സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. കെ റെയിലില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച.
ചീഫ് സെക്രട്ടറിക്കും ജോണ്‍ ബ്രിട്ടാസ് എംപിക്കും ഒപ്പമാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാനെത്തിയത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി തിരികെ കേരള ഹൗസിലെത്തി. അദ്ദേഹം വൈകിട്ട് നാലിന് മാധ്യമങ്ങളെ കാണും.
കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനു മുന്‍പിലുള്ള വിശദ പദ്ധതി റിപ്പോര്‍ട്ടിന് (ഡിപിആര്‍) എത്രയും വേഗം അംഗീകാരം ലഭ്യമാക്കണമെന്നു മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രിയും റെയില്‍വേ മന്ത്രിയും ചര്‍ച്ച നടത്തി.
അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ച കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരെ തല്ലിച്ചതച്ച ദില്ലി പൊലീസ് നടപടി എംപിമാര്‍ ലോക്‌സഭയില്‍ ഉയര്‍ത്തി. വിഷയത്തില്‍ ഗൗരവമായ ഇടപെടല്‍ നടത്തണമെന്ന് എംപിമാര്‍ ലോക് സഭയില്‍ ആവശ്യപ്പെട്ടു. സംഭവിച്ചത് എന്താണെന്ന് എഴുതി നല്‍കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. എംപി മാര്‍ സ്പീക്കറെ ചേംമ്പറില്‍ നേരിട്ട് കണ്ടും വിഷയം അവതരിപ്പിക്കും.




