ഉമ്മയെ മറക്കാത്ത അവരെ ഓര്‍ക്കാന്‍ ഉമ്മയ്ക്ക് ഓരോരോ കാരണങ്ങള്‍

അബ്ദുൾ സലിം. ഈ.കെ.

അബ്ദുള്‍ സലീം ഈ.കെ എഴുതുന്നു

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ഓര്‍മ്മ നഷ്ടപ്പെട്ടവരെ ഓര്‍ക്കാനുള്ള ദിനമാണ് സെപ്റ്റംബര്‍ 21..
ലോക അല്‍ഷിമേഴ്‌സ് ദിനം…
ഒരിക്കല്‍ കൂടി അവരെ ഒന്നോര്‍ത്തെടുക്കട്ടെ…

ഉമ്മയെ മാത്രം മറക്കാത്ത അവരെ ഓര്‍ക്കാന്‍ ഉമ്മയ്ക്ക് ഓരോരോ കാരണങ്ങള്‍…
ആരും വിളിക്കാതെ തന്നെ വീട്ടിലെ ചില പ്രത്യേക ജോലികള്‍ ചെയ്യാന്‍ അവരെത്തും. മിക്കവാറുംചെയ്യേണ്ട ജോലിയൊക്കെ അവരുതന്നെ കണ്ടെത്തിയിരിക്കും.
കവുങ്ങിന്‍ പട്ട കൊണ്ടുള്ള ചൂല് നിര്‍മ്മിക്കുക ,അതിന്റെ ‘പാള’ മുറിച്ച് ഉണക്കി പിന്നീട് ഉപയോഗിക്കാന്‍ പാകത്തില്‍ കെട്ടിവെക്കുക. തെങ്ങോല തറച്ച് വലിയ ചൂട്ടുപോലെ കെട്ടി മഴക്കാലത്ത് കത്തിക്കാന്‍ സൂക്ഷിച്ച് വെക്കുക, ബാക്കി മട്ടല്‍ ചെറിയ ചീന്തുകളാക്കി വിറക്പുരയില്‍ അടുക്കി വെക്കുക. മില്ലില്‍ നിന്ന് നെല്ല് കുത്തി കൊണ്ടു വന്നാല്‍ അതിന്റെ ഉമിയില്‍ നിന്ന് ‘കുറിയ അരി’ വേര്‍തിരിച്ചെടുക്കുക.
മുറ്റ വരമ്പുകള്‍ മണ്ണിട്ട് ‘നിലംതല്ലി’ കൊണ്ട് അടിച്ച് അമര്‍ത്തി, കരി മെഴുകി ഭംഗിയാക്കുക. ഇങ്ങനെ പോകും അവരുടെ സേവനങ്ങള്‍.

മതിലും വരമ്പിലുമൊക്കെയുള്ള പുല്ല് പറിച്ച് കഴിഞ്ഞാല്‍ വീണ്ടും മുളക്കാതിരിക്കാന്‍ മരക്കമ്പുകള്‍ക്കിടയില്‍ വെക്കുന്ന വിദ്യ അവരാണ് കാട്ടിത്തന്നത്.
ഉമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഉമ്മയുടെ ‘പൊന്നും ചെങ്ങായ്ച്ചി”യാണ് ആള്‍.ഏതാണ്ട് ഉമ്മയുടെ അതേ പ്രായം. വേഷവും രൂപവും വരേ സാമ്യമുണ്ട്.
ഈ ജോലികളൊക്കെ ചെയ്യുമ്പോഴും അവര്‍ ഉമ്മയോട് നിരന്തരം സംസാരിച്ച് കൊണ്ടിരിക്കും.കേട്ടാല്‍ കണ്ണ് നിറയുന്ന കഥകളാണ് പലതും. വിശപ്പിന്റെ വിളി അറിയുന്നവയാണ് പല കഥകളും.

