Section

malabari-logo-mobile

ഷിഗല്ല മലപ്പുറത്തുമെന്ന് സൂചന;ഭക്ഷണ പാനീയങ്ങള്‍ വില്‍ക്കുന്നിടത്തും നിര്‍മിക്കുന്നിടത്തും പരിശോധന ശക്തമാക്കുന്നു

HIGHLIGHTS : Shigella: Defense operations intensified in Malappuram district

മലപ്പുറം:ജില്ലയില്‍ ഷിഗല്ല മരണം സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലാതല ദ്രുത പ്രതികരണ സംഘം  പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായി   ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക. അറിയിച്ചു. ഐസ്, ഐസ്‌ക്രീം, സിപ്പ് – അപ്പ് മുതലായവ ഉണ്ടാക്കുന്നതിന്ന് ഉപയോഗിക്കുന്ന വെള്ളം ശുദ്ധവും സുരക്ഷിതവുമാണെന്ന് ഉറപ്പ് വരുത്തുന്നതിനാവശ്യമായ പരിശോധനകള്‍ നടത്തുന്നതിനായും  നിയമലംഘനങ്ങള്‍ക്കെതിരെ  നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദേശം നല്‍കിയതായി ഡി.എം.ഒ പറഞ്ഞു.

ഭക്ഷണ പാനീയങ്ങള്‍ വില്‍ക്കുന്നതും നിര്‍മിക്കുന്നതുമായ സ്ഥാപനങ്ങളില്‍ കര്‍ശനമായ പരിശോധന നടത്തുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായും  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ: കെ മുഹമ്മദ് ഇസ്മായില്‍, ടെക്‌നിക്കല്‍ അസ്സിസ്റ്റന്റ്  പി.പ്രകാശ് എന്നിവരാണ്  സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

sameeksha-malabarinews

ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം

പുത്തനത്താണിയില്‍ ഷിഗല്ല മരണം സംശയിക്കുന്ന സാഹചര്യത്തില്‍  പൊതുജനങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക. അറിയിച്ചു. വയറിളക്ക രോഗങ്ങളുടെ പ്രധാന കാരണമാണ് ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ. കൂടുതലും കുട്ടികളെയാണ് രോഗം ബാധിക്കുന്നത്. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് ഈ രോഗം പകരുന്നത് മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ്. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും.

ഷിഗല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഒന്നോ രണ്ടോദിവസങ്ങള്‍ക്ക് ശേഷമാണ് ലക്ഷണങ്ങള്‍ ഉണ്ടാകുക.  ഒരാഴ്ചയോളം സമയമെടുത്താണ്   അപകടകരമായ രീതിയില്‍ ബാക്ടീരിയ പെരുകുന്നത്. അതിനാല്‍   ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ ചികിത്സ തേടണം. വയറിളക്കം, രക്തവും പഴുപ്പും കലര്‍ന്ന മലം, അടിവയറ്റിലെ വേദന, പനി, ഛര്‍ദ്ദി, നിര്‍ജലീകരണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ ബാധിച്ചാലും ചില കുട്ടികളില്‍ ലക്ഷണങ്ങള്‍ കാണില്ല. എന്നാല്‍ അവരുടെ മലത്തിലൂടെ ബാക്ടീരിയ പുറത്ത് വരുന്നതിനാല്‍ രോഗം മറ്റുള്ളവര്‍ക്ക് പകരാനിടയാക്കും. കൃത്യ സമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ രോഗം തലച്ചോറിനെയും വൃക്കയെയും ബാധിച്ച് മരണം വരെ സംഭവിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· തിളപ്പിച്ചാറിയ വെള്ള മാത്രംകുടിക്കാനും പാകം ചെയ്യാനും   ഉപയോഗിക്കുക. പൂര്‍ണ്ണമായും വേവിച്ച ഭക്ഷണം കഴിക്കുക.
· കുടിവെള്ള സ്രോതസ്സുകള്‍ സമയാസമയങ്ങളില്‍ ക്ലോറിനേറ്റ് ചെയ്യുക.
· ആഹാരസാധനങ്ങള്‍ അടച്ചുസൂക്ഷിക്കുകയും, പഴകിയ ആഹാരം കഴിക്കാതിരിക്കുകയും ചെയ്യുക.ആഹാരസാധനങ്ങളില്‍ ഈച്ച പോലുള്ള പ്രാണികളുടെ സമ്പര്‍ക്കം ഒഴിവാക്കുക.
· കഴിയുന്നതും വീട്ടിലുണ്ടാക്കുന്ന ആഹാരസാധനങ്ങള്‍ കഴിക്കുക.
· പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക.മുട്ട പുഴുങ്ങുന്നതിന് മുമ്പ് നന്നായി കഴുകുക.
· ഭക്ഷണത്തിന് മുമ്പും മലമൂത്ര വിസര്‍ജനത്തിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
· വയറിളക്കം ഉണ്ടായാല്‍ ഉടന്‍തന്നെ ഒ.ആര്‍.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം മുതലായവ കുടിക്കുക.
· വ്യക്തി ശുചിത്വം, ആഹാര ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കുക. രോഗത്തിന് കൃത്യമായ ചികിത്സ തേടുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!