്വാഴ്ച രാത്രിയാണ് ബൈക്കിലെത്തിയ സംഘം മുസ്ലിം ലീഗ് പ്രാദേശിക നേതാവും മഞ്ചേരി നഗരസഭ പതിനാറാം വാര്‍ഡ് മെമ്പറുമായ അബ്ദുല്‍ ജലീലിനെ ആക്രമിച്ചത്. മഞ്ചേരി പയ്യനാട് വെച്ച് വാഹനത്തിന്റെ ലൈറ്റിട്ടതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകുകയും പറഞ്ഞുതീര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതികള്‍ പിന്നീട് അബ്ദുല്‍ ജലീല്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്ന് വന്ന് മാരകമായ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന ഗുരുതരമായി പരിക്കേറ്റ ജലീലിനെ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