വീട്ടുജോലികള്‍ക്കിടയില്‍ ഉമ്മ ഒന്നോ രണ്ടോ ചോദ്യങ്ങളിലൊതുക്കും ചിലപ്പോള്‍ സംസാരം. പക്ഷേ അവര്‍ക്ക് ഒരു പകല്‍ മുഴുവന്‍ സംസാരിക്കാന്‍ അത് മതിയാവും.
അവര്‍ അവരുടെ ജീവിത കഥ നിരന്തരം പറഞ്ഞു കൊണ്ടിരിക്കും. പിന്നീട് ഞാന്‍ ശ്രദ്ധിച്ചു,ഉമ്മ അടുത്തില്ലെങ്കിലും അവര്‍ അവരുടെ കഥകള്‍ പറഞ്ഞു കൊണ്ടേയിരിക്കുന്നു എന്ന്. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഞാനും കേള്‍ക്കുന്നതാണിത്.
കൂലി നിശ്ചയിച്ചുള്ള ജോലിയൊന്നുമല്ല. അരിയോ നാളികേരമോ ഭക്ഷണമോ ഒക്കെ യാണ് പ്രതിഫലം. ചിലപ്പോ ഉമ്മ എന്തെങ്കിലുമൊക്കെ പണമായും കൊടുക്കും…
ആഴ്ചയിലൊരിക്കലെങ്കിലും വീട്ടില്‍ വരാതിരുന്നിട്ടില്ല ഒരിക്കലും.
കണ്ടില്ലെങ്കില്‍ ഉമ്മ ആളെ വിട്ട് അന്വേഷിക്കും വല്ല അസുഖവും വന്ന് കിടന്ന് പോയോഎന്ന്.

അന്ന് വീട്ടിലേക്ക് റോഡില്ല ഇടവഴിയാണ്. റോഡില്‍ നിന്ന് വീട്ടിലേക്ക് നേരെ ഇടവഴിയിലൂടെ നടന്നാല്‍ മതി. പക്ഷേ ഇടക്ക് അവര്‍ വഴി മാറിപ്പോകും.
അടുത്ത വീടുകളിലൊക്കെ കയറി ഞങ്ങളുടെ വീടന്വേഷിച്ച വിവരം അയല്‍വാസികള്‍ തമാശയായി പറയാറുണ്ടായിരുന്നു. തലേ ദിവസം അവരെ ഞങ്ങളുടെ വീട്ടില്‍ കണ്ടതാണ്. ഈ വീടുമാറിപ്പോകല്‍ എണ്ണം കൂടി വരാന്‍ തുടങ്ങി.ഇടയ്ക്ക് ഞങ്ങളുടെ ഇടവഴിതന്നെ കാണാതെ ദൂരെഎവിടെയോ പോയി കയറിയത് അറിഞ്ഞിരുന്നു.
അവരുടെ കഥകളിലെ പരസ്പര ബന്ധവും പതുക്കെ പോയിത്തുടങ്ങുകയായിരുന്നു.
അവരുടെ മക്കളും ഇത് ശ്രദ്ധിച്ച് തുടങ്ങിയിരുന്നു.
പിന്നെ ഒറ്റക്ക് പുറത്തിറങ്ങുന്നത് അവര്‍ വിലക്കി…
പക്ഷേ എന്റെ ഉമ്മയെ കാണമെന്ന് വാശി പിടിക്കുമ്പോള്‍ മക്കളാരെങ്കിലും വീട്ടിലേക്ക് കൈപിടിച്ച് കൊണ്ട് വരും. ഉമ്മയെ കണ്ടാല്‍ ഒരനുഷ്ടാനം പോലെ ആ പഴയ കഥകള്‍ അടുക്കും ചിട്ടയുമില്ലാതെ ആവര്‍ത്തിക്കും…

