റിപ്പോര്‍ട്ട്:മോഹന്‍ ചാലിയം
മണ്ണൂർ:ശിവരാത്രി ആഘോഷങ്ങൾക്കു മുന്നോടിയായാണ് കെ.ടി. ഷരീഫയെന്ന ചിത്രകലാ അദ്ധ്യാപിക മണ്ണൂർ ശിവ ക്ഷേത്ര മതിലിൽ ദേവീ ദേവൻമാരുടെ ചിത്രങ്ങൾ വരച്ച് വിസ്മയം തീർക്കുന്നത്. ക്ഷേത്രം ഭാരവാഹികളുടെ ക്ഷണം ഏറെ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു ഷരീഫ ടീച്ചർ.
ബി.ആർ.സിക്കു കീഴിൽ ഫറോക്ക് ഗവൺമെൻ്റ് ഗണപത് യു.പി.സ്കൂൾ,
ഫറോക്ക് ഗവൺമെൻ്റ് മാപ്പിള യു.പി.സ്ക്കൂൾ എന്നിവിടങ്ങളിൽ ചിത്രകലാ അദ്ധ്യാപികയായി ജോലി ചെയ്തു വരികയാണ് ഷരീഫ ടീച്ചർ.
ഷരീഫ ടീച്ചർക്കൊപ്പം ചിത്രരചനക്കായി പ്രിയ ശിഷ്യരായ കാവ്യ ആനന്ദ്, അളകനന്ദ, പവിത്ര, ആദികേശ്, അമൻ രാജ്, ഷിബിൻ ഷാജി, ആതിര സുജിൻ തുടങ്ങിയവരും, സുഹൃത്തും കേരള ചിത്ര രചന പരിഷത്ത് മലപ്പുറം ജില്ലവൈസ് പ്രസിഡണ്ടുമായ ശശി ലിയോയുമുണ്ട്.
ചുമരിൽ സിമൻ്റ് പ്രൈമർ പൂശിയ ശേഷം അക്രിലിക്ക് പെയിൻ്റ് ഉപയോഗിച്ചാണ് ചിത്രരചന. കൊച്ചി ബിനാലയിലടക്കം ബ്രഷും പെയിൻ്റും കൊണ്ട് വിസ്മയം തീർക്കുന്ന ഷരീഫ ടീച്ചർ നിരവധി വേദികളിൽ ചിത്രകലാ വൈഭവം തെളിയിച്ചിട്ടുണ്ട്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ്, നാഷണൽ ബുക്ക് ഓഫ് റെക്കോഡ് തുടങ്ങിയവ ഷരീഫ ടീച്ചർ ചിത്ര രചനയിലൂടെ നേടിയിട്ടുണ്ട്.
ഭർത്താവ് എൻ.പി. കുഞ്ഞുമുഹമ്മദും കുടുംബവും നൽകുന്ന പിന്തുണയാണ് ചിത്ര രചനയിലെ തൻ്റെ കരുത്തെന്ന് ഷരീഫ പറഞ്ഞു.
ക്ഷേത്ര ചുവരിൽ ദേവീ ദേവൻമാരുടെ ചിത്രം വരക്കാൻ തന്നെ ക്ഷണിച്ച ഭാരവാഹികളോടുള്ള നന്ദിയും സ്നേഹവും ഏറെയുണ്ടെന്നും ടീച്ചർ പറഞ്ഞു. ശിവരാത്രിക്കു മുമ്പ് ചിത്രരചന പൂർത്തിയാക്കാനായി മുഴുവൻ സമയവും ടീച്ചറും സംഘവും ക്ഷേത്ര പരിസരത്തുണ്ട്.
നൂറ്റാണ്ടുകളുടെ പഴക്കുള്ള ക്ഷേത്രത്തിന് സംസ്ഥാന സർക്കാറിൻ്റെ പച്ചത്തുരുത്ത് അവാർഡ് കഴിഞ്ഞ വർഷം ലഭിച്ചിരുന്നു.മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ഈ ക്ഷേത്രത്തിൻ്റ മതിൽ മോടി പിടിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ രണ്ട് ലക്ഷം രൂപ അനുവദിച്ചിരുന്നു.
അതിനിടെയാണ് ഇങ്ങനെ ഒരു ആശയം ഉദിച്ചത്.
ഷെരീഫ ടീച്ചർ വരച്ച ഈ ചിത്രങ്ങളിലൂടെ ക്ഷേത്രം കൂടുതൽ അറിയപ്പെടുകയാണെന്നും ഉത്സവങ്ങളും ആഘോഷങ്ങളും എല്ലാവർക്കുമുള്ളതാണെന്നെ വലിയൊരു സന്ദേശവുമാണ് നൽകുന്നതെന്നും ട്രസ്റ്റി ബോർഡ് മെമ്പർ ദിനേഷ് ബാബു പറഞ്ഞു.
പ്രദീപ് പൂക്കാട് ട്രസ്റ്റി ബോർഡ് ചെയർമാനും ദിനേശ് ബാബു, പി.സുനിൽകുമാർ എന്നിവർ ട്രസ്റ്റി ബോർഡ് അംഗങ്ങളുമായ കമ്മറ്റിക്കാണ് ക്ഷേത്ര ഭരണ ചുമതല.
പ്രസിഡണ്ട് പനക്കൽ വിശ്വനാഥൻ്റെ നേതൃത്ത്വത്തിൽ ക്ഷേത്ര സംരക്ഷണസമിതിയും എ.പി. വസുമതിയുടെ നേതൃത്ത്വത്തിൽ മാതൃ സമിതിയും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
ശിവലിംഗവും, താണ്ഡവമാടുന്ന ശിവ ഭഗവാനും പാർവ്വതിയുടെയും ഗണപതിയുടെയുമൊക്കെ മനോഹര ചിത്രങ്ങളും ഷരീഫ ടീച്ചറുടെ ബ്രഷിൽ നിന്നും ക്ഷേത്ര മതിലിൽ തെളിയുമ്പോൾ മത മൈത്രിയുടെ പുതിയ സന്ദേശം നൽകുകയാണ് മണ്ണൂർ ശിവക്ഷേത്രം കമ്മറ്റിയും ഒപ്പം ഷരീഫ ടീച്ചറും നമ്മുടെ സമൂഹത്തിന്.
ഈ വർഷത്തെ മഹാ ശിവരാത്രി ആഘോഷങ്ങൾക്കായി മണ്ണൂർ ശിവ ക്ഷേതത്തിലെത്തുന്ന ഭക്തർക്ക്, ഭക്തിയുടെ നിറക്കാഴ്ചയും ഒപ്പം മാനവിക മൈത്രിയുടെ സ്നേഹ സന്ദേശവും കൂടി നൽകുകയാണ് മണ്ണൂർ ശിവക്ഷേത്ര കമ്മിറ്റിയും കെ.ടി. ഷരീഫ ടീച്ചറും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




