Section

malabari-logo-mobile

മുറിവേറ്റ മനുഷ്യര്‍ക്ക് അഭയമാവാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ നാമത്രമേല്‍ തോറ്റ/ ക്രൂരമായ ജനതയാണ്?

HIGHLIGHTS : പതിവുപോലെ പറശ്ശിനിക്കടവിലേ പീഡനവാര്‍ത്തയെ തുടര്‍ന്നും കൗമാരക്കാരുടെ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് ഉപയോഗത്തിനെതിരെ അവരെ രക്ഷിതാക്കളും അദ്ധ്യാപകരും നിയന്ത...

പതിവുപോലെ പറശ്ശിനിക്കടവിലേ പീഡനവാര്‍ത്തയെ തുടര്‍ന്നും കൗമാരക്കാരുടെ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് ഉപയോഗത്തിനെതിരെ അവരെ രക്ഷിതാക്കളും അദ്ധ്യാപകരും നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്ന ഉപദേശങ്ങള്‍ പ്രചരിച്ചു തുടങ്ങി. ആണ്‍ പെണ്‍ സൗഹൃദങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തുന്ന വിദ്യാലയങ്ങളിലെ കുറുവടിസേനകള്‍ക്കും മത സദാചാര സി സി ടീവികള്‍ക്കും ചൂണ്ടിക്കാണിക്കാന്‍ ഒരു ഉദാഹരണം കൂടിയാവും ഈ സംഭവം. കുറ്റബോധത്തിന്റെ എരിയുന്ന ഉമിത്തീ സ്വന്തം കൈ പൊള്ളിക്കാതിരുന്നാല്‍ മതിയല്ലോ എല്ലാവര്‍ക്കും. അവനവന്റെ ഭാഗം സേഫ് ആക്കാനുള്ള തത്രപ്പാടാണല്ലോ നമ്മുടെ താത്വികാവലോകനങ്ങള്‍.

സോഷ്യല്‍ മീഡിയയുടെ അമിതോപയോഗം കുട്ടികളെ ബാധിക്കുന്നില്ല എന്നല്ല, അത് കുഞ്ഞുങ്ങളെക്കാള്‍ മുതിര്‍ന്നവരെ ബാധിക്കുന്നുണ്ട്. ഒരു സാങ്കേതിക വിദ്യയുടെയും വികാസത്തെ യാഥാസ്ഥിതികത്വത്തിന്റെ പാഴ്മുറം കൊണ്ട് തടയാനാവില്ല.

sameeksha-malabarinews

ഓര്‍ക്കണം,
സ്വന്തം അച്ഛന്‍ അറസ്റ്റ് ചെയ്യപ്പെട്ട ഒരു കേസിലെ ഇരയെയാണ് നിങ്ങള്‍ വാട്‌സ്ആപ്പ് ഭ്രമത്തിന്റെയും ഫേസ്ബുക്ക് ജ്വരത്തിന്റെയും ഇരയാക്കി ചിത്രീകരിക്കുന്നത്. അത്തരമൊരു ദുരനുഭവം സ്വന്തം അമ്മയോട് പോലും പങ്കുവയ്ക്കാന്‍ കഴിയാത്ത നമ്മുടെ കുടംബങ്ങള്‍, തോളില്‍ തല ചായ്ച്ചു പൊട്ടിക്കരയാന്‍ ഒരു ടീച്ചര്‍ ഇല്ലാത്ത അവളുടെ വിദ്യാലയം. ഞാന്‍ അതിനെകുറിച്ചൊക്കെയാണ് ആലോചിച്ചത്. ആരെയും കുറ്റം പറയുകയല്ല. ഞാന്‍ എന്നെക്കുറിച്ച് തന്നെയാണ് ആലോചിച്ചത്.

അച്ഛനാണ്…..
അധ്യാപകനാണ് …….
ഞാന്‍ എന്നോട് തന്നെ ചോദിക്കുന്നു.

നാളെ എന്റെ കുഞ്ഞിന് ഒരു പ്രണയം ആരോടെങ്കിലും തോന്നിയാല്‍, ഏതെങ്കിലും ഒരു തീരുമാനമെടുക്കാന്‍ പ്രയാസം നേരിട്ടാല്‍ ആദ്യം പങ്കുവയ്ക്കാന്‍ കഴിയുന്ന സുഹൃത്താവാന്‍ സാധിക്കുമോ ?

ഒരധ്യാപകനെന്ന നിലയില്‍ എന്റെ ക്ലാസ്സ് മുറിയില്‍ ഇരിക്കുന്ന കുഞ്ഞുങ്ങളില്‍ എത്ര പേരുടെ നോവുന്ന നേരുകള്‍ ഞാന്‍ തൊട്ടറിയുന്നുണ്ട് ? അതിനുതകുന്ന എന്തു ബോദ്ധ്യവും ബോധനിലവാരവും ഉണ്ടെന്ന് പരിശോധിച്ചിട്ടാണ് എന്നെ ഈ തൊഴിലിനു തെരെഞ്ഞെടുത്തത് ? അതിനു സഹായിക്കുന്ന എന്ത് സൗകര്യങ്ങളും സംവിധാനവുമാണ് എന്റെ സ്‌കൂളില്‍ ഉള്ളത് ?

