ബേപ്പൂര്‍ തുറമുഖം പി.പി.പി മാതൃകയില്‍ വികസിപ്പിക്കുന്ന പദ്ധതി നാടിന്റെ മുഖച്ഛായ മാറ്റുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തുറമുഖ വികസനുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതോടെ ബേപ്പൂരിന്റെയും മലബാറിന്റെയും വികസനത്തിനും നാടിന്റെ സാമ്പത്തികാഭിവൃദ്ധിക്കും വഴിയൊരുങ്ങുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതി പ്രാവര്‍ത്തികമായാല്‍ വന്‍കിട കണ്ടെയ്‌നര്‍ ചരക്കു നീക്കവും ഇതുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങളും അഭിവൃദ്ധിപ്പെടും. നിലവിലെ തൊഴിലാളികള്‍ക്ക് തൊഴിലും വരുമാനവും വര്‍ധിക്കുന്നതിനൊപ്പം കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. സര്‍ക്കാര്‍ ഇതിനകം അംഗീകരിച്ച ക്രൂസ് ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായും പോര്‍ട്ട് സിറ്റിയായും ബേപ്പൂര്‍ മാറും. പുതിയ പാലങ്ങളും റോഡുകളും വരികയും ഒരു ‘ഡിസൈന്‍ഡ് സിറ്റി’യാകുകയും ചെയ്യും. എല്ലാവരുമായും ചര്‍ച്ച ചെയ്തും നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുമാകും വികസന പദ്ധതികള്‍ നടപ്പാക്കുകയെന്നും മന്ത്രി അറിയിച്ചു.




