ശബരിമല പ്രശ്‌നം നമുക്കൊരു സുവര്‍ണാവസരം;നമ്മള്‍ മുന്നോട്ടുവെച്ച അജണ്ടയില്‍ ഒരോരുത്തരായി വീണു;ശ്രീധരന്‍പിള്ളയുടെ ശബ്ദസന്ദേശം പുറത്ത്

തിരുവനന്തപുരം: ശബരിമലയില്‍ തുലാമാസ പൂജകള്‍ക്കുവേണ്ടി നട തുറന്നപ്പോളുണ്ടായ സമരം ബിജെപി ആസൂത്രണം ചെയ്തതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍. ശബരിമല പ്രശ്‌നം സുവര്‍ണാവസരമാണെന്നും തങ്ങള്‍ മുന്നോട്ടുവെച്ച അജണ്ടയില്‍ ഇതുവരെ ഒരോരുത്തരായി വീണുവെന്നും ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. കോഴിക്കോട് നടന്ന യുവമോര്‍ച്ച യോഗത്തില്‍ ശ്രീധരന്‍ പിള്ള സംസാരിച്ചതിന്റെ ശബ്ദസന്ദേശമാണ് പുറത്തായിരിക്കുന്നത്. നട അടച്ചിടുമെന്ന് തന്ത്രി പ്രഖ്യാപിച്ചത് തന്നോട് ആലോചിച്ചെന്നും ശ്രീധരന്‍ പിളള പറയുന്നു. കോടതിയലക്ഷ്യമാകില്ലെന്ന് താന്‍ തന്ത്രിക്ക് ഉറപ്പ് നല്‍കി. കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്ന് മറുപടി നല്‍കിയപ്പോഴാണ് നട അടച്ചിടുമെന്ന തീരുമാനം തന്ത്രി എടുത്തത്.

നടയടച്ചിട്ടാല്‍ കോടതിയലക്ഷ്യമാവില്ലേ എന്ന് തന്ത്രി ചോദിച്ചു. തിരുമേനി ഒറ്റയ്ക്കല്ല, കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്ന് ഞാന്‍ പറഞ്ഞു. കോടതിയലക്ഷ്യക്കേസ് എടുക്കുകയാണെങ്കില്‍ ആദ്യം ഞങ്ങളുടെ പേരിലായിരിക്കും എടുക്കുക. പതിനായിരക്കണക്കിനാളുകളും കൂടെയുണ്ടാകും. തിരുമേനി ഒറ്റയ്ക്കല്ല എന്ന ഒറ്റവാക്ക് മതിി എന്നു പറഞ്ഞാണ് നട അടച്ചിടുമെന്ന ദൃഢമായ തീരുമാനം തന്ത്രി എടുത്തത്. ആ തീരുമാനമാണ് പൊലീസിനെയും ഭരണകൂടത്തെയും അങ്കലാപ്പിലാക്കിയത്. ശബരിമലയില്‍ തിങ്കളാഴ്ച വീണ്ടും നട തുറക്കുമ്പോള്‍ യുവതികള്‍ കയറിയാല്‍ തന്ത്രി അതേപോലെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എന്നെ ഒന്നാംപ്രതിയും തന്ത്രിയെ രണ്ടാം പ്രതിയുമാക്കി കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്യുകയാണ് സിപിഎമ്മുകാര്‍. അന്ന് ഞാന്‍ തന്ത്രിയോട് പറഞ്ഞത് അറംപറ്റിയ പോലെയായി. എല്ലാം ഭഗവാന്റെ നിശ്ചയമാണ്. ഞാനും തന്ത്രിയും കോടതിയലക്ഷ്യത്തിന് പ്രതിയാക്കപ്പെടുമ്പോള്‍ അദേഹത്തിന്റെ ആത്മവിശ്വാസം ഒന്നുകൂടി ഉയര്‍ന്നിരിക്കുന്നു എന്നതാണ് വസ്തുത എന്നുമാണ് ശ്രീധരന്‍ പിളള പറഞ്ഞു.

Related Articles