പിന്നെ തീരെ വയ്യാണ്ടായി. ഭക്ഷണം വായിലിട്ടാല്‍ പോലും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായി. മക്കളെ പോലും തിരിച്ചറിയാത്ത ആ അവസ്ഥയിലും എന്റെ ഉമ്മയുടെ പേര് പറയും. ഇടക്ക് എന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങി നടക്കാന്‍ നോക്കുമെന്ന് മകന്‍ വന്നു പറഞ്ഞു. വീടല്‍പ്പം ദൂരെയാണ്.
അങ്ങനെയാണ് ഞാന്‍ ഉമ്മയെയും കൂട്ടി കാണാന്‍ പോയത്.ആരെയും തിരിച്ചറിയാതെ ഭക്ഷണമിറങ്ങാതെ ഒരുതുണി ചുരുട്ടി വെച്ച പോലെയുള്ള കിടപ്പിനിടയിലും ഉമ്മയുടെ ശബ്ദം അവര്‍ തിരിച്ചറിയുന്നെന്ന് മനസ്സിലായി. വിളിച്ചപ്പോള്‍ കണ്ണ് നിറഞ്ഞൊഴുകുന്നു.
ഉമ്മയും കുറെ കരഞ്ഞു.സ്മൃതിനാശത്തിന് പിടികൊടുക്കാത്ത ഒരു ആത്മബന്ധം.
അവര്‍പിന്നീട് അധികകാലം ജീവിച്ചിരുന്നിട്ടില്ല…

വര്‍ഷങ്ങള്‍കടന്ന് പോയി അവരുടെ ഓര്‍മ്മ ദിനത്തില്‍ ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ഒരു പ്രാര്‍ത്ഥനാ ചടങ്ങുണ്ടാവും എല്ലാ വര്‍ഷവും മക്കളാരെങ്കിലും വന്ന് ഉമ്മയോട് പറയും. ഉമ്മക്കും വയ്യാണ്ടായി, പുറത്തിറങ്ങാറില്ല അധികം . എല്ലാവര്‍ഷവും ഉമ്മക്കുള്ള ഭക്ഷണം അവരുടെ മക്കള്‍ ആരെങ്കിലും വീട്ടിലെത്തിക്കും, പുറത്തു നിന്നുള്ള ഭക്ഷണങ്ങളൊന്നും ഉമ്മക്ക് ശീലമില്ല. പക്ഷേ ഒരു നിവേദ്യം പോലെ ഉമ്മയത് ചോദിച്ച് വാങ്ങിക്കഴിക്കുന്നത് കാണുമ്പോള്‍ കാലത്തിന് മായ്ക്കാനാവാത്ത ആ ഹൃദയബന്ധം കണ്ട് അറിയാതെ കണ്ണ് നിറയും..

വീടിന്റെ കോലായിലുള്ള വെടിവട്ടത്തിനൊപ്പം മാത്രമല്ല സൗഹൃദങ്ങളും സ്‌നേഹ ബന്ധങ്ങളും,വീടിന്റപിന്നാം പുറങ്ങളില്‍ ഇല്ലായ്മയുടെ കരിപുരണ്ട കണ്ണീരിന്റെ നനവ് പടര്‍ന്ന ചില ജീവിതചിത്രങ്ങളുണ്ട്, ഒരുമിച്ച് കടന്ന ദുരിതപര്‍വ്വങ്ങളാണ് ആ സൗഹൃദങ്ങള്‍ക്ക് ശക്തി പകരുന്നത്….

ഇന്ന് സെപ്തംബര്‍ 21 ലോക അല്‍ഷിമേര്‍സ് ദിനം..
ഇങ്ങനെ ഒരു ദിവസമുണ്ടെന്നറിയില്ലെങ്കിലും ഇന്ന് രാവിലെയും ഉമ്മ അവരുടെ പേര് പറയുന്നത് കേട്ടു, പുകയില്ലാ അടുപ്പില്‍ ‘ഓലക്കൊടിക്ക് ‘ പകരം പേപ്പര്‍ കത്തിച്ച് തീയിടുന്നത് കണ്ടപ്പോള്‍ ‘അവരുണ്ടായിരുന്നെങ്കില്‍ ആ ഓലമടലൊക്കെ പറമ്പില്‍ കിടക്കുമ്പോള്‍ ഇങ്ങനെ പേപ്പര്‍ കത്തിച്ച് അടുപ്പിലിടേണ്ടി വരില്ലായിരുന്നു”.
ഉമ്മയെ മാത്രം മറക്കാത്ത അവരെ ഓര്‍ക്കാന്‍ ഉമ്മയ്ക്ക് ഇങ്ങനെ ഓരോരോകാരണങ്ങള്‍.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •