Section

malabari-logo-mobile

കെ റെയില്‍ പദ്ധതിക്കെതിരായ എംപിമാരുടെ കത്തില്‍ ഒപ്പുവെക്കാതെ ശശി തരൂര്‍

HIGHLIGHTS : Shashi Tharoor not signing MPs' letter against K Rail project

ന്യൂഡല്‍ഹി: കെ റെയിലിനെതിരെ യു.ഡി.എഫ് എം.പിമാര്‍ റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ശശി തരൂര്‍ എം.പി ഒപ്പുവെച്ചില്ല. യു.ഡി.എഫിന്റെ 18 എം.പിമാരാണ് നിവേദനത്തില്‍ ഒപ്പുവെച്ചത്. പുതുച്ചേരി എം.പി വി. വൈദ്യലിംഗവും നിവേദനത്തില്‍ ഒപ്പുവെച്ചു. നിവേദനം നല്‍കിയ എം.പിമാരുമായി ബുധനാഴ്ച റെയില്‍വേ മന്ത്രി കൂടിക്കാഴ്ച നടത്തും.

കെ റയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ പ്രത്യക്ഷ സമരത്തിന് പ്രതിപക്ഷം തയ്യാറെടുക്കവെയാണ് ശശി തരൂര്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചത്. റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവുമായി യു.ഡി.എഫ് എം.പിമാര്‍ ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. കെ. റെയില്‍ നടപ്പിലാക്കരുതെന്നുള്ള ഒരു കത്തും എം.പിമാര്‍ കൈമാറി. ഈ കത്തില്‍ ശശി തരൂര്‍ ഒപ്പുവെച്ചിട്ടില്ല.

sameeksha-malabarinews

കേരളത്തില്‍ നിന്നുള്ള 18 യു.ഡി.എഫ് എം.പിമാരും പുതുച്ചേരി എം.പി വി. വൈദ്യലിംഗവുമാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. കേരളത്തിന്റെ വികസനത്തിന് കെ റയില്‍ പോലുള്ള പദ്ധതികള്‍ അനിവാര്യമെന്ന നിലപാടാണ് ശശി തരൂര്‍ നേരത്തെയേ സ്വീകരിച്ചിരുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് ശശി തരൂര്‍ കത്തില്‍ ഒപ്പുവെക്കാതിരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

കത്തുനല്‍കിയ എം.പിമാരുമായി ബുധനാഴ്ച വീണ്ടും കൂടിക്കാഴ്ച നടത്താമെന്ന് റയില്‍വെ മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. നിവേദനത്തില്‍ ഒപ്പുവെക്കാനായി എം.പിമാര്‍ തരൂരുമായി ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ കൃത്യമായ മറുപടി ലഭിച്ചില്ലെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. എന്തുകൊണ്ടാണ് തരൂര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് മറ്റ് എം.പിമാര്‍ക്കും അറിയില്ല.

റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള 185 ഹെക്ടര്‍ ഭൂമിയാണ് സില്‍വര്‍ലൈനു വേണ്ടി ഏറ്റെടുക്കേണ്ടത്. ഇത് പദ്ധതിയിലുള്ള റെയില്‍വേയുടെ വിഹിതമായാണ് കണക്കാക്കുക. 530 കിലോമീറ്ററാണ് പാതയുടെ നീളം. തിരൂര്‍ മുതല്‍ കാസര്‍കോടു വരെ 220 കിലോമീറ്റര്‍ നിര്‍ദ്ദിഷ്ട പാത നിലവിലുള്ള റെയില്‍പാതയ്ക്കു സമാന്തരമായാണ്. വീടുള്‍പ്പെടെ 9314 കെട്ടിടങ്ങളെ പദ്ധതി ബാധിക്കും. പദ്ധതിക്ക് ഏകദേശം 66,000 കോടി രൂപ ചെലവു വരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!