Section

malabari-logo-mobile

കെ റെയിലിനെ കുറിച്ച് പഠിക്കാതെ എതിര്‍ക്കാനാകില്ലെന്ന് ശശി തരൂര്‍

HIGHLIGHTS : Shashi Tharoor says he can't resist without learning about K Rail

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നിവേദനത്തില്‍ ഒപ്പുവെക്കാതിരുന്നതില്‍ വിശദീകരണവുമായി ശശി തരൂര്‍.

കെ റെയില്‍ പദ്ധതിക്കെതിരായ യു.ഡി.എഫ് എം.പിമാരുടെ കേന്ദ്ര റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഒപ്പിടാതിരുന്നത് പദ്ധതിയെ പിന്തുണക്കുന്നത് കൊണ്ടല്ലെന്ന് അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

കെ റെയില്‍ പദ്ധതിയെ കുറിച്ച് പഠിക്കാതെ എതിര്‍ക്കാനില്ല. പദ്ധതിയെ കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് തന്റെ വാദം.

നിവേദനത്തില്‍ ഒപ്പിടാത്തതിന് കാരണം പദ്ധതിയെ അനുകൂലിക്കുന്നത് കൊണ്ടാണെന്ന വ്യാഖ്യാനം ആരും നല്‍കേണ്ട. സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും പറഞ്ഞു.

എന്നാല്‍, തരൂരിന്റെ അഭിപ്രായത്തിനെതിരെ കോണ്‍ഗ്രസ് അണികള്‍ തന്നെ രംഗത്തെത്തി. താങ്കള്‍ക്ക് പഠിക്കണം എന്ന് പറയുമ്പോള്‍, ബാക്കി ഉള്ള എം.പിമാര്‍ ആരും പഠിക്കാതെ ഇറങ്ങിയിരിക്കുകയാണെന്നും അവരുടെ വാദങ്ങള്‍ക്ക് വ്യക്തത കുറവുണ്ടെന്നുമല്ലേ വായിച്ചെടുക്കേണ്ടത്? കെ റെയിലില്‍ എം.പിമാര്‍ ഇന്നലെ ഒറ്റ ദിവസം കൊണ്ട് തുടങ്ങിയ സമരമാണോ? പ്രതിഷേധമാണോ? എന്ന് ശശി തരൂര്‍ ഫെയ്‌സ്‌സ്ബുക്കില്‍ എഴിതിയ കുറിപ്പിന് താഴെ കമന്റായി മാഹിന്‍ അബുബക്കര്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചോദിച്ചു.

‘താങ്കള്‍ക്ക് സ്വന്തം അഭിപ്രായം ഉണ്ടാകരുത് എന്നല്ല. പക്ഷെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രോഡക്റ്റ് ആയി ഇന്ത്യന്‍ പാര്‍ലമെന്റില്‍ നില്‍ക്കുമ്പോള്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എം.പി എന്ന് രേഖകളില്‍ എഴുതുമ്പോള്‍ ആ രാഷ്ട്രീയ പാര്‍ട്ടിയോട് രാഷ്ട്രീയ സാഹചര്യങ്ങളില്‍ കാണിക്കേണ്ട മിനിമം മര്യാദ, മാന്യത എന്നിവ കാണിക്കുക. പാര്‍ട്ടി അഭിപ്രായങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിരെ തുടര്‍ച്ചയായി നിലപാട് എടുക്കുന്നത് കാണുമ്പോള്‍ പറയുന്നതാണ്,’ മാഹിന്‍ അബുബക്കര്‍ പറഞ്ഞു.

അതേസമയം, കെ റെയില്‍ പദ്ധതിക്കെതിരായ യു.ഡി.എഫ് എം.പിമാരുടെ നിവേദനത്തില്‍ ശശി തരൂര്‍ എം.പി ഒപ്പുവെച്ചിരുന്നില്ല. യു.ഡി.എഫ് എം.പിമാര്‍ റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തിലാണ് ശശി തരൂര്‍ എം.പി ഒപ്പുവെക്കാതിരുന്നത്.

കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ പ്രത്യക്ഷ സമരത്തിന് പ്രതിപക്ഷം തയ്യാറെടുക്കവെയാണ് ശശി തരൂര്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത്.

ശശി തരൂര്‍ ഫെയ്‌സ് ബുക്കിലെഴുതിയ വിശദീകരണ കുറിപ്പിന്റെ പൂര്‍ണരൂപം

തിരുവനന്തപുരം കാസര്‍ഗോഡ്
സെമി ഹൈ സ്പീഡ് റെയില്‍ (സില്‍വര്‍ ലൈന്‍) പദ്ധതി സംബന്ധിച്ച കേരളത്തിലെ യുഡിഎഫ് എം പി മാര്‍ ഒപ്പ് വെച്ച നിവേദനത്തില്‍ ഞാന്‍ ഒപ്പ് വെച്ചിട്ടില്ല എന്നത് പല ഊഹാപോഹങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട് എന്നത് മലയാളം വാര്‍ത്താ മാധ്യമ സുഹൃത്തുക്കള്‍ മുഖേന അറിയാന്‍ കഴിഞ്ഞു.

ഈ പദ്ധതി സംബന്ധിച്ച് കൃത്യമായി പഠിക്കേണ്ടതുണ്ടെന്നും പ്രത്യേകിച്ചും അതിന്റെ സങ്കീര്‍ണമായ വിവിധ വശങ്ങള്‍ മൂലം സംസ്ഥാനത്തിനും ജനങ്ങള്‍ക്കും എന്ത് നേട്ടം എന്ത് നഷ്ടം എന്നതിനെക്കുറിച്ചു പഠിക്കാന്‍ സമയം വേണമെന്നുമുള്ള അഭിപ്രായം ഞാന്‍ നേരത്തെ പറഞ്ഞിരുന്നു.

അതു കൊണ്ടു തന്നെ ഈ നിവേദനത്തില്‍ ഒപ്പ് വെച്ചില്ല എന്നത് കൊണ്ട് കെ റെയില്‍ പദ്ധതിക്ക് ഞാന്‍ നിലവില്‍ അനുകൂലമാണ് എന്നതല്ല അര്‍ത്ഥം. മറിച്ച് ഈ പദ്ധതിയെക്കുറിച്ച് കൃത്യമായി പഠിക്കാന്‍ സമയം വേണമെന്നാണ്.

എന്റെ സുഹൃത്തുക്കളായ എം പി മാര്‍ ഒപ്പ് വെച്ച നിവേദനത്തില്‍ നിന്ന് (ഇതിന് മുന്‍പ് ഞാന്‍ അത് കണ്ടിട്ടില്ലായിരുന്നു) വ്യക്തമാകുന്നത് ഈ പദ്ധതിയെക്കുറിച്ചുള്ള വളരെ പ്രസക്തമായ ചില ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കേണ്ടതുണ്ട് എന്നതാണ്. പ്രത്യേകിച്ചും ഇതിന്റെ സാമൂഹ്യ പ്രശ്‌നങ്ങള്‍ (തദ്ദേശവാസികളെ ബാധിക്കുന്നവ), പരിസ്ഥിതി പ്രശ്‌നങ്ങള്‍ (പ്രത്യേകിച്ചും പരിസ്ഥിതി ലോലപ്രദേശങ്ങളിലെ ആഘാതം), അത് പോലെ തന്നെ ഈ പദ്ധതി വരുത്തി വെക്കുന്ന സാമ്പത്തിക ബാധ്യത (പ്രത്യേകിച്ചും ഈ പദ്ധതിയുടെ ഫണ്ടിങ്ങ്, ഈ പദ്ധതി അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തിക ബാധ്യത, യാത്രയുടെ ചിലവ്), തുടങ്ങിയവ.

ഇതെല്ലാം കൂടുതല്‍ പഠനവും, കൂടിയാലോചനയും വേണ്ട കാര്യമായ പ്രശ്‌നങ്ങളാണ്. അത് കൊണ്ട് തന്നെ ഞാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് ഈ വിഷയം കൃത്യമായും പഠിക്കാനും, ചര്‍ച്ച ചെയ്യാനും ഒരു ഫോറം രൂപീകരിക്കേണ്ടതുണ്ട് എന്നതാണ്. പ്രസ്തുത ഫോറത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളോടൊപ്പം, സാങ്കേതികരംഗത്തും അതെ പോലെ അഡ്മിനിട്രേറ്റിവ് രംഗത്തുമുള്ള കെ റെയില്‍ പദ്ധതിയുടെ വിദഗ്ധരും, ജനപ്രതിനിധികളും, പദ്ധതി ബാധിക്കുന്നവരുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഓരോരുത്തരും ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ഒരു തുറന്ന പഠനത്തിനും കൂടിയാലോചനക്കും ചര്ച്ചക്കും വിധേയമാക്കിയ ശേഷം മാത്രമേ മുന്നോട്ട് പോകാന്‍ പാടുള്ളൂ.

അത്തരമൊരു പ്രക്രിയയിലൂടെ മാത്രമേ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ. മാത്രവുമല്ല അതിലൂടെ നമുക്ക് ഈ സങ്കീര്‍ണ്ണവും, അതേ സമയം പ്രധാനപ്പെട്ടതുമായ വികസന പദ്ധതിയുടെ കാര്യത്തില്‍ കൃത്യമായ ഒരു തീരുമാനത്തിലെത്താന്‍ കഴിയുകയും ചെയ്യും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!