കാല്പനികവല്‍ക്കരണമല്ല, ശരിക്കും ആത്മനിന്ദ തോന്നുന്നുണ്ട്. അവനവന്റെ ഒരു മുറം വച്ചു ഫേസ്ബുക്കിന്റെ അരമുറം ചേറാന്‍ തോന്നുന്നില്ല. ക്ഷമിക്കണം

പതിനാറു വയസ്സുള്ള കുട്ടിയാണ്…
പിറന്നു വീണന്ന് വിശ്വാസത്തോടെ ഏല്പിച്ച അച്ഛന്റെ കയ്യാണാദ്യം അവളില്‍ പതിഞ്ഞത് . തകര്‍ന്നു പോയ വിശ്വാസങ്ങള്‍ക്കും ഏറ്റുവാങ്ങിയ മുറിവുകള്‍ക്കുമിടയില്‍ ആ മനസ്സനുഭവിച്ചു തീര്‍ത്തതെന്തായിരിക്കും ?

വീടൊരഭയമല്ലാതാവുകയും സ്‌നേഹരഹിതമാവുകയും ചെയ്യുന്ന കുഞ്ഞുങ്ങളോളം നിര്‍ഭാഗ്യമുള്ളവരല്ല വീടില്ലാത്ത കുഞ്ഞുങ്ങളെന്നെനിക്കു തോന്നുന്നു . വീട്ടിനകത്ത് ബോധമില്ലാത്ത പ്രായത്തില്‍ ബലാല്‍ക്കാരത്തിനിരയാവുന്ന കുട്ടികള്‍ വീണ്ടും വീണ്ടും ഇരകളായിത്തീരാനുള്ള സാദ്ധ്യത പെരുകുമത്രേ . മന:ശാസ്ത്രവും സാമൂഹ്യ പഠനങ്ങളും അങ്ങനെ പറയുന്നു .

വീട്ടില്‍ ലഭിക്കാത്ത സ്‌നേഹവും വീടേല്പിച്ച മുറിവുകള്‍ക്ക് കരുണയും തേടിയാവും ആ കുഞ്ഞ് തന്റെ സമപ്രായക്കാരനോ ,അല്പം മുതിര്‍ന്നവനോ ആയ ഒരു കൗമാരക്കാരന്റെ തോളില്‍ തല ചായ്ച്ചിട്ടുണ്ടാവുക .. അവനാണ് , ഈ കൂട്ട ബലാല്‍ക്കാരത്തിലേക്ക് അവളെ നയിച്ചത് ..

ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചങ്ങാത്തം കൂടി വിശ്വാസവും സ്‌നേഹവുമാര്‍ജ്ജിച്ചു കാണാന്‍ ക്ഷണിച്ചു കെണിയില്‍പെടുത്തി ആ ഗാങ്ങിനു പങ്കുവച്ചു കൊടുക്കുകയായിരുന്നത്രെ. ബലാല്‍ക്കാര ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി, അവ കാണിച്ചു ആ പെണ്‍കുട്ടിയുടെ സഹോദരനോട് കാശും ആവശ്യപ്പെട്ടു ഈ സംഘം എന്നാണ് വാര്‍ത്ത.
ചോരയുറഞ്ഞു പോവുന്ന ക്രൗര്യം. ഒരു നിമിഷത്തിന്റെ ചാപല്യമോ, വൈകാരിക ഭ്രംശമോ അല്ല, ആളെ ടാര്‍ഗെറ്റ് ചെയ്തു തിരക്കഥ തയ്യാറാക്കി, ഒരു മനസാക്ഷിക്കുത്തുമില്ലാതെ, കയ്യറപ്പില്ലാതെ കൊടുംപാതകങ്ങള്‍ നിര്‍വ്വഹിക്കുന്ന പ്രൊഫഷണല്‍ ക്രിമിനലുകള്‍.

നമ്മുടെ കൗമാരങ്ങള്‍ക്ക് ,യൗവ്വനത്തിന് എന്താണ് പറ്റിയത് ?ആര്‍ദ്രതയുടെ ,സ്‌നേഹത്തിന്റെ ,വിപ്ലവ പ്രതീക്ഷകളുടെ ,ചുവരെഴുത്തുകളും കൊടിതോരണങ്ങളും നിറഞ്ഞ ,ചതിത്തീയില്‍ വെന്തെരിഞ്ഞ നാട്ടുമനുഷ്യര്‍ തെയ്യക്കരുവായ് ചുവന്നുയര്‍ന്ന ,ആദിമുത്തപ്പന്റെ കരുതലും കരുണയും പുഴയായൊഴുകുന്ന ദേശപ്പെരുമയുടെ തെരുവിലാണവള്‍ നില്‍ക്കുന്നത് .

മുറിവേറ്റ മനുഷ്യര്‍ക്ക് അഭയമാവാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ നാമെത്രമേല്‍ തോറ്റ / ക്രൂരമായ ജനതയാണ് ?

